അസ്സാദിന്റെ കൊട്ടാരത്തില്‍ നാട്ടുകാര്‍ കൊള്ള നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചിത്രമായി; പ്രസിഡണ്ട് നാട് വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യയും; പ്രത്യേക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടുപോയി അഭയം കൊടുത്ത് കാത്തത് റഷ്യ; അവസാനിച്ചത് അര നൂറ്റാണ്ട് പിന്നിട്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം; പകരം എത്തുന്നത് ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?

ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?

Update: 2024-12-09 01:04 GMT

ദമാസ്‌ക്കസ്: സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും കുടുംബവും സുരക്ഷിതരായി റഷ്യയിലെത്തി. പ്രത്യേക വിമാനത്തിലാണ് ഇവരെ രക്ഷിച്ചു മോസ്‌കോയില്‍ എത്തിച്ചത്. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് സ്ഥിരീകരിച്ചത്. ബഷാര്‍ അല്‍ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെ അദ്ദേഹന്റെ വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത് ആശങ്കക്ക് ഇടയാക്കിയിരുന്നു.

വിമതര്‍ സിറിയന്‍ ഭരണം പിടിച്ച പശ്ചാത്തലത്തില്‍ റഷ്യയില്‍ അസദി രാഷ്ട്രീയ അഭയം നല്‍കും. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കിയെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ് അല്‍ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയില്‍ ഭരണത്തിലേറുന്നത്.

അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരന്‍ ആയിരുന്നു ജുലാനി. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി തല ഉയര്‍ത്തി നിന്ന ബഷാര്‍ അല്‍ അസദിന്റെ പ്രതിമകള്‍ ജനം തകര്‍ത്തെറിഞ്ഞു. സിറിയന്‍ സൈന്യവും സുരക്ഷാ സേനയും ദമാസ്‌കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളില്‍ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകള്‍ തകര്‍ത്ത വിമതര്‍ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.


 



74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിന്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളില്‍ എത്തുമ്പോള്‍ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക ശക്തം. ലോകത്തെ വന്‍ശക്തി രാജ്യങ്ങള്‍ ഒന്നും പ്രശ്നത്തില്‍ ഉടന്‍ ഇടപെടാന്‍ തയാറല്ല. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രതികരണം. അതേസമയം, എച്ച് ടി എസിനെയും സിറിയന്‍ ജനതയെയും താലിബാന്‍ അഭിനന്ദിച്ചു.

അസദിന്റെ കൊട്ടാരം കൊള്ളയടിച്ചു

വിമതര്‍ തലസ്ഥാന നഗരം കീഴടക്കിയ ശേഷം പ്രസിഡന്റിന്റെ വസതിയില്‍ ജനങ്ങള്‍ കയറുന്നതിന്റേയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. സൈബറടത്തില്‍ ഇത്തരം ചിത്രങ്ങലും വീഡിയോകളും വൈറലാണ്. കൂടാതെ, അസദിന്റെ പിതാവും മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍ അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് തലസ്ഥാന വീഥികളിലൂടെ വലിച്ചിഴച്ച് ജനങ്ങള്‍ വിമതരോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.


 



അസദിന്റെ കൊട്ടാരത്തില്‍ കടന്ന് കൈയില്‍ കിട്ടിയ വസ്തുക്കളെല്ലാം കടുത്തകയാണ് വിമതര്‍ ചെയ്തത്. ലൂയി വിട്ടന്‍ ബാഗുകളും മറ്റ് ആഡംബര വസ്തുക്കളുമെല്ലാം കൈക്കലാക്കിയാണ് അവര്‍ മുങ്ങിയിരിക്കുന്നത്. അസിന്റെ ഭാര്യ അസ്മ അല്‍ അദസിന്റെ ആഢംബര ജീവിത ശൈലിക്ക് ഉതകുന്ന വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടു. വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളു കിടക്കവിരിയും അടക്കം കൊണ്ടുപോയി. കൊട്ടാരത്തില്‍ കയറിയ സെല്‍ഫി ചിത്രങ്ങള്‍ അടക്കം പ്രചിരിക്കുന്നുണ്ട്. സിറിയന്‍ ജനത കഷ്ടത്തിലാണെങ്കിലും അത്യാഢംബരങ്ങളിലാണ് അസദ് കഴിഞ്ഞിരുന്നത്.

