ലേബര്‍ പാര്‍ട്ടിയും ഗ്രീനും ലിബറല്‍ ഡെമോക്രാറ്റുകളും ഒരുമിച്ച് മുന്നണിയായി മത്സരിക്കാന്‍ ആലോചന; തിരിച്ചടി ഭയന്ന് കണ്‍സര്‍വേറ്റീവുകളുമായി സഖ്യത്തിന് ആലോചിച്ച റിഫോം യുകെ; ബ്രിട്ടനില്‍ വീണ്ടും ചര്‍ച്ചയായി മുന്നണി രാഷ്ട്രീയം

ലേബര്‍ പാര്‍ട്ടിയും ഗ്രീനും ലിബറല്‍ ഡെമോക്രാറ്റുകളും ഒരുമിച്ച് മുന്നണിയായി മത്സരിക്കാന്‍ ആലോചന

Update: 2026-02-16 04:56 GMT

ലണ്ടന്‍: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കാതലായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. പരമ്പരാഗതമായ ദ്വികക്ഷി രാഷ്ട്രീയം ഏതാണ്ട് അവസാനിക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. അതിന് പരിസമാപ്തി കുറിയ്ക്കാന്‍ എന്നോണം ഇപ്പോള്‍ മുന്നണി രൂപീകരണം ബ്രിട്ടനിലെ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാകുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇടതുപക്ഷ കൂട്ടായ്മയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ടോറികളുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന റിഫോം യു കെ നേതാവിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്.

ലേബര്‍, ഗ്രീന്‍സ്, ലിബറല്‍ ഡെമോക്രാറ്റുകള്‍ തുടങ്ങി ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടികള്‍ ഒരുമിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്ന സാഹചര്യമുണ്ടായാല്‍, ദേശതാത്പര്യം മുന്‍നിര്‍ത്തി ഒരു തീരുമാനമെടുക്കാന്‍ റിഫോം യു കെ തയ്യാറാകുമെന്നാണ് പാര്‍ട്ടി ഉപദേഷ്ടാവായ സിയ യൂസഫ് ഇന്നലെ പറഞ്ഞത്. നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടിയുടെ നയരൂപീകരണ സമിതി അദ്ധ്യക്ഷന്‍ എന്ന നിലയില്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ഒരു സഖ്യത്തിന് തയ്യാറാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അതേസമയം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണകാലത്തെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

എന്നാല്‍, ഇപ്പോള്‍ കടുത്ത വിരോധികളാണെങ്കിലും രണ്ട് വലതുപക്ഷ പാര്‍ട്ടികളും തമ്മില്‍ ഒരു ധാരണ ഉണ്ടായേക്കുമെന്ന പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രത്യേകിച്ച്, അടുത്ത തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള ഒരു തൂക്ക് പാര്‍ലമെന്റ് നിലവില്‍ വന്നാല്‍ അതിനുള്ള സാധ്യത കൂടുതലാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍ വരാതിരിക്കാന്‍, പരസ്പരം പോരടിക്കാതെ വലതുപക്ഷ കക്ഷികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യത്തിന് ബ്രിട്ടീഷ് പൊതുസമൂഹത്തിലെ വലതുപക്ഷ അനുഭാവികള്‍ക്കിടയില്‍ ശക്തി വര്‍ദ്ധിക്കുന്നുമുണ്ട്.

നിലവിലെ, പ്രക്ഷുബ്ദമായ ലേബര്‍ രാഷ്ട്രീയത്തില്‍, സര്‍ കീര്‍ സ്റ്റാര്‍മറിന് പ്രധാനമന്ത്രി പദവി രാജിവെച്ച് പുറത്തുപോകേണ്ടി വന്നാല്‍, മുന്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് പകരം നേതൃസ്ഥാനത്തേക്ക് തിരിച്ചുവന്നേക്കുമെന്ന് കഴിഞ്ഞ ദിവസം ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ യൂസഫിന്റെ പ്രസ്താവന വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മിലിബാന്‍ഡ് നേതൃസ്ഥാനത്ത് എത്തിയാല്‍ ഗ്രീന്‍സുമായും, ലിബറല്‍ ഡെമോക്രാറ്റ്‌സുമായും ധാരണയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഇടതുപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് ടോറികള്‍ക്കോ, റിഫോമിനോ പ്രയോജനം ചെയ്യുന്ന നിയോജകമണ്ഡലങ്ങളില്‍, ഇടതുപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മിലിബാന്‍ഡും മറ്റ് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു ലേബര്‍ എം പി സൂചന നല്‍കിയതായി ഡെയിലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേ ഫലം കാണിക്കുന്നത് ലേബര്‍ പാര്‍ട്ടിയും, ഗ്രീന്‍സും, ലിബറല്‍ ഡെമോക്രാറ്റുകളും ഒരുമിച്ച് ചേര്‍ന്നാല്‍ 45 ശതമാനം വോട്ട് ലഭിക്കും എന്നാണ്. ടോറികളും റിഫോം യു കെയും ചേര്‍ന്നാലും തുല്യമായ വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വ്വേഫലം പറയുന്നുണ്ട്.

ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ചേരാന്‍ റിഫോം യു കെ നിര്‍ബന്ധിതമാവുകയില്ലേ എന്ന ചോദ്യത്തിന് അതൊരു സാങ്കല്പിക സാഹചര്യവുമായി ബന്ധപ്പെട്ട ചോദ്യമല്ലേ എന്ന മറു ചോദ്യം ചോദിച്ച യൂസഫ്, രാജ്യ താതപര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കുമെന്നും പറഞ്ഞു. എന്നാല്‍, ഒരു വലതുപക്ഷ മുന്നണി ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായതുമില്ല.

Tags:    

Similar News