പകുതിയിലധികം ഗാസക്കാരെ ജോര്ദാനിലെക്കും ഈജിപ്തിലേക്കും മാറ്റി താമസിപ്പിക്കാന്‍ പദ്ധതിയിട്ട് ട്രംപ്; ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണും ഇസ്രായേലിന് കൈമാറാനുള്ള നീക്കമെന്ന് ആശങ്കപ്പെട്ട് അറബ് രാജ്യങ്ങള്‍: ട്രംപിന്റെ ഞെട്ടിക്കുന്ന ഇസ്രായേല്‍ പ്ലാന്‍ ഇങ്ങനെ

ഗാസ വെടിപ്പാകണമെങ്കില്‍ പ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം

Update: 2025-01-27 01:00 GMT

വാഷിങ്ടന്‍: ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് ഗാസയില്‍ വെടിനിര്‍ത്തല്‍ ധാരണയായിരുന്നു. ട്രംപ് എത്തിയാല്‍ എന്തൊക്കെയാകും തീരുമാനമെന്ന ആശങ്കയെ തുടര്‍ന്നാണ് അതിവേഗ ധാരണ എത്തിയത്. ഇപ്പോഴുതാ ഈജിപ്ത് അടക്കമുള്ള സമീപ രാജ്യങ്ങള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിക്കുന്നു. ഗാസ മുനമ്പില്‍ നിന്നുള്ള അഭയാര്‍ഥികളെ ജോര്‍ദന്‍, ഈജിപ്റ്റ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ഇനിയും ഏറ്റെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കയാണ്. ഗാസ വെടിപ്പാകണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണ എന്നതാണ് ട്രംപ് മുന്നോട്ടു വെക്കുന്ന പോയിന്റ്.

കഴിഞ്ഞ ദിവസം ജോര്‍ദന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ ഫോണ്‍കോളില്‍ ഇക്കാര്യം താന്‍ സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസ നൂറ്റാണ്ടുകളായി നിരവധി സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമാണെന്നു ട്രംപ് പറഞ്ഞു. നിരവധി പേരാണു മരിച്ചു വീഴുന്നത്. ആകെ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ആളുകള്‍ അവിടെ ജീവിക്കുന്നത് സങ്കീര്‍ണമായ അവസ്ഥയിലാണ്. അവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ അറബ് രാജ്യങ്ങളുമായി താന്‍ ചര്‍ച്ചകള്‍ നടത്തും. കുടിയേറ്റക്കാര്‍ക്കായി വീടുകള്‍ നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു.

ഗസ്സ മുനമ്പിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തന്റെ നിര്‍ദേശമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഗാസ വാസികള്‍ ഈ നിര്‍ദേശത്തെ ആശങ്കയോടയാണ് കാണുന്നത്. ട്രംപ് പറയുന്നത പ്രകാരം മാറിയാല്‍ ഗാസ എന്നെന്നേക്കുമായി പ്രദേശവാസികള്‍ക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടാകും.

ഈജിപ്ത് കൂടുതല്‍ ജനങ്ങളെ സ്വീകരിക്കുന്നത് കാണാനാണ് താല്‍പര്യം. 15 ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെ മുഴുവന്‍ പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഫലസ്തീനികള്‍ക്കിടയില്‍ ബഹുജന പ്രസ്ഥാനം നിലവിലുണ്ട്. ആ പ്രസ്ഥാനം താല്‍ക്കാലികമോ ദീര്‍ഘമോ ആവാമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി വിവിധ തരത്തിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഗസ മുനമ്പെന്നും ട്രംപ് പറഞ്ഞു.

തകര്‍ന്ന പ്രദേശമായി ഗസ്സ മാറിയിരിക്കുന്നു. അവിടെ എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ അവിടെ മരിക്കുകയാണ്. അറബ് രാജ്യങ്ങള്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ട്രംപിന്റെ പ്ലാനിനെ ഹമാസ് എതിര്‍ത്തു. പലസ്തീനികളെ ഗാസയില്‍ നിന്നും ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും നാടുകടത്താനുള്ള ട്രംപിന്റെ പദ്ധതിയെ എതിര്‍ക്കുമെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് എഫ്പിയോട് പറഞ്ഞു. നൂറ്റാണ്ടുകളായി കുടിയൊഴിപ്പിക്കലിനുള്ള എല്ലാ ശ്രമങ്ങളെ എതിര്‍ത്തവരാണ്, ഇത്തരം ശ്രമങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗ് ബസീം നെയിം പറഞ്ഞു.

അതേസമയം ഇസ്രയേലിന് 2,000 പൗണ്ട് ബോംബുകള്‍ നല്‍കാന്‍ ട്രംപ് അനുമതി നല്‍കി. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ട്രംപ് നീക്കിയത്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ ജനങ്ങള്‍ക്കുണ്ടാകുന്ന അപകടം കുറയ്ക്കുന്നതിനാണ് മേയില്‍ ബൈഡന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെക്കന്‍ ഗാസയിലെ റാഫയില്‍ ഇസ്രായേല്‍ പൂര്‍ണരീതിയിലുള്ള സൈനിക ഓപ്പറേഷന്‍ നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു നീക്കം. യുദ്ധം വെടിനിര്‍ത്തലിലേക്ക് നീങ്ങിയപ്പോഴാണ് ബോംബുകള്‍ നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതിന് പിന്നാലെ ഇസ്രയേലും ഹമാസും തമ്മില്‍ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം പുരോഗമിക്കുകയാണ്. ശനിയാഴ്ച നാല് ഇസ്രയേലി ബന്ദികളെയാണ് ഹമാസ് കൈമാറിയത്. പകരം 200 ഹമാസ് തടവുകാരെ ഇസ്രയേലും കൈമാറി.

Tags:    

Similar News