ഇറാന് ഒരു മികച്ച ഭാവി ഉണ്ടാകും എന്നും ഇറാനെ വീണ്ടും മഹത്തരമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ്; ഇറാന്റെ 'നിരുപാധിക കീഴടങ്ങല്‍' ആവശ്യപ്പെട്ട് ട്രംപ്; പദപ്രയോഗങ്ങളില്‍ ജാഗ്രത, ലക്ഷ്യം ഭരണമാറ്റമോ? നടുക്കടലില്‍ ഇറാന്‍ നാവികസേനയെ തകര്‍ത്ത് നീങ്ങുന്ന യുഎസ്-ഇസ്രായേല്‍ സഖ്യം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരും
അമേരിക്കയും ഇസ്രായേലി സൈന്യവും ആക്രമണം തുടരുന്നതിനിടെ ഇറാന്റെ നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വീകാര്യമായപുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തതിന് ശേഷം അമേരിക്കയും സഖ്യകക്ഷികളും ഇറാനെ 'സാമ്പത്തികമായി വലുതും മികച്ചതും ശക്തവുമാക്കുമെന്ന് ട്രംപ് പറഞ്ഞു. യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കാന്‍ പോകുമ്പോള്‍, ഒരു ആഴ്ച മുമ്പ് സുപ്രീം നേതാവ് അലി ഖമേനിയുടെ വധത്തിന് ശേഷം രാജ്യത്തെ ആര് നയിക്കും എന്ന കാര്യം ഇനിയും വ്യക്തമല്ല.
വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ്, സൈനിക പ്രവര്‍ത്തനങ്ങള്‍ നാല് മുതല്‍ ആറ് ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് അമേരിക്കന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നതായി പറഞ്ഞു. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് പറഞ്ഞത് ഉപാധികളില്ലാത്ത കീഴടങ്ങല്‍ ഒഴികെ ഇറാനുമായി ഒരു കരാറും ഉണ്ടാക്കില്ല എന്നാണ്. 'അതിനുശേഷം, മഹാനും സ്വീകാര്യനുമായ ഒരു നേതാവിനെ തിരഞ്ഞെടുത്തതിനുശേഷം, തങ്ങളും സഖ്യകക്ഷികളും പങ്കാളികളും ഇറാനെ നാശത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും അതുവഴി സാമ്പത്തികമായി മുമ്പെന്നത്തേക്കാളും വലുതും മികച്ചതും ശക്തവുമാക്കും എന്നാണ് ട്രംപ് വിശദീകരിക്കുന്നത്.
ഇറാന് ഒരു മികച്ച ഭാവി ഉണ്ടാകും എന്നും ഇറാനെ വീണ്ടും മഹത്തരമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ പുതിയ ഇടപെടല്‍, യുദ്ധത്തിന് ചര്‍ച്ചയിലൂടെയുള്ള ഒരു ഒത്തുതീര്‍പ്പില്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലെന്ന സൂചനയാണ് നല്‍കുന്നത്.എന്നാല്‍ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്യുന്നത് അദ്ദേഹം ഇപ്പോള്‍ ഒഴിവാക്കുകയാണ്. സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, ട്രംപ് 'ഭരണമാറ്റം' എന്ന പദം ഒഴിവാക്കിയിട്ടുണ്ട്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പോലെ നീണ്ടുനില്‍ക്കുന്ന ഒരു സംഘര്‍ഷത്തിലേക്ക് യുഎസിനെ വലിച്ചിഴയ്ക്കാന്‍ പ്രസിഡന്റ് അനുവദിക്കില്ലെന്ന് ട്രംപിന് വേണ്ടി മറ്റ് മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥര്‍ സമീപ ദിവസങ്ങളില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇറാന്റെ നാവികസേനയെ ഉന്മൂലനം ചെയ്തുകൊണ്ട് ആ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയിലാണ് തങ്ങള്‍ എന്നാണ് കരോലിന്‍ ലിവിറ്റും പറയുന്നത്. ഒരു തീവ്രവാദിയോ അമേരിക്കയ്ക്ക് മരണം ആഗ്രഹിക്കുന്ന ഒരു ഭരണകൂടമോ' ഇറാനെ നയിക്കണമെന്ന് ട്രംപ് ആഗ്രഹിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം ട്രംപ് ഗൗരവകരമായി ചര്‍ച്ച ചെയ്യുകയാണ് എന്നും ലീവിറ്റ് അറിയിച്ചു. ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ താന്‍ ഒരു പങ്കു വഹിക്കുമെന്ന് ഈ ആഴ്ച ആദ്യം ട്രംപ് യുഎസ് മാധ്യമമായ ആക്സിയോസിനോട് പറഞ്ഞിരുന്നു. റഷ്യ വളരെക്കാലമായി ഇറാന്റെ സഖ്യകക്ഷിയാണ്.
പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അയല്‍രാജ്യമായ ഉക്രെയ്‌നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ റഷ്യന്‍ സൈനികര്‍ക്ക് ഉപയോഗിക്കുന്നതിനായി ആയിരക്കണക്കിന് ഷാഹെദ് ഡ്രോണുകള്‍ ടെഹ്‌റാന്‍ മോസ്‌കോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇന്നലെ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്, ഇറാന്‍ നേതൃത്വവുമായി റഷ്യ സംഭാഷണം തുടരുകയാണെന്ന് പറഞ്ഞു.
