പാക്കിസ്ഥാനില്‍ ആണവ ബട്ടന്റെ നിയന്ത്രണം മതഭ്രാന്തന്റെ കയ്യില്‍; ഭാവിയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സ് എണ്ണ ശുദ്ധീകരണ ശാല തകര്‍ക്കുമെന്ന് മുകേഷ് അംബാനിയുടെ പേരെടുത്ത് പറഞ്ഞ് അസിം മുനീര്‍; ആണവയുദ്ധത്തിനും മടിക്കില്ല; പാക്കിസ്ഥാനില്‍ സൈന്യം ജനകീയ ഭരണം അട്ടിമറിച്ചെന്ന വിലയിരുത്തല്‍ ശക്തമാകുന്നു
പാക്കിസ്ഥാനില്‍ ആണവ ബട്ടന്റെ നിയന്ത്രണം മതഭ്രാന്തന്റെ കയ്യില്‍
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് അപകടകരമായ സാഹചര്യമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആണവയുദ്ധത്തിനും മടിക്കില്ല, ഭാവിയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സ് എണ്ണ ശുദ്ധീകരണ ശാല തകര്‍ക്കും തുടങ്ങിയ ഭീഷണികളുമായി പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ രംഗത്തെത്തിയതോടെയാണ് ഈ അപകടം മുന്നില്‍ കാണുന്നത്.
ആണവ ബട്ടന്റെ നിയന്ത്രണം, മതഭ്രാന്തന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ സൈന്യത്തിനാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി നിയന്ത്രണം കൈയാളുകയാണ് പാക് സൈന്യം. ഭരണത്തില്‍ പാലിക്കേണ്ട സന്തുലനത്തിന്റെ ആശയങ്ങളെല്ലാം കാറ്റില്‍ പറത്തി സാഹചര്യം അപ്രവചനീയമായിരിക്കുന്നു ഗൗരി, ഷഹീന്‍, ഗസ്‌നവി തുടങ്ങിയ മിസൈലുകള്‍ക്കൊപ്പം 130 ആണവ പോര്‍മുനകള്‍ ഇന്ത്യക്ക് വേണ്ടി മാത്രമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഒരു പാക് മന്ത്രി പ്രസ്താവിച്ചത് കൂടി കണക്കിലെടുക്കുമ്പോള്‍, അയല്‍ക്കാര്‍ എത്രത്തോളം അപകടകാരികളാണെന്ന് തിരിച്ചറിയണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
അസിം മുനീറിന്റെ പരസ്യഭീഷണി
ഇന്ത്യയുമായി ഭാവിയില്‍ ഒരു സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്റെ ജാംനഗറിലെ എണ്ണശുദ്ധീകരണശാല ആക്രമിച്ച് തകര്‍ക്കുമെന്നതടക്കം കടുത്ത ഭീഷണികളാണ് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ഉയര്‍ത്തിയത്. ുഎസ് സന്ദര്‍ശനത്തിനിടെയാണ് പാക് സൈനിക മേധാവി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഫ്‌ലോറിഡയിലെ ടാമ്പയില്‍ പാകിസ്ഥാനി-അമേരിക്കന്‍ പൗരന്മാര്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കവെയാണ് അസിം മുനീര്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ പേരെടുത്തുപറഞ്ഞ് ഭീഷണി മുഴക്കിയത്. 'ഇനി ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലുണ്ടായാല്‍, പാകിസ്ഥാന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഞാന്‍ അനുമതി നല്‍കിയിട്ടുണ്ട്,' എന്ന് മുനീര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനൊപ്പം ആണവയുദ്ധ ഭീഷണിയും അദ്ദേഹം ഉയര്‍ത്തി. പാകിസ്ഥാന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ ഇന്ത്യയെ ഒരു ആണവയുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 'ഞങ്ങളൊരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍ ലോകത്തിന്റെ പകുതിയെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും,' എന്ന് ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്‌നാന്‍ അസദ് സംഘടിപ്പിച്ച വിരുന്നില്‍ അദ്ദേഹം പറഞ്ഞു.
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ടും അസിം മുനീര്‍ ഭീഷണി മുഴക്കി. സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് നിര്‍മിച്ചാല്‍, നിര്‍മാണം പൂര്‍ത്തിയാകുന്ന നിമിഷം മിസൈല്‍ ഉപയോഗിച്ച് അത് തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അത് നിര്‍മിച്ചു കഴിയുമ്പോള്‍ പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് ഒരു കുറവുമില്ല,' എന്നും അസിം മുനീര്‍ കൂട്ടിച്ചേര്‍ത്തു.
യുഎസുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളെപ്പോലും ലക്ഷ്യമിടുമെന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവനകള്‍ പുറത്തുവരുന്നത്.