നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത് തരിപ്പണമാക്കും; റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി യു.എസ് സെനറ്റര്‍; റഷ്യന്‍ എണ്ണ വാങ്ങുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ കനത്ത തീരുവ ചുമത്താന്‍ അമേരിക്കന്‍ നീക്കം
നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത് തരിപ്പണമാക്കും
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ യുഎസ് നീക്കം. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായാണ് യുഎസ് രംഗത്തുവന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ കനത്ത തീരുവ ചുമതുമെന്ന് യു.എസ് സെനറ്റര്‍ ലിന്‍ഡെസെ ഗ്രാഹാം പറഞ്ഞു. ഫോക്‌സ് ന്യൂസുമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യന്‍ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്താന്‍ ഒരുങ്ങുകയാണ്. ഈ രാജ്യങ്ങള്‍ 80 ശതമാനം എണ്ണയും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. ഇത് പുടിന് ഗുണകരമാവുകയാണ്. അതിനാല്‍ ഈ രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഒരുങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നുകില്‍ ചൈനക്കും ഇന്ത്യക്കും ബ്രസീലിനുമെല്ലാം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ വ്യാപാരം നടത്താം അല്ലെങ്കില്‍ പുടിനെ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ അധിനിവേശം നടത്തി പഴയ സോവിയറ്റ് യൂണിയനാകാനാണ് പുടിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരമാധികാരം സംരക്ഷിക്കുമെന്ന ഉറപ്പിന്‍മേല്‍ 1700 കിലോ ആണവായുധങ്ങളാണ് യുക്രെയ്ന്‍ റഷ്യക്ക് കൈമാറിയത്. എന്നാല്‍, ഈ ഉറപ്പ് പുടിന്‍ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ആരെങ്കിലും ഇടപ്പെട്ട് നിര്‍ത്തിക്കാതെ പുടിന്‍ യുക്രെയ്ന്‍ യുദ്ധം സ്വയം അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസിന് ബദലായി ഏഷ്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ ബ്രസീല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് ഇന്ത്യക്കും ചൈനക്ക്ും നേട്ടമാകുമെന്നാണ് കരുതുന്നത്. നിലവില്‍ ലോകത്ത് എണ്ണ ഇറക്കുമതിയില്‍ ഏറ്റവും മുന്‍നിരയിലുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇന്ത്യയാകട്ടെ ഉയര്‍ന്ന ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ എണ്ണ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നുമുണ്ട്. റഷ്യയില്‍ നിന്നാണ് നിലവില്‍ ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യയ്‌ക്കെതിരെ ഉപരോധം കടുപ്പിക്കുന്നത് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി നീക്കത്തെ ബാധിച്ചേക്കാം.
ഈ സാഹചര്യത്തില്‍ ബദല്‍വഴി തേടുന്ന ഇന്ത്യയ്ക്ക് ബ്രസീലിന്റെ നീക്കം സഹായകമായേക്കും. ഡിസ്‌കൗണ്ട് നിരക്കായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിത്തുടങ്ങിയത്. നിലവില്‍ ഡിസ്‌കൗണ്ട് നാമമാത്രമായി മാറിയിട്ടുമുണ്ട്. നിലവില്‍ ഇന്ത്യ ബ്രസീലില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. 2025ന്റെ ജനുവരി-ജൂണില്‍ പ്രതിദിനം 73,000 ബാരല്‍ വീതമാണ് വാങ്ങിയത്. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 80 ശതമാനം അധികവുമാണിത്. ബ്രസീലും ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യാന്‍ തയാറാല്‍ ഇന്ത്യയ്ക്കത് വന്‍ നേട്ടമാകും.