ഗാസയിലേക്ക് അമേരിക്കന്‍ സൈനികരെ അയയ്ക്കാന്‍ ട്രംപിന് മടി; പകരം ഇരുപതിനായിരം പാക്കിസ്ഥാന്‍ സൈനികരെ വിന്യസിക്കും; അസിം മുനീറും സിഐഎ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ തീരുമാനം; സൈനിക സേവനത്തിന് പകരം പാക്കിസ്ഥാന് സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് ഓഫര്‍

ഗാസയിലേക്ക് അമേരിക്കന്‍ സൈനികരെ അയയ്ക്കാന്‍ ട്രംപിന് മടി

Update: 2025-10-29 04:10 GMT

ഇസ്ലാമാബാദ്: ഗാസയിലേക്ക് യുഎസ് സൈനികരെ അയക്കാന്‍ മടിച്ച പാക്കിസ്ഥാന്‍ സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാനാണ് പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഉന്നതോദ്യഗസ്ഥരുമായും യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഉദ്യോഗസ്ഥരുമായും പാക് സൈനിക മേധാവി അസിം മുനീര്‍ ഈജിപ്തില്‍ ഈ മാസം തുടക്കത്തില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിലേക്ക് പാക്കിസ്താന്‍ കടന്നതെന്ന് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധാനന്തര ഗാസയിലെ പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത പാക്കിസ്താന്‍, ഇസ്രയേലുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ പരോക്ഷ ഇടപെടലാണ് ഈ ദൗത്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുനരധിവാസത്തിന്റെയും പുനര്‍ നിര്‍മാണത്തിന്റേയും മറവില്‍ ഗാസയില്‍ പാക് സൈനിക സാന്നിധ്യമുണ്ടാക്കുകയാണ് ലക്ഷ്യം. ഗാസയില്‍ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മചെയ്യുകയും പാശ്ചാത്യരാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാന്റെ ഈ നീക്കം ആഭ്യന്തരമായി അവര്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്നാ് സൂചന.

ഇസ്രയേല്‍-ഗാസ യുദ്ധം ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചിരുന്നു. വെടിനിര്‍ത്തല്‍ ഉടമ്പടി ഇരു ഭാഗവും അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് ബന്ദികളെ പരസ്പരം കൈമാറുകയും ചെയ്തിരുന്നു. യുദ്ധാനന്തര ഗാസയിലെ പുനര്‍നിര്‍മ്മാണവും പുനരധിവാസവും കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. കരാര്‍ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിര്‍വ്വഹണത്തിനായി പരിഗണിക്കപ്പെടുന്ന ഇന്തോനേഷ്യ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നായിരിക്കും പാക്കിസ്താന്റെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ധാരണയിലെ നിബന്ധനപ്രകാരം, ഇസ്രയേലിനും ഗാസയ്ക്കുമിടയില്‍ പാക് സേന ബഫര്‍ ഫോഴ്‌സ് (സംരക്ഷണ സംവിധാനം) ആയാണ് പ്രവര്‍ത്തിക്കുക. പുനര്‍നിര്‍മ്മാണത്തിന് സൗകര്യമൊരുക്കുന്നതിനൊപ്പം ഭരണനിര്‍വഹണത്തിന് സുരക്ഷാകവചമായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പകരമായി പാകിസ്താന് വലിയ സാമ്പത്തിക പാക്കേജുകള്‍ ലഭിക്കും. ലോക ബാങ്ക് വായ്പാ ഇളവ്, തിരിച്ചടവിന് കൂടുതല്‍ ഗഡുക്കള്‍ തുടങ്ങിയവയടക്കം പലതരം സാമ്പത്തിക സഹായങ്ങള്‍ പാകിസ്താന് ഇസ്രയേലും അമേരിക്കയും വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസയില്‍ പാക് സൈന്യത്തെ വിന്യസിക്കുന്നതിനെ തുര്‍ക്കി, ഖത്തര്‍, ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തേക്കുമെന്നും സൂചനയുണ്ട്. അമേരിക്കയുടേയും ഇസ്രയേലിന്റെയും താല്‍പര്യം നിറവേറ്റുന്നതിനുള്ള നീക്കമായാണ് ഈ രാജ്യങ്ങള്‍ ഇതിനെ കാണുന്നത്. അമേരിക്കയും ഇസ്രയേലും പാകിസ്താന്‍ സൈന്യത്തെ ഗാസയില്‍ ഉപകരണമായി ഉപയോഗിക്കുകയാണെന്നും സാമ്പത്തികമായി അരക്ഷിതാവസ്ഥയിലുള്ള പാകിസ്താന് ഇത് അതിജീവനത്തിന്റെ വിലപേശലാണെന്നും വിലയിരുത്തപ്പെടുന്നു.

Tags:    

Similar News