കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി യു കെ വിസ ഫീസ് വര്‍ദ്ധിപ്പിക്കുന്നു; സാധാരണ സ്റ്റുഡന്റ് വിസയുടെ ഫീസ് 4,277 രൂപ വര്‍ദ്ധിിക്കുമ്പോള്‍ ഗ്രാഡ്വേറ്റ് റൂട്ട് വിസയുടെ നിരക്ക് 7,171 രൂപ വര്‍ദ്ധിിക്കും; സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ഫീസിലും സന്ദര്‍ശക വിസ ഫീസിലും വര്‍ദ്ധനവുണ്ടാകും; വിദേശികളുടെ വരവ് തടയാന്‍ കൂടുതല്‍ നടപടികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍
ലണ്ടന്‍: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി വിസ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ സന്ദര്‍ശനത്തിനോ, താമസിക്കുന്നതിനോ, പഠനത്തിനോ, തൊഴിലിനോ ആയി ബ്രിട്ടനിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിസ ഫീസ് ഇനത്തില്‍ 27,930 രൂപ വരെ അധികമായി നല്‍കേണ്ടി വരും. കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഒരുപിടി പുതിയ നിയമങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. റെഫ്യൂജി സ്റ്റാറ്റസില്‍ വരുന്ന മാറ്റം, അഭയാപേക്ഷകള്‍ നിരസിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് 12,58,100 രൂപ വീതം നല്‍കി രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കല്‍, അനധികൃതമായി ജോലി ചെയ്ത് പിടിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ചെലവിലുള്ള താമസം നിഷേധിക്കുക തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമായിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, മ്യാന്മാര്‍, സുഡാന്‍ എന്നീ രാജങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നതില്‍ ഇപ്പോള്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഈ നടപടി എന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി കഴിഞ്ഞു. ഏഴ് ശതമാനം വരെ വര്‍ദ്ധിപ്പിച്ച പുതിയ വിസ നിരക്കുകള്‍ ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും.
ആറ് മാസം വരെ ഹ്രസ്വകാല സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തുന്നവര്‍ക്കുള്ള വിസ ഫീസില്‍ 1,006 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാവുക. അതേസമയം, രണ്ട് വര്‍ഷം വരെ ബ്രിട്ടനില്‍ താമസിക്കാന്‍ കഴിയുന്ന സന്ദര്‍ശക വിസകളുടെ നിരക്കില്‍ 3,900 രൂപയുടെ വര്‍ദ്ധനവുണ്ടാകും. അഞ്ച് വര്‍ഷത്തെ വിസയില്‍ 6,919 രൂപയുടെയും 10 വര്‍ഷത്തെ വിസയില്‍ 8,681 രൂപയുടെയും വര്‍ദ്ധനവായിരിക്കും ഉണ്ടാവുക. ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷയ്ക്ക് 13,084 രൂപയുടെ വര്‍ദ്ധനവായിരിക്കും ഉണ്ടാവുക.
വിദേശികള്‍ക്ക് ബ്രിട്ടനില്‍ താമസിക്കുന്നതിനും, ജോലി ചെയ്യുന്നതിനും, കുടുംബത്തോടൊപ്പം ചേരുന്നതിനും, അതുവഴി ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനും സഹായിക്കുന്ന റൂട്ട് ടു സെറ്റില്‍മെന്റ് വിസകളുടെ നിരക്കും വര്‍ദ്ധിക്കും. ഒരു സാധാരണ റൂട്ട് ടു സെറ്റില്‍മെന്റ് വിസയുടെ നിരക്ക് ഇതാദ്യമായി 2.51 ലക്ഷം രൂപയില്‍ അധികമായി വര്‍ദ്ധിക്കുകയാണ്. നിലവില്‍ 2,43,820 രൂപയുള്ള വിസയ്ക്ക് ഏപ്രില്‍ 8 മുതല്‍ 2,59,672 രൂപ ആയിരിക്കും ഫീസ്.
അതുപോലെ യു കെയില്‍ ഒരു ബന്ധുവിന്റെ മേല്‍നോട്ടത്തില്‍ ജീവിക്കുന്നവര്‍ക്കുള്ള വിസയുടെ നിരക്ക് 27,930 രൂപ വര്‍ദ്ധിച്ച് 4,57,320 രൂപയായി ഉയരും. അതേസമയം, അഭയാര്‍ത്ഥികളുടെ ആശ്രിതര്‍ക്കുള്ള റൂട്ട് ടു സെറ്റില്‍മെന്റ് വിസയുടെ ഫീസ് 3,523 രൂപ വര്‍ദ്ധിച്ച് 56,866 രൂപ ആകും. തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള മറ്റ് പല വര്‍ക്ക് വിസകളുടെ ഫീസും വര്‍ദ്ധിക്കും. ഉദാഹരണത്തിന് യു കെയുടെ പുറത്തു നിന്ന് അപേക്ഷിക്കുമ്പോള്‍ 96,748 രൂപ ഫീസ് വരുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ ഫീസ് ഏപ്രില്‍ 8 മുതല്‍ 6,290 രൂപ വര്‍ദ്ധിച്ച് 1,03,038 രൂപയായി തീരും.
ഒരു സാധാരണ സ്റ്റുഡന്റ് വിസയുടെ ഫീസ് 4,277 രൂപ വര്‍ദ്ധിച്ച് 70,202 രൂപയും ആകും. ഗ്രാഡ്വേറ്റ് റൂട്ട് വിസകളുടെ ഫീസ് 1,10,713 രൂപയില്‍ നിന്നും 1,17,884 രൂപയായും വര്‍ദ്ധിക്കും.
