ലിയോ മാര്‍പാപ്പയ്ക്ക് ലെബനാനില്‍ ഉജ്ജ്വല വരവേല്‍പ്പ്; ക്രിസ്ത്യന്‍-മുസ്‌ലിം നേതാക്കള്‍ക്കൊപ്പം ഒലീവ് മരത്തൈ നട്ടു; ലെബനാനിലെ ജനങ്ങള്‍ വ്യത്യസ്ത മതങ്ങളെ സ്വീകരിക്കുമ്പോള്‍ തന്നെ ഐക്യം, അനുരഞ്ജനം, സമാധാനം എന്നിവ സാധ്യമാണെന്ന് പോപ്പ്
ലിയോ മാര്‍പാപ്പയ്ക്ക് ലെബനാനില്‍ ഉജ്ജ്വല വരവേല്‍പ്പ്
ബെയ്‌റൂത്ത്: ലെബനന്‍ സന്ദര്‍ശനത്തിന് എത്തിയ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പക്ക് ഉജ്ജ്വല സ്വീകരണം. ലെബനാന്റെ മതാന്തര സഹവര്‍ത്തിത്ത പാരമ്പര്യത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം രാജ്യത്തെ ക്രിസ്ത്യന്‍-മുസ്‌ലിം മതനേതാക്കളോടൊപ്പം സമാധാനത്തിന്റെ പ്രതീകമായ ഒലീവ് മരത്തൈ നട്ടു.
ജനക്കൂട്ടത്തില്‍ നിന്ന് ആവേശഭരിതമായ സ്വീകരണവും ആത്മീയ നേതാക്കളില്‍ നിന്ന് ഹൃദ്യമായ വരവേല്‍പ്പും ലിയോക്ക് ലഭിച്ചു. തലസ്ഥാനത്തിന് ചുറ്റുമുള്ള ഹൈവേകളില്‍ അദ്ദേഹത്തിന്റെ ചിത്രമുള്ള ബില്‍ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ മഴയെ വകവെക്കാതെ സാധാരണക്കാരായ ആയിരക്കണക്കിന് ലെബനീസുകാര്‍ അദ്ദേഹത്തിന്റെ യാത്രാവഴിയില്‍ അണിനിരന്നു. ചിലര്‍ സ്വാഗത പ്രകടനമായി അദ്ദേഹത്തിന്റെ കാറിനുമേല്‍ പുഷ്പദളങ്ങളെറിഞ്ഞു.
ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ പോപ്പായ ലിയോ, മാര്‍പ്പാപ്പ എന്ന നിലയില്‍ തന്റെ കന്നി യാത്രയിലാണ്. ആദ്യം തുര്‍ക്കിയിലേക്കും ശേഷം ലെബനാനിലേക്കും. അറബ് ലോകത്ത് മതപരമായ സഹിഷ്ണുതക്ക് സവിശേഷമായ സ്ഥാനമുള്ള ലെബനാനിലെ പുരാതന ക്രിസ്തീയ സമൂഹത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയായിരുന്നു ഇത്.
നിരവധി ക്രിസ്ത്യാനികളും മുസ്‌ലിംകളും ബഹുമാനിക്കുന്ന ലെബനീസ് വിശുദ്ധനായ സെന്റ് ചാര്‍ബല്‍ മഖ്ലൂഫിന്റെ ശവകുടീരത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടാണ് ലിയോ തന്റെ ദിവസം ആരംഭിച്ചത്. എല്ലാ വര്‍ഷവും, ലക്ഷക്കണക്കിന് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉള്‍പ്പെടുന്ന തീര്‍ത്ഥാടകര്‍ ബെയ്‌റൂത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അന്നയയിലെ കടലിനെ അഭിമുഖീകരിക്കുന്ന സെന്റ് മറൂണിന്റെ കുന്നിന്‍ മുകളിലുള്ള ആശ്രമത്തിലെ ശവകുടീരം സന്ദര്‍ശിക്കുന്നു.
ബെയ്റൂത്തിലെ മാര്‍ട്ടിയേഴ്സ് സ്‌ക്വയറില്‍ നടന്ന ഒരു സര്‍വമത സമ്മേളനമായിരുന്നു അദ്ദേഹത്തിന്റെ ദിവസത്തിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങ്. രാജ്യത്തെ ക്രിസ്ത്യന്‍ ഗോത്രപിതാക്കന്മാരും സുന്നി, ഷിയ, ഡ്രൂസ് ആത്മീയ നേതാക്കളും ഒരു കൂടാരത്തിനു കീഴില്‍ ഒത്തുകൂടി. ബൈബിളില്‍ നിന്നും ഖുര്‍ആനില്‍ നിന്നുമുള്ള സ്തുതിഗീതങ്ങളും വായനകളും കേട്ട ശേഷം ലെബനാന്റെ മതപരമായ സഹിഷ്ണുതയുടെ പാരമ്പര്യത്തെ മേഖലയിലെ 'സമാധാന ദിവ്യ ദാനത്തിന്റെ' ദീപസ്തംഭമായി ലിയോ പ്രശംസിച്ചു.
'സഹവര്‍ത്തിത്വം ഒരു വിദൂര സ്വപ്നം പോലെ തോന്നുന്ന ഒരു യുഗത്തില്‍, ലെബനാനിലെ ജനങ്ങള്‍ വ്യത്യസ്ത മതങ്ങളെ സ്വീകരിക്കുമ്പോള്‍ തന്നെ ഐക്യം, അനുരഞ്ജനം, സമാധാനം എന്നിവ സാധ്യമാണെന്നും ശക്തമായ ഓര്‍മപ്പെടുത്തലായി നിലകൊള്ളുന്നു'വെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയില്‍ ലെബനാനിനും അതിന്റെ ക്രിസ്ത്യന്‍ സമൂഹത്തിനും ഉള്ള പ്രാധാന്യം ലിയോയുടെ പരാമര്‍ശങ്ങള്‍ അടിവരയിട്ടു. പരിപാടിയുടെ അവസാനം ആത്മീയ നേതാക്കള്‍ സമാധാനത്തിന്റെ പ്രതീകമായി ഒരു ഒലിവ് തൈ നട്ടു.
ലെബനനിലെ ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ ലത്തീഫ് ഡെറിയന്‍, ലിയോയെ മതാന്തര പരിപാടിയില്‍ സ്വാഗതം ചെയ്യുകയും തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ച നല്ല ബന്ധങ്ങളെ അനുസ്മരിക്കുകയും ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയും കെയ്റോയിലെ അല്‍ അസ്ഹറിന്റെ ഗ്രാന്‍ഡ് ഇമാമുമായ ഷെയ്ഖ് അഹമ്മദ് അല്‍ തയേബും ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള 2019ലെ സംയുക്ത പ്രസ്താവനയും അദ്ദേഹം ഉദ്ധരിച്ചു.
മെഡിറ്ററേനിയന്‍ രാജ്യത്ത് ഇസ്രായേലി ആക്രമണങ്ങള്‍ വ്യാപകമാകുന്ന ആശങ്കകള്‍ക്കിടെ, ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ലെബനാനെ സഹായിക്കണമെന്ന് ഒരു ഉന്നത ലെബനാന്‍ ശിയാ പുരോഹിതനും സുപ്രീം ഇസ്‌ലാമിക് ഷിയാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി തലവനുമായ അലി അല്‍ ഖത്തീബ് ലിയോ മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചു
