യുക്രൈനുമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് പുടിന്‍; യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു; കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ദീര്‍ഘകാല സമാധാനത്തിനു വഴിതുറക്കുന്നതാകണമെന്നും റഷ്യന്‍ പ്രസിഡന്റ്; സമാധാനമുണ്ടാക്കാന്‍ ശ്രമം നടത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ചു പുടിന്‍

യുക്രൈനുമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് പുടിന്‍

Update: 2025-03-14 00:52 GMT

മോസ്‌കോ: ഒടുവില്‍ യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് അവസരം ഒരുങ്ങുന്നു. യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശം തത്ത്വത്തില്‍ അംഗീകരിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വ്യക്തമാക്കി. എന്നാല്‍, കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ദീര്‍ഘകാല സമാധാനത്തിനു വഴിതുറക്കുന്നതാകണം അതെന്നും അദ്ദേഹം പറഞ്ഞു.

മുപ്പതുദിന വെടിനിര്‍ത്തല്‍ സൈന്യത്തെ കരുത്തുറ്റതാക്കാന്‍ യുക്രൈന്‍ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്ക അദ്ദേഹം പങ്കിട്ടു. യുദ്ധത്തിനു പരിഹാരമുണ്ടാക്കാന്‍ കാര്യമായി ശ്രദ്ധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുടിന്‍ നന്ദിപറഞ്ഞു. സമാധാനമുണ്ടാക്കാന്‍ ശ്രമം നടത്തിയ ചൈന, ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയുടെ നേതാക്കള്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു.

യുഎസ് ശുപാര്‍ശകള്‍ അംഗീകരിക്കുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ യുക്രെയ്ന്‍ സമാധാനത്തിനു സാധ്യത തെളിഞ്ഞു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി തുടര്‍ചര്‍ച്ചയ്ക്ക് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയിലെത്തിയിട്ടുണ്ട്. പുട്ടിനും ട്രംപും തമ്മില്‍ ഫോണില്‍ സംസാരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

യുക്രൈനുമായുള്ള 30 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ പുടിന്‍ അംഗീകരിച്ചില്ലെങ്കില്‍ റഷ്യ ശക്തമായ പ്രത്യാഘാതം നേരിടണ്ടി വരുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് ഇത്തരമൊരു താക്കീത് നല്‍കിയത്. യുദ്ധം തുടര്‍ന്ന് പോയാല്‍ അത് ഒരു മൂന്നാം ലോകമഹായുദ്ധത്തില്‍ അവസാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമാധാന നീക്കങ്ങളിലേക്ക് റഷ്യയെ കൊണ്ട് വരാന്‍ അമേരിക്കയ്ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാമ്പത്തികമായി റഷ്യക്ക് ദോഷകരമായി മാറുന്ന പല കാര്യങ്ങളും ചെയ്യാന്‍ തനിക്ക് കഴിയുമെന്നും എന്നാല്‍ സമാധാനം പുലരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അത് കൊണ്ട് തന്നെ അത്തരത്തിലുള്ള കാര്യങ്ങളൊന്നും തന്നെ തത്ക്കാലം ചെയ്യുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. റഷ്യക്ക് വിനാശകരമായി മാറുന്ന ഒരു കാര്യവും ചെയ്യില്ലെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

റഷ്യയും പിന്തുണയ്ക്കുന്നുണ്ടെങ്കില്‍, യുക്രെയ്ന്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സും പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് റഷ്യക്കെതിരെ വ്യാപാര ഭീഷണി മുഴക്കിയിരുന്നു. നേരത്തേ പലവട്ടം പുട്ടിനെ പ്രഗത്ഭന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ് നിലപാട് പെട്ടെന്ന് മാറ്റിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

രണ്ടാഴ്ച മുമ്പ് വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ട്രംപ് രൂക്ഷമായ വാക്കേറ്റം നടത്തിയിരുന്നു. തുടര്‍ന്ന് സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. 2014 ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അമേരിക്ക റഷ്യക്ക് മേല്‍ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം, റഷ്യയുമായുള്ള 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദ്ദേശത്തിന് യുക്രെയ്ന്‍ സമ്മതിക്കുകയായിരുന്നു. യുക്രൈനുമായുള്ള സൈനിക സഹായത്തിനും രഹസ്യാന്വേഷണ പങ്കിടലിനുമുള്ള താല്‍ക്കാലിക വിരാമം പിന്‍വലിക്കുന്നതായി അമേരിക്കയും അറിയിച്ചിട്ടുണ്ട്. ഇതോടെ പന്ത് റഷ്യയുടെ കോര്‍ട്ടിലാണെന്ന് വ്യക്തമായതോടെയാണ് വെടിനിര്‍ത്തലിന് പുടിന്‍ തയ്യാറായത്.

യുദ്ധത്തിന് പരിഹാരം കാണാന്‍ ഒന്‍പതര മണിക്കൂറോളം നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. ജിദ്ദ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ്, ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു. യോഗത്തില്‍, മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം, പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു.

ചര്‍ച്ചകളില്‍ കിരീടാവകാശിയുടെ നിര്‍ദ്ദേശപ്രകാരം സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള രാജകുമാരനും സഹമന്ത്രിയും കാബിനറ്റ് അംഗവുമായ ഡോ. മുസൈദ് ബിന്‍ മുഹമ്മദ് അല്‍-ഐബാനും പങ്കെടുത്തു. യുഎസ് പക്ഷത്തെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സും യുക്രെയ്യന്‍ പക്ഷത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റിന്റെ ഓഫിസ് മേധാവി ആന്‍ഡ്രി യെര്‍മാക്, വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ, പ്രതിരോധ മന്ത്രി റുസ്റ്റം ഉമെറോവ് എന്നിവരും പങ്കെടുത്തു.

രാജ്യാന്തര നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കു അനുസൃതമായി യുക്രെയ്‌നില്‍ സമാധാനം പുലരട്ടെയെന്ന് കിരീടാവകാശി പറഞ്ഞു. മൂന്നുവര്‍ഷമായ യുക്രയ്‌നിലെ യുദ്ധക്കെടുതി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രത്യാശയുണ്ടന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സമാധാന ചര്‍ച്ചക്കായി എത്തിയ സെലന്‍സ്‌കിക്ക് രാജകീയ സ്വീകരണമാണ് ജിദ്ദയില്‍ നല്‍കിയത്. സൗദി കിരീടാവകാശി നേരിട്ട് എത്തിയാണ് സെലന്‍സ്‌കിയെകൊട്ടാരത്തില്‍ സ്വീകരിച്ചത്.

യുക്രെയ്‌ന് സൗദി അറേബ്യ നേരത്തെ ഭക്ഷ്യ, മെഡിക്കല്‍ സഹായങ്ങള്‍ എത്തിച്ചിരുന്നതിനുള്ള നന്ദി സെലന്‍സ്‌കി പ്രകടിപ്പിച്ചു. യുഎസുമായി ചര്‍ച്ചക്ക് അവസരം നല്‍കിയതിന് അദ്ദേഹം നന്ദി പറഞ്ഞു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സൗദിയുടെ മധ്യസ്ഥതയില്‍ രണ്ടാമത്തെ പ്രധാന ചര്‍ച്ചയാണിത്. നേരത്തെ റഷ്യ യുക്രൈന്‍ ചര്‍ച്ചക്കും സൗദി വഴി ഒരുക്കിയിരുന്നു. സൗദിയിലെത്തിയെങ്കിലും യുഎസുമായുള്ള ചര്‍ച്ചയില്‍ സെലന്‍സ്‌കി നേരിട്ട് പങ്കെടുത്തില്ല. രണ്ടു രാജ്യങ്ങളുടേയും മന്ത്രി തല സംഘമാണ് യോഗത്തില്‍ സംബന്ധിച്ചത്.

നിലവിലെ യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചത് 2022 ഫെബ്രുവരി 24നാണ്. മുന്‍പ് സോവിറ്റ് യൂണിയനിലെ അംഗങ്ങളായിരുന്നു റഷ്യയും യുക്രെയ്‌നും. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനു പിന്നാലെ സ്വതന്ത്ര രാജ്യങ്ങളായി നിലകൊള്ളുകയായിരുന്നു.

Tags:    

Similar News