പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്താഴ്ച സൗദി അറേബ്യയിലേക്ക്; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം ഹജ്ജ് ക്വാട്ട കുറച്ചതിലും ചര്‍ച്ച; ഇന്ത്യന്‍ തൊഴിലാളികളുള്ള ഫാക്ടറിയും മോദി സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്താഴ്ച സൗദി അറേബ്യ സന്ദര്‍ശിക്കും

Update: 2025-04-19 16:28 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്താഴ്ച സൗദി അറേബ്യ സന്ദര്‍ശിക്കും, സൗദി രാജാവിന്റെയും, സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. മൂന്നാം വട്ടം അധികാരത്തിലേറിയ മോദിയുടെ സൗദിയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. ഏപ്രില്‍ 22 മുതല്‍ 23 വരെയാണ് പ്രധാനമന്ത്രി സൗദിയില്‍ ഉണ്ടാവുക. നേരത്തെ, 2016ലും, 2019 ലും മോദി സൗദി സന്ദര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനിടെ ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലും ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി പതിനായിരം പേര്‍ക്ക് മാത്രമേ ഇപ്പോള്‍ അനുമതിയുള്ളുവെന്നും ഇതുയര്‍ത്താന്‍ ശ്രമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച സൗദിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ തൊഴിലാളികളുള്ള ഒരു ഫാക്ടറിയും സന്ദര്‍ശിക്കും.

ഇന്ത്യയ്ക്ക് സൗദി അറബ്യ ഇത്തവണ അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ട 1,75,000 ആണ്. ഇതില്‍ സര്‍ക്കാര്‍ ക്വാട്ട വഴി പോകുന്ന 1,22,000 പേരുടെ യാത്രയ്ക്ക് നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 52,000 പേരെ കൊണ്ടു പോകാന്‍ അനുമതി ഉണ്ടായിരുന്നെങ്കിലും സൗദിയിലെ സൗകര്യങ്ങള്‍ ബുക്ക് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇത് റദ്ദാകുകയായിരുന്നു.

സൗദിയുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷം ഇതില്‍ 10,000 പേര്‍ക്ക് അനുമതിയായി. പതിനായിരം പേരെ കൂടി അനുവദിക്കുന്നത് ചര്‍ച്ചയിലെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. ഹജ്ജ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാല്‍ ഇക്കാര്യത്തിലെ ചര്‍ച്ച പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി 10,000 പേരെ അനുവദിക്കാമെന്നും സൗദി നിലവില്‍ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

പ്രതിരോധ ഊര്‍ജ്ജ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ സന്ദര്‍ശന വേളയില്‍ നടക്കും.

Tags:    

Similar News