മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാന്‍ മുടക്കിയത് 35 ലക്ഷം രൂപ! ഒടുവില്‍ 'കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര'; അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി യു.എസ് നാടുകടത്തി; പലരും ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ടവര്‍
മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാന്‍ മുടക്കിയത് 35 ലക്ഷം രൂപ! ഒടുവില്‍
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരായി എത്തിയ 50പേരെ കൂടി യു.എസ് നാടുകടത്തി. കുടിയേറ്റക്കാരോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ട്രംപ് സര്‍ക്കാറാണ് ഇന്ത്യക്കാരായ കുടിയേറ്റക്കാരെ വീണ്ടും നാടുകടത്തുന്നത്. ഇന്നലെ ഡല്‍ഹിയില്‍ എത്തിയ പുതിയ സംഘത്തില്‍ ഹരിയാനക്കാരാണ് കൂടുതല്‍. ഡല്‍ഹിയില്‍ എത്തിയ ഇവര്‍ 25 മണിക്കൂര്‍ നീണ്ട വിമാന യാത്രയിലെ ദുരിതം വിവരിച്ചു. യാത്രയില്‍ ഉടനീളം കാലില്‍ ചങ്ങലയിട്ടിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.
'എന്റെ കാലുകള്‍ വീര്‍ത്തിരിക്കുന്നു. വിമാനയാത്രയില്‍ 25 മണിക്കൂര്‍ ഞാന്‍ ചങ്ങലയിലായിരുന്നു.'- യുഎസ് നാടുകടത്തിയ 45 കാരനായ ഹര്‍ജീന്ദര്‍ സിങ് പറഞ്ഞു. മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാന്‍ 35 ലക്ഷം രൂപ ചെലവഴിച്ചതായും എന്നാല്‍ കുടുംബത്തിന് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന തന്റെ സ്വപ്നങ്ങള്‍ ഇപ്പോള്‍ തകര്‍ന്നതായും സിങ് പറഞ്ഞു.
25 മുതല്‍ 40 വയസു വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയും. 35 മുതല്‍ 57 ലക്ഷം രൂപ വരെ ഏജന്റുമാര്‍ക്കു നല്‍കി കബളിക്കപ്പെട്ടവരാണു പലരും. ഹരിയാനയിലെ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ഹരിയാനയില്‍ എത്തിച്ച ഇവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയച്ചെന്ന് അധികൃതര്‍ അറിയിച്ചു.
ജനുവരിയില്‍ യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് യുഎസ് നാടുകടത്തല്‍ നടപടി ശക്തമാക്കിയിരിക്കുകയാണ്.