ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ അടിപതറി പാക്കിസ്ഥാന്‍; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞ പാക് പ്രതിരോധമന്ത്രി നിലപാട് മാറ്റി; ഇന്ത്യ പിന്മാറിയാല്‍ തിരിച്ചടിക്കാനില്ലെന്ന് പാക്കിസ്ഥാന്‍ ഖ്വാജ ആസിഫ്; ചര്‍ച്ചക്കും സമാധാനത്തിനും തയ്യാറാണെന്ന് നിലപാട് മാറ്റം
ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ അടിപതറി പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മലക്കം മറിച്ചു. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങളില്‍ കടത്ത തിരിച്ചടി നല്‍കിയപ്പോള്‍ ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്ന പരിഹാരത്തിന് തയ്യാറാണെന്ന് ഖ്വാജ ആസിഫ് നിലപാട് മാറ്റി.
ചര്‍ച്ചയ്ക്കും സമാധാനത്തിനും തയ്യാറെന്നാണ് ക്വാജ ആസിഫ് വ്യക്തമാക്കുന്നത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി നിലപാട് വ്യക്തമാക്കിയത്. 'ഇന്ത്യയ്ക്കെതിരെ ശത്രുതാപരമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ഞങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കും. ഇന്ത്യ പിന്മാറുകയാണെങ്കില്‍ ഞങ്ങള്‍ ഉറപ്പായും സംഘര്‍ഷം ഒഴിവാക്കും', ഖ്വാജ ആസിഫ് ബ്ലൂംബെര്‍ഗ് ടിവിയോട് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ ഇതുവരെ 70 പാകിസ്താന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പതുഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈനിക നടപടി. 60-ലേറെ ഭീകരര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനിലെ ലഷ്‌കര്‍-ഇ- തൊയ്ബ, ജെയ്ഷ്-ഇ- മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ആക്രമണം നടത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു വ്യോമ- കര- നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു 'ഓപ്പറേഷന്‍ സിന്ദൂര്‍'. ജെയ്ഷ്-ഇ- മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ളാ', ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്‌കെയിലെ 'മര്‍ക്കസ് തൊയ്ബ', ജെയ്‌ഷെ കേന്ദ്രങ്ങളായ തെഹ്‌റ കലാനിലെ സര്‍ജാല്‍, കോട്‌ലിയിലെ 'മര്‍ക്കസ് അബ്ബാസ്', മുസാഫറാബാദിലെ 'സൈദുനാ ബിലാല്‍ ക്യാമ്പ്', ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ 'മര്‍ക്കസ് അഹ്ലെ ഹാദിത്', മുസാഫറാബാദിലെ 'ഷവായ് നള്ളാ ക്യാമ്പ്', ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ 'മെഹ്‌മൂന ജോയ' എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.
ഇന്ത്യയുടെ 'ഓപറേഷന്‍ സിന്ദൂര്‍' തിരിച്ചടിയുടെ ദൃശ്യങ്ങള്‍ സേന പുറത്തുവിട്ടിട്ടുണ്ട്. കേണല്‍ സോഫിയ ഖുറേഷി, വിങ്ങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരാണ് ഇന്ത്യയുടെ 'ഓപറേഷന്‍ സിന്ദൂര്‍' തിരിച്ചടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. സാറ്റലൈറ്റ് മാപ്പിങ്ങിലൂടെയും ദൃശ്യങ്ങളുടെ പുറത്തുവിട്ടാണ് ഇന്ത്യന്‍ നീക്കങ്ങള്‍ വിശദീകരിച്ചത്.
മെയ് ഏഴിന് പുലര്‍ച്ചെ 1.05 നും 1.30 നും ഇടയിലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ മറുപടി നല്‍കിയെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. 'ഭീകരവാദ താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. പാക് അധിനിവേശ കാശ്മീരിലും ഇതിനു വേണ്ടിയുള്ള നടപടികള്‍ പാകിസ്താന്‍ ചെയ്യുന്നുണ്ട്. ഈ താവളങ്ങള്‍ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചിടി നല്‍കിയത്.ജൈഷെ മുഹമ്മദിന്റെ മുസാഭ ബാദിലെ താവളം തകര്‍ത്തു..'കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭ്യമാക്കുന്നതിനാണ് ഇന്ത്യന്‍ സായുധ സേന 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചതെന്ന് വിങ്ങ് കമാന്‍ഡര്‍ വ്യോമിക സിങ് പറഞ്ഞു. 'ഒമ്പത് തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യമിടുകയും അത് നശിപ്പിക്കുകയും ചെയ്തു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും ഏതെങ്കിലും സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുമാണ് ഈ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തത്'.. വ്യോമിക സിംഗ് വിശദീകരിച്ചു
അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.'ജമ്മു കശ്മീരിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമിച്ചത്. ഭീകരവാദികള്‍ക്കുള്ള ശക്തമായ മറുപടിയാണിത്. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ച് വളര്‍ത്തുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നും മിസ്രി പറഞ്ഞു.
'ഭീകരവാദികളുടെ താവളം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ മണ്ണില്‍ നിന്ന് ആക്രമണം നടത്തിയത്.ഭീകരവാദികള്‍ക്ക് സാമ്പത്തികമായും മറ്റും സഹായം നല്‍കുന്നവര്‍ക്കും മറുപടി നല്‍കും. ഭീകരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.പഹല്‍ഗാംഭീകരക്രമണത്തില്‍ പാക് ബന്ധം വ്യക്തമായി.ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ഭീകരവാദികളുടെ സുരക്ഷിത താവളമായി പാകിസ്താന്‍ മാറി. പഹല്‍ഗാം ആക്രമത്തെ കുറിച്ച് ഒരു വാര്‍ത്താക്കുറിപ്പ് മാത്രമാണ് പാകിസ്താന്‍ പുറത്തിറക്കിയത്..'വിദേശകാര്യ സെക്രട്ടറി പറഞ്ഞു.