ബംഗ്ലാദേശിലെ നരഹത്യയില്‍ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനും പങ്ക്; ഹിന്ദുക്കള്‍ അടക്കം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ യൂനുസ് പരാജയപ്പെട്ടു; തന്നെയും സഹോദരി ഷെയ്ഖ് റഹാനയെയും വധിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു; താന്‍ രാജ്യം വിട്ടിട്ടും അക്രമം അവസാനിച്ചില്ല; ഇന്ത്യയില്‍ അഭയം തേടിയ ശേഷം ഇതാദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് ഷെയ്ഖ് ഹസീന
ബംഗ്ലാദേശിലെ നരഹത്യയില്‍ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനും പങ്ക്
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ നരഹത്യയില്‍ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസും കുറ്റക്കാരനെന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതില്‍ യൂനുസിനും പങ്കുണ്ട്. ന്യൂയോര്‍ക്കില്‍ നടന്ന ഒരുപരിപാടിയെ വെര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഇതാദ്യമായാണ് രാജ്യംവിട്ട് ഇന്ത്യയില്‍ അഭയം തേടിയ ശേഷം ഷെയ്ഖ് ഹസീന പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ യൂനുസ് പരാജയപ്പെട്ടു. തന്റെ പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന് സംഭവിച്ചത് പോലെ തന്നെയും സഹോദരി ഷെയ്ഖ് റഹാനയെയും വധിക്കാന്‍ പദ്ധതി ഉണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു. മുജീബുര്‍ റഹ്‌മാനെ 1975 ലാണ് കൊലപ്പെടുത്തിയത്.
' ഓഗസ്റ്റ് 5 ന് ധാക്കയിലെ എന്റെ ഔദ്യോഗിക വസതി വിടുമ്പോള്‍ സായുധ പ്രക്ഷോഭകര്‍ ഇരച്ചുകയറുകയായിരുന്നു. 25-30 മിനിറ്റിന്റെ വ്യത്യാസത്തിലാണ് എനിക്ക് രാജ്യം വിടേണ്ടി വന്നത്. സുരക്ഷാ ഗാര്‍ഡുകള്‍ വെടിവച്ചിരുന്നെങ്കില്‍ ധാരാളം ജീവനുകള്‍ പൊലിഞ്ഞേനെ. എന്തൊക്കെ സംഭവിച്ചാലും വെടിവയ്ക്കരുതെന്ന് ഞാന്‍ സുരക്ഷാ ഗാര്‍ഡുകളോട് ആവശ്യപ്പെട്ടിരുന്നു'- ഷെയ്ഖ് ഹസീന അവകാശപ്പെട്ടു.
' ഇന്നിപ്പോള്‍ എനിക്കെതിരെ വംശഹത്യ ആരോപിക്കുകയാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ യൂനുസ് വളരെ ആസൂത്രിതമായ രീതിയില്‍ കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വംശഹത്യയുടെ സുത്രധാരന്മാര്‍ വിദ്യാര്‍ഥി നേതാക്കളും യൂനുസുമാണ്, അവര്‍ ആരോപിച്ചു. ഇപ്പോഴത്തെ ബംഗ്ലാദേശ് ഭരണകൂടം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും, ക്രൈസ്്തവരെയും, ആരെയും വെറുതെ വിട്ടിട്ടില്ല. പള്ളികള്‍ക്ക് തീവച്ചു, ക്ഷേത്രങ്ങളും, ബുദ്ധവിഹാരങ്ങളും തകര്‍ക്കപ്പെട്ടു. ഹിന്ദുക്കള്‍ പ്രതിഷേധിച്ചപ്പോള്‍ ഇസ്‌കോണ്‍ നേതാവിനെ അറസ്റ്റ് ചെയ്തു'- ചിന്മയി കൃഷ്ണദാസിന്റെ അറസ്റ്റിനെ സൂചിപ്പിച്ചുകൊണ്ട് ഷെയ്ഖ് ഹസീന പറഞ്ഞു.
എന്തിനാണ് ന്യൂനപക്ഷങ്ങളെ ഇങ്ങനെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്. ആളുകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് രാജി വയ്ക്കാന്‍ പോലും സമയം കിട്ടിയില്ല, ഷെയ്ഖ് ഹസീന ബംഗാളിയില്‍ പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ രാജ്യം വിട്ടതെന്നും എന്നാല്‍ അതുസംഭവിച്ചില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം വഷളായിരിക്കുകയാണ്. ആ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക്,വിശേഷിച്ചും ഹിന്ദുക്കള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങളില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.