11518 പേര് കള്ള ബോട്ട് കയറി യുകെയില്‍ എത്തിയപ്പോള്‍ ഫ്രാന്‍സിലേക്ക് മടക്കി അയച്ചത് 42 പേരെ മാത്രം; മടക്കി അയച്ച ഓരോരുത്തര്‍ക്കുമായി ഫ്രാന്‍സിന് ബ്രിട്ടന്‍ നല്‍കിയത് എട്ടു ലക്ഷം പൗണ്ട് വീതം; അഭയാര്‍ഥികളെ നേരിടാന്‍ ബ്രിട്ടന്‍ കൊണ്ടുവന്ന വണ്‍ ഇന്‍ വണ്‍ ഔട്ട് സ്‌കീം പൊളിഞ്ഞടുങ്ങി

11518 പേര് കള്ള ബോട്ട് കയറി യുകെയില്‍ എത്തിയപ്പോള്‍ ഫ്രാന്‍സിലേക്ക് മടക്കി അയച്ചത് 42 പേരെ മാത്രം

Update: 2025-10-27 04:51 GMT

ലണ്ടന്‍: കര്‍ശനമായ നിയമങ്ങളുടെ പിന്‍ബലത്തോടെയും, നിശ്ചയദാര്‍ഢ്യത്തോടെ ഉരുക്കുമുഷ്ടി പ്രയോഗിച്ചും ഡൊണാള്‍ഡ് ടംപ് അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്നും തുരത്തിയപ്പോള്‍, ധീരമായ ഒരു നടപടികളും എടുക്കാതെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന ആരോപണം ഉയരുന്നു. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കൊണ്ടുവന്ന റുവാണ്ടന്‍ പദ്ധതി വേണ്ടെന്ന് വെച്ച ലേബര്‍ സര്‍ക്കാരിന് പക്ഷെ ഈ പ്രശ്നം പരിഹരിക്കുവാന്‍ കാര്യക്ഷമമായ ഒരു ബദല്‍ പദ്ധതിനിര്‍ദ്ദേശിക്കാനായില്ല എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് അവകാശപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍, ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍ വണ്‍ ഔട്ട് കരാറും ഒരു തികഞ്ഞ പരാജയാമാണെന്ന് തെളിയുകയാണ്. ലണ്ടനില്‍ നടന്ന മുപ്പത്തിയേഴാമത് ബ്രിട്ടീഷ് - ഫ്രഞ്ച് ഉച്ചകോടിയില്‍ 2025 ജൂലായ് 10 ന് ആയിരുന്നു കരാര്‍ ഒപ്പിട്ടത്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും ഒപ്പുവെച്ച ഈ കരാര്‍ ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം വലിയ രീതിയില്‍ തന്നെ നിയന്ത്രിക്കും എന്നായിരുന്നു ഇരുകൂട്ടരും അവകാശപ്പെട്ടിരുന്നത്.

ഈ കരാര്‍ അനുസരിച്ച്, അഭ്യയാപേക്ഷ നിരാകരിക്കപ്പെട്ട അനധികൃത അഭയാര്‍ത്ഥികളെ ബ്രിട്ടന്‍ ഫ്രാന്‍സിലേക്ക് തിരികെ അയയ്ക്കുമ്പോള്‍, തുല്യമായ എണ്ണം അഭയാര്‍ത്ഥികളെ ഫ്രാന്‍സില്‍ നിന്നും ബ്രിട്ടന്‍ സ്വീകരിക്കണം. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍ തന്നെ പറയുന്നത് ഈ പദ്ധതി അമ്പേ പരാജയപ്പെട്ടു എന്നാണ്. 11,518 അഭയാര്‍ത്ഥികള്‍ ബ്രിട്ടനില്‍ ചാനല്‍ വഴി എത്തിയപ്പോള്‍ തിരികെ ഫ്രാന്‍സിലേക്ക് അയയ്ക്കാനായത് 42 പേരെ മാത്രം. ഇതിനായി ചെലവായത് 34 മില്യന്‍ പൗണ്ടും.

റുവാണ്ടന്‍ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്രയും വലിയ തുക ചെലവഴിക്കേണ്ടി വരില്ലായിരുന്നു എന്നാണ് പൊതുവായി ഉയരുന്ന അഭിപ്രായം. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ ഇപ്പോള്‍ തീവ്ര പ്രചാരണമാണ് നടക്കുന്നത്. യൂറോപ്യന്‍ യൂണിയന് നല്‍കിയ മത്സ്യബന്ധന ലൈസന്‍സുകള്‍ എല്ലാം റദ്ദാക്കണമെന്നും, നല്‍കാനുള്ള പേയ്‌മെന്റുകള്‍ ഉടന്‍ തടഞ്ഞു വയ്ക്കണമെന്നും ആവശ്യമുയരുന്നു. മാത്രമല്ല, അനധികൃത അഭയാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നത് തടയുന്നതിനായി ഫ്രാന്‍സിന് നല്‍കിയ പണം തിരികെ വാങ്ങണമെന്നും ആവശ്യമുയരുന്നുണ്ട്.

പ്രതിഷേധം കനക്കുന്നതിനിടയിലാണ് ഹെല്‍ത്ത് സെക്രട്ടറി കഴിഞ്ഞ ഓഗസ്റ്റിന് ശേഷം 42 അഭയാര്‍ത്ഥികളെ മാത്രമാണ് വണ്‍ ഇന്‍ വണ്‍ ഔട്ട് പദ്ധതി പ്രകാരം ഫ്രാന്‍സിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞതെന്ന് സമ്മതിച്ചത്. ഇന്നലെ ഞായറാഴ്ച സ്‌കൈ ബ്രെയ്ക്ക്ഫാസ്റ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയ ആഗസ്റ്റ് 5 ന് ശേഷം 11,518 പേര്‍ ചാനല്‍ കടന്ന് ബ്രിട്ടനിലെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, തിരിച്ചയയ്ക്കുന്ന ഓരോ അഭയാര്‍ത്ഥിക്കുമായി ഫ്രാന്‍സിന് 8 ലക്ഷം പൗണ്ട് വീതമാണ് നല്‍കുന്നതെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പദ്ധതി അതിന്റെ ആരംഭ ദശയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags:    

Similar News