കണ്ണും പൂട്ടിയുള്ള ട്രംപിന്റെ ഉപരോധത്തില്‍ പണി കിട്ടിയത് ഇന്ത്യക്കും ചൈനക്കും മാത്രമല്ല! റഷ്യയ്ക്ക് വെച്ച കെണിയില്‍ ആകെപെട്ട് ജര്‍മ്മനിയും; റോസ്‌നെഫ്റ്റിന്റെ അനുബന്ധ സ്ഥാപനമായ പി.സികെ റിഫൈനറി പൂട്ടേണ്ടി വരുമോയെന്ന് ജര്‍മനിക്ക് ആശങ്ക; ശൈത്യകാലം വരുന്നതോടെ യൂറോപ്പിലാകെ ആശങ്ക

റഷ്യയ്ക്ക് വെച്ച കെണിയില്‍ ആകെപെട്ട് ജര്‍മ്മനിയും

Update: 2025-10-26 11:43 GMT

ബെര്‍ലിന്‍: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അറ്റകൈ പ്രയോഗമെന്ന വിധത്തിലാണ് ട്രംപ് റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധം പ്രഖ്യാപിച്ചത്. ഈ തീരുമാനം ഇന്ത്യയെയും ചൈനയെയു കാര്യമായി തന്നെ ബാധിച്ചു. എന്നാല്‍, യൂറോപ്പും ട്രംപിന്റെ ഉപരോധത്തിന്റെ ഫലം അനുഭവിക്കേണ്ട അവസ്ഥയിലാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജര്‍മ്മനിയാണ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ ആയത്.

റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന റോസ്‌നെഫ്റ്റ്, ലുകോയില്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധമാണ് തിരിച്ചടിയായത്. ഉപരോധം നിലവില്‍ വരാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജര്‍മനി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ എണ്ണ സംസ്‌കരിക്കുന്ന റോസ്‌നെഫ്റ്റിന്റെ അനുബന്ധ സ്ഥാപനമായ പി.സികെ റിഫൈനറി പൂട്ടേണ്ടി വരുമോയെന്നാണ് ജര്‍മനിയുടെ ആശങ്ക. റോസ്‌നെഫ്റ്റില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് ഉള്‍പ്പെടെ ഒരു ഇടപാടും നടത്തരുതെന്നാണ് യു.എസ് ഉപരോധത്തില്‍ പറയുന്നത്. ഉപരോധം നിലവില്‍ വന്നാല്‍ പി.സി.കെ റിഫൈനറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. വലിയ തോതില്‍ ക്രൂഡ് ഓയില്‍ സംസ്‌ക്കരണം നടക്കുന്ന റിഫൈനറിലയാണ് പിസികെ.

വര്‍ഷം 12 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഈ കമ്പനി സംസ്‌കരിക്കുന്നത്. അതായത് രാജ്യത്തെ മൊത്തം എണ്ണ സംസ്‌കരണത്തില്‍ 12 ശതമാനത്തിലേറെയും ചെയ്യുന്നത് പി.സി.കെ റിഫൈനറിയാണ്. 4000 കിലോമീറ്റര്‍ ദീര്‍ഘമുള്ള പൈപ്പ് ലൈനിലൂടെയാണ് റഷ്യയില്‍നിന്ന് കമ്പനി ക്രൂഡ് ഓയില്‍ ജര്‍മനിയിലെത്തിക്കുന്നത്.

നിലവില്‍ ആഭ്യന്തര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഉപരോധം ജര്‍മനിക്ക് കടുത്ത വെല്ലുവിളിയാകും. ചെറിയ തുകക്ക് റഷ്യന്‍ എണ്ണ ലഭ്യമായതോടെ നിരവധി ആണവോര്‍ജ പ്ലാന്റുകള്‍ മുന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ പൂട്ടിയതിനാല്‍ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അതേസമയം, യു.എസിനൊപ്പം ഉപരോധം പ്രഖ്യാപിച്ച യു.കെ ഇളവ് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

റോസ്‌നെഫ്റ്റിന് ജര്‍മനിയില്‍ മൂന്ന് റിഫൈനറികളുണ്ടെങ്കിലും റഷ്യന്‍ മാതൃകമ്പനിയുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നുമാണ് ചാന്‍സലറായ ഫ്രീഡ്‌റിച്ച് മെര്‍സിന്റെ വാദം. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് റോസ്‌നെഫ്റ്റിന്റെ റിഫൈനറികള്‍ ജര്‍മനിയുടെ ഊര്‍ജ മേഖല നിയന്ത്രിക്കുന്ന ബി.എന്‍.എ ഏറ്റെടുത്തത്. ട്രെസ്റ്റിഷിപ്പ് സ്വന്തമാക്കിയെങ്കിലും കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രാജ്യത്തിന് കഴിയുന്നില്ല. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി താല്‍പര്യം പ്രകടിപ്പിച്ചിട്ടും പി.സി.കെയുടെ ഓഹരി വില്‍ക്കാന്‍ റോസ്‌നെഫ്റ്റും തയാറായിട്ടില്ല. തലസ്ഥാനമായ ബെര്‍ലിനില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ മാത്രം അകലെയാണ് പി.സി.കെയുടെ ഷ്വെഡ് റിഫൈനറി

അതേസമയം, ബ്രാന്‍ഡന്‍ബര്‍ഗില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന കമ്പനിയാണ് പി.സി.കെ. കമ്പനി പൂട്ടുന്നത് ബ്രാന്‍ഡന്‍ബര്‍ഗില്‍ സ്വാധീനം വര്‍ധിച്ചുവരുന്ന എതിരാളികളായ തീവ്രവലത് പക്ഷ ആള്‍ട്ടര്‍നെറ്റിവ് ഫോര്‍ ജര്‍മനി പാര്‍ട്ടി രാഷ്ട്രീയ ആയുധമാക്കുമെന്നതും മെര്‍സിന് തലവേദനയായിരിക്കുകയാണ്. യൂറോപ്പില്‍ ശൈത്യകാലത്തിന് തുടക്കമാകുന്ന സാഹചര്യത്തില്‍ ഉപരോധാനം നീണ്ടാല്‍ അത് മിക്ക യൂറോപ്യന്‍ രജ്യങ്ങള്‍ക്കും വലിയ വെല്ലുവിളിയാകും.

Tags:    

Similar News