ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ എന്തു സംഭവിക്കും? യുദ്ധസാഹചര്യത്തില്‍ ബോംബിടാന്‍ ബ്രിട്ടനിലെ 38നഗരങ്ങളുടെ ലിസ്റ്റ് ഒരുക്കി റഷ്യ; റിട്ടയര്‍ ചെയ്ത സൈനികരോടും യുദ്ധത്തിന് ഒരുങ്ങാന്‍ കീര്‍ സ്റ്റര്‍മാര്‍; ബ്രിട്ടീഷ് പൗരന്മാര്‍ക്ക് സൈനിക പരിശീലനം നല്‍കി ജനസേന രൂപീകരിക്കണമെന്നും നിര്‍ദേശം

ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ എന്തു സംഭവിക്കും?

Update: 2026-02-09 01:57 GMT

ലണ്ടന്‍: ലോകം ഭയക്കുന്ന ഒരു മൂന്നാം ലോകമഹായുദ്ധം സംഭവിക്കുകയാണെങ്കില്‍, ബ്രിട്ടനിലെ ബോംബിട്ട് തകര്‍ക്കേണ്ട 38 നഗരങ്ങളുടെ പട്ടിക റഷ്യ തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. യു കെ സര്‍ക്കാര്‍ നേരത്തേ തയ്യാറാക്കിയ ഒരു ലിസ്റ്റില്‍ 40 ഇടങ്ങളായിരുന്നു ബോംബിംഗിനായി പഴയ സോവിയറ്റ് യൂണിയന്‍ പട്ടികപ്പെടുത്തിയിരുന്നത് എന്നും പറയുന്നുണ്ട്. നഗരങ്ങള്‍ക്ക് പുറമെ, സൈനിക ആസ്ഥാനങ്ങള്‍, എയര്‍ സ്ട്രിപ്പുകള്‍, സൈനിക തുറമുഖങ്ങള്‍ എന്നിവയും റഷ്യന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കാണ് ഈ സ്ഥലങ്ങളെ പട്ടികപ്പെടുത്തിയിട്ടുള്ളതെന്നും മറ്റിടങ്ങളില്‍ പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരമ്പരാഗത മിസൈലുകളും ബാലിസ്റ്റിക്കുകളും ഉപയോഗിക്കുകയാണെങ്കില്‍ ആക്രമണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചേക്കാം. 1970 കളില്‍ എഡ്വേര്‍ഡ് ഹീത്ത് ആണ് ഈ പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ഇപ്പോള്‍ ഡീക്ലാസിഫൈ ചെയ്ത ഈ രേഖകള്‍ നാഷണല്‍ ആര്‍ക്കൈവ്‌സിലാണുള്ളത്. ഇതില്‍ പറഞ്ഞതിലും കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍ റഷ്യ നോട്ടമിട്ടുണ്ടെന്നാണ് ഒരു റഷ്യന്‍ സെനറ്റര്‍ പറഞ്ഞത്.

മുന്‍ സൈനികരോടും യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ട് സ്റ്റാര്‍മര്‍

ഭരണകൂടങ്ങളുടെ, ഒപ്പം അവരെ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ മനോഭാവം മാറുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. 2024 ല്‍ അന്നത്തെ ബ്രിട്ടീഷ് തലവന്‍ ജനറല്‍ സര്‍ പാട്രിക് സാന്‍ഡെഴ്‌സ്, ബ്രിട്ടീഷ് പൗരന്മാര്‍ക്ക് സൈനിക പരിശീലനം നല്‍കി ഒരു ജനസേന രൂപീകരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ അതിനെ പരിഹസിക്കുകയായിരുന്നു സര്‍ക്കാരുകളും പൊതുജനങ്ങളും ചെയ്തത്. ജനങ്ങളില്‍ അനാവശ്യ ഭയം നിറയ്ക്കാനുള്ള, ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്റെ ശ്രമം എന്ന നിലയില്‍ അന്നത്തെ മന്ത്രിസഭ അത് തള്ളിക്കളയുകയും ചെയ്തു.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു യുദ്ധസമാനമായ സാഹചര്യം എത്തിയതോടെ ഈ നിര്‍ദ്ദേശം പൊടിതട്ടി എടുക്കുകയാണ് ബ്രിട്ടീഷ് പ്രതിരോധകാര്യ മന്ത്രാലയം. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള കരുതല്‍ സേനയായി നിര്‍ത്തിയിരിക്കുന്ന മുന്‍ സൈനികരുടെ റിസര്‍വ് സൈന്യത്തിന്റെ ഉയര്‍ന്ന പ്രായപരിധി 65 ല്‍ നിന്നും ഉയര്‍ത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ യുദ്ധത്തിനും പരിശീലനം നല്‍കാനും ബാദ്ധ്യസ്ഥരായ മുന്‍ സൈനികരുടെ കൂട്ടമാണ് ഈ റിസര്‍വ് സേന.

അതേസമയം, റോബോട്ടുകള്‍ സൈബറിടങ്ങളില്‍ നടത്തുന്ന ഒന്നായി ഭാവിയിലെ യുദ്ധങ്ങള്‍ മാറിയേക്കുമെന്ന സാഹചര്യത്തില്‍ ബ്രിട്ടനുവേണ്ടി മുന്‍കാലങ്ങളില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടവരുടെ പരിചയ സമ്പത്തിന് എന്ത് ചെയാനാവും എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. 55 വയസ്സിനു മുകളില്‍ ഉള്ളവര്‍ സൈന്യത്തില്‍ ഉണ്ടെങ്കില്‍ അത് സൈനിക മരണനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ സഹായിക്കുകയുള്ളു എന്നാണ് ഒരു മുന്‍ സൈനികന്‍ പറയുന്നത്.

Tags:    

Similar News