പട്ടാള ഭരണം ഏര്‍പ്പെടുത്തിയതിലെ പ്രതിഷേധം; ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി രാജിവെച്ചു; പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷവും; ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

Update: 2024-12-05 11:03 GMT

സോള്‍: ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. രാജി അംഗീകരിച്ചതായി പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറിയിച്ചു. പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് രാജി. സൗദി അറേബ്യയിലെ അംബാസഡര്‍ ചോയ് ബ്യുങ് ഹ്യുക്കിനെ പുതിയ പ്രതിരോധമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

ഇതിനിടെ, ഭരണ പ്രതിസന്ധി മറികടക്കാന്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. പട്ടാളഭരണം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറിനുള്ളില്‍ പ്രസിഡന്റ് സൈനിക നിയമം പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് പ്രസിഡന്റിനെതിരെ അടിയന്തര ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്.

300 അംഗ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷവും ചെറു കക്ഷികളും ചേര്‍ന്ന് 192 അംഗങ്ങളാണുള്ളത്. ഭരണകക്ഷിയിലെ ചില അംഗങ്ങളും പ്രതിപക്ഷ നീക്കത്തെ പിന്തുണക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസ്സാകണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെയും ഭരണഘടനാബെഞ്ചില്‍ ആറു ജഡ്ജിമാരുടെയും പിന്തുണ വേണം.

ചൊവ്വ രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയാണ് രാജ്യത്ത് പട്ടാളനിയമം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. ഉത്തര കൊറിയയോട് അനുഭാവം പുലര്‍ത്തുന്ന പ്രതിപക്ഷം പാര്‍ലമെന്റ് നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സര്‍ക്കാരിനെ തളര്‍ത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായതോടെയാണ് പ്രസിഡന്റിന്റെ അറ്റകൈനീക്കമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നിയമം പുറപ്പെടുവിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും പ്രസിഡന്റിനെതിരെ രംഗത്തുവന്നിരുന്നു.

സ്പീക്കര്‍ വൂ വോന്‍ഷിക് നാഷണല്‍ അസംബ്ലിയിലെത്തി പട്ടാളനിയമം സംബന്ധിച്ച് സഭയില്‍ വോട്ടെടുപ്പ് നടത്തി. 300 അംഗ സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങളടക്കം 190പേരും പട്ടാളനിയമം പിന്‍വലിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ചു. ബജറ്റിനെച്ചൊല്ലി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ടി ശക്തമായ പ്രതിഷേധം തുടരുന്നതും പ്രസിഡന്റിനെ പ്രതിസന്ധിയിലാക്കി. ഏപ്രിലില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 300ല്‍ 192 സീറ്റും ഡെമോക്രാറ്റിക് പാര്‍ടി നേടിയിരുന്നു. സ്വന്തം പീപ്പിള്‍സ് പവര്‍ പാര്‍ടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.

Tags:    

Similar News