ലോകത്തിനറിയാത്ത രഹസ്യ കേന്ദ്രങ്ങളില്‍ വന്‍ ആയുധശേഖരം; ഏത് യുദ്ധത്തെയും നേരിടാന്‍ അമേരിക്ക സജ്ജം; ഇറാനിലേക്ക് കരസേനയെ തല്‍കാലം അയക്കില്ലെന്ന് വൈറ്റ് ഹൗസ്; യുദ്ധസജ്ജമായി അമേരിക്ക; 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' തുടരും; ഇറാനിലെ 2000 കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം; 500 ബാലിസ്റ്റിക് മിസൈലുകളുമായി തിരിച്ചടിച്ച് ഇറാന്‍; പശ്ചിമേഷ്യ യുദ്ധഭൂമി
വാഷിംഗ്ടണ്‍ ഡിസി: ലോകത്തിന് പോലും അറിയാത്ത അതീവ രഹസ്യ കേന്ദ്രങ്ങളില്‍ അമേരിക്ക വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്നും ഏത് വലിയ യുദ്ധത്തെയും നേരിടാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ്. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്കയുടെ ആയുധശേഷിയെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രസ് സെക്രട്ടറിയുടെ ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.
ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായതിലധികം അത്യാധുനിക ആയുധങ്ങള്‍ അമേരിക്കയുടെ പക്കലുണ്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു. നിലവില്‍ ഇറാനിലെ യുദ്ധഭൂമിയിലേക്ക് അമേരിക്കന്‍ കരസേനയെ നേരിട്ട് അയക്കാന്‍ പദ്ധതിയില്ലെന്ന് കരോളിന്‍ ലീവിറ്റ് വ്യക്തമാക്കി. എങ്കിലും സാഹചര്യം മാറുന്നതിനനുസരിച്ച് കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ പ്രസിഡന്റിന്റെ മറ്റ് സൈനിക ഓപ്ഷനുകള്‍ തള്ളിക്കളയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ഭരണകൂടം യുക്രെയ്നിന് സൗജന്യമായി ആയുധങ്ങള്‍ നല്‍കിയത് അമേരിക്കയുടെ കരുത്തിനെ ബാധിച്ചിരുന്നു എന്ന വാദങ്ങളെ പുതിയ വെളിപ്പെടുത്തലിലൂടെ വൈറ്റ് ഹൗസ് പ്രതിരോധിച്ചു. രഹസ്യ കേന്ദ്രങ്ങളിലെ കരുത്ത് ഏത് സാഹചര്യത്തെയും നേരിടാന്‍ പര്യാപ്തമാണ്. തല്‍ക്കാലം മിസൈല്‍, വ്യോമാക്രമണങ്ങള്‍ക്കും നാവിക നീക്കങ്ങള്‍ക്കുമാണ് മുന്‍ഗണന. ഇറാന്‍ ഉള്‍പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഡാന്‍ കെയ്ന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആയുധ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ വേഗത്തിലാക്കാന്‍ പ്രമുഖ പ്രതിരോധ കമ്പനികളുടെ (ഉലളലിലെ ഇീിൃേമരീേൃ)െ മേധാവികളുമായി പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും വരും ദിവസങ്ങളില്‍ ആക്രമണം കൂടുതല്‍ മാരകമാകുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാനിലെ 2000-ത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇതിന് തിരിച്ചടിയായി 500 ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തോളം ഡ്രോണുകളും ഇറാന്‍ തൊടുത്തുവിട്ടതായി യുഎസ് നേവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദിയിലെ അരാംകോയുടെ റാസ് തനുറ ശുദ്ധീകരണശാലയ്ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇത് രണ്ടാം തവണയാണ് അരാംകോ ലക്ഷ്യമിടുന്നത്. നിലവില്‍ ഉല്‍പ്പാദനത്തിന് തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആക്രമണം ആഗോള എണ്ണവിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനുപുറമെ സൗദിയിലെ സിഐഎ താവളത്തിലും ഇറാന്‍ ഡ്രോണുകള്‍ പതിച്ചതായി സ്ഥിരീകരണമുണ്ട്.
യുഎഇ: ഇറാന്‍ തൊടുത്ത 129 ഡ്രോണുകളിലും 3 മിസൈലുകളിലും പെട്ട് 3 പേര്‍ മരിച്ചു. വിദേശികളടക്കം 78 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാല്‍ പ്രകൃതിവാതക ഉല്‍പ്പാദനം ഖത്തര്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ഇറാന്‍ സൈന്യത്തിനായി ചാരവൃത്തി ചെയ്തവരെ ഖത്തറില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 10 ഡ്രോണുകളും 2 ക്രൂസ് മിസൈലുകളുമാണ് ഖത്തര്‍ ലക്ഷ്യമാക്കി എത്തിയത്.
ഇന്ത്യന്‍ സമുദ്രത്തിലെ ഡീഗോ ഗാര്‍സ്യ സൈനിക താവളത്തില്‍ നിന്ന് യുഎസ് ആക്രമണം ശക്തമാക്കിയത് ഇന്ത്യയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ഇന്ത്യന്‍ സമുദ്രത്തിലെ കപ്പലുകളെ ഇറാന്‍ ലക്ഷ്യമിടുന്നത് വ്യാപാര മേഖലയെ ബാധിച്ചേക്കാം. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി ഇറാന്‍ ഉള്‍പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം.
