ഇറാന്റെ സമ്മര്‍ദ്ദതന്ത്രം തകര്‍ക്കാന്‍ ഇന്ത്യയും അമേരിക്കയും; 30 ദിവസം കൊണ്ട് പരമാവധി റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ നീക്കം; ആഗോള ഊര്‍ജ്ജ വിപണി അസ്ഥിരമാകാതിരിക്കാന്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ 'ഗ്രീന്‍ സിഗ്‌നല്‍'; ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയരാന്‍ ഇടയില്ല
വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള ഊര്‍ജ്ജ വിപണി അസ്ഥിരമാകാതിരിക്കാന്‍ ലക്ഷ്യമിട്ട്, അടുത്ത 30 ദിവസം കൊണ്ട് പരമാവധി റഷ്യന്‍ എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ. ഇതിനായി ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഒരു മാസത്തേക്ക് ഉപരോധത്തില്‍ ഇളവ് നല്‍കിക്കൊണ്ട് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രഖ്യാപനം നടത്തി. കടലിലുള്ള റഷ്യന്‍ ടാങ്കറുകളില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാനാണ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇറാന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മൂലം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് വാഷിംഗ്ടണ്‍ ഈ നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുന്നത്.
യുക്രെയ്‌നിലെ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യന്‍ എണ്ണക്കമ്പനികളായ ലുക്കോയിലിനും റോസ്‌നെഫ്റ്റിനും മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ നവംബറില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ജനുവരിയില്‍ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു. ഇത് 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. എന്നാല്‍ നിലവിലെ മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, വിതരണ ശൃംഖല തകരാതിരിക്കാന്‍ ഇന്ത്യയെ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക അനുവദിക്കുകയായിരുന്നു.
മിഡില്‍ ഈസ്റ്റിലെ ഇറാന്റെ ആക്രമണം എണ്ണ ഉല്‍പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള എണ്ണ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയത് സ്ഥിതി അതീവ ഗുരുതരമാക്കി. ഇതിനെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇന്ന് രാവിലെ ബാരലിന് 83.07 ഡോളറായി ഉയര്‍ന്നു. എണ്ണവില വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, അമേരിക്കന്‍ ഉപരോധത്തിലെ ഈ ഇളവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെടുത്തി ആഗോള ഊര്‍ജ്ജ വിപണിയെ ബന്ദിയാക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ ഈ നീക്കം ദുര്‍ബലപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇന്ത്യന്‍ സമുദ്രത്തിന് സമീപം നിലയുറപ്പിച്ചിട്ടുള്ള ഏകദേശം 95 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ ഇന്ത്യയുടെ പക്കല്‍ 25 ദിവസത്തേക്കുള്ള എണ്ണ ശേഖരം മാത്രമാണുള്ളത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടാല്‍ വരും ദിവസങ്ങളില്‍ റഷ്യന്‍ എണ്ണ തന്നെയാകും ഇന്ത്യയ്ക്ക് പ്രധാന ആശ്രയം.