അതുപോലെ കൊട്ടാരത്തിലെ ആഢംബക കാറുകളും നാട്ടുകാര്‍ കൊണ്ടുപോയി മെഴ്‌സിഡസ്, ഫെറാറി, ഓഡി കാറുകളാണ് ആയുധധാരികള്‍ കൈയടക്കിയത്. അതേസമയം സിറിയന്‍ സെന്‍ട്രല്‍ ബാങ്കില്‍ അതിക്രമിച്ചു കയറിയ ആക്രമികള്‍ ബാഗുകളില്‍ പണം കൊണ്ടുപോകുന്ന തിരക്കിലായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബാഷര്‍ അല്‍ അസദ് സിറിയ വിട്ടതോടെ ദമാസ്‌കസിലെ പ്രസിഡന്‍ഷ്യല്‍ പാലസിലെ റിസപ്ഷന്‍ ഹാള്‍ വിമതര്‍ കത്തിച്ചു. ജയിലിലെ തടവുകാര്‍ എല്ലാവരും സ്വതന്ത്രരായി. കൊട്ടാരത്തിലേക്ക് ഇരച്ചെത്തിയ വിമതര്‍ അല്‍-അസദ് കുടുംബത്തിന്റെ ചിത്രങ്ങളെല്ലാം ചുവരുകളില്‍ നിന്നെടുത്ത് വലിച്ചിട്ടു. പാലസിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ചാക്കിലാക്കുന്ന വിമതരെയും വീഡിയോയില്‍ കാണാം.

പ്രസിഡന്റിന്റെയും ബ്രിട്ടീഷുകാരനായ അദ്ദേഹത്തിന്റെ ഭാര്യ അസ്മ അല്‍ അസദിന്റെയും വില കൂടിയ വസ്തുക്കളെല്ലാം കൊട്ടാരത്തില്‍ അതിക്രമിച്ച് കയറിയവര്‍ നശിപ്പിച്ചു. കൊട്ടരത്തിലെ അലമാരകളെല്ലാം വിമതര്‍ പരിശോധിച്ച് വിലപിടിപ്പുള്ളതെല്ലാം എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ദമാസ്‌കസിന്റെ പതനത്തോടെ അസദിന്റെ 53 വര്‍ഷത്തെ ക്രൂരമായ രാജവംശ ഭരണം മിന്നല്‍ വേഗത്തില്‍ അവസാനിച്ചുവെന്നാണ് വിമതര്‍ പറയുന്നത്.


 



നാടകീയമായ അട്ടിമറിയിലൂടെയാണ് 1970 ല്‍ ഹാഫിസ് അല്‍ അസദ് സിറിയയുടെ പ്രധാനമന്ത്രിപദത്തിലേക്കെത്തിയത്. പിന്നീട് പ്രസിഡന്റ് പദവിലെത്തിയ അദ്ദേഹം 2000 ല്‍ മരിക്കുന്നതുവരെ പ്രസിഡന്റായി അധികാരത്തില്‍ തുടര്‍ന്നു. തുടര്‍ന്നാണ് ബഷര്‍ അല്‍ അസദ് അധികാരത്തിലെത്തിയത്.

ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് താഹിര്‍ അല്‍-ഷാം രണ്ടാഴ്ച മുന്‍പായിരുന്നു അസദ് ഭരണത്തിനെതിരെ ടെലഗ്രാമിലൂടെ ക്യാമ്പയിന്‍ ആരംഭിച്ചത്. സിറിയയ്ക്ക് പുതിയ യുഗം രചിക്കാന്‍ പോരാടണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാജ്യത്തെ വിമതരെ കൂട്ടുപിടിച്ച് ഹയാത്ത് താഹിര്‍ അല്‍-ഷാം നടത്തിയ ആക്രമണം വിജയം കാണുകയും ദമാസ്‌കസ് പിടിച്ചെടുക്കുകയുമായികുന്നു. 50 വര്‍ഷം നീണ്ട കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിച്ചെന്നാണ് വിമതര്‍ അവകാശപ്പെട്ടത്. ആഗോള ഭീകരസംഘടനയായി കണക്കാക്കുന്ന ഹയാത്ത് താഹിര്‍ അല്‍-ഷാം നടത്തിയ നീക്കങ്ങള്‍ സിറിയയുടെ ഭാവി വീണ്ടും തുലാസിലാക്കിയേക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്.

അസദ് ഭരണകൂടത്തിന്റെ തകര്‍ച്ച റഷ്യക്കും ഇറാനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം അട്ടിമറിക്ക് പിന്നില്‍ പാശ്ചാത്യരാജ്യങ്ങളാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അസദ് രാജ്യം വിട്ടതിനെ തുടര്‍ന്ന് ദമാസ്‌കസിലും മറ്റ് പ്രധാനനഗരങ്ങളിലും ആഹ്‌ളാദപ്രകടനങ്ങള്‍ അരങ്ങേറുകയാണ്. വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും എല്ലായിടത്തും മുഴങ്ങുന്നുണ്ട്.

സിറിയന്‍ അഭയാര്‍ഥികളെ തിരികെ എത്തിക്കമെന്ന് വിമത നേതാക്കള്‍

ഇസ്ലാമിക തീവ്രവാദ ചരിത്രമുള്ളവരാണ് സിറിയയിലെ ഭരണം പിടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സിറിയയുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. അധികാരം പിടിച്ച അവര്‍ ഇപ്പോള്‍ പറയുന്നത് പഞ്ചാരയില്‍ പൊതിഞ്ഞ വാക്കുകളാണ്. സമാധാനപരമായ സഹവര്‍ത്തിത്വവും ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും സുരക്ഷയും പുതിയ ഭരണകൂടത്തിന്റെ നയമാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. നീതിയുടെയും സമത്വത്തിന്റെയും അടിത്തറയില്‍ രാഷ്ട്രത്തെ പുനര്‍നിര്‍മിക്കുന്നതിലാണ് ശ്രദ്ധയെന്ന് കമാന്‍ഡ് ഓഫ് മിലിട്ടറി ഓപറേഷന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.


 



യു.എന്‍ ഓഫിസുകള്‍ ഉള്‍പ്പെടെ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര, മാനുഷിക സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും തുടര്‍ച്ചക്കും സിറിയയുടെ പുതിയ നേതൃത്വം ഊന്നല്‍ നല്‍കി. സിറിയക്കാരായ ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്തു. ദുര്‍ബലരായ ജനങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ക്രിസ്ത്യന്‍ പ്രദേശമായ വാദി അല്‍ നസറക്കുള്ള സന്ദേശത്തില്‍ രാഷ്ട്രീയകാര്യ വകുപ്പ് വ്യക്തമാക്കി.

ദേശീയ ഘടനയുടെ അവിഭാജ്യ ഘടകമാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍. എല്ലാ പൗരന്മാരെയും ചേര്‍ത്തുനിര്‍ത്താന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധമാണ്. ഇരുണ്ട അധ്യായം അവസാനിപ്പിച്ച് സിറിയയുടെ ഭാവി കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് വിപ്ലവ നേതാക്കള്‍ പറഞ്ഞു.

ബശ്ശാറുല്‍ അസദിന് സൈനികമായും രാഷ്ട്രീയമായും പിന്തുണ നല്‍കിയ റഷ്യ, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കു നേരെയും മുന്‍വിധികളില്ലാതെ ഇടപെടാന്‍ പുതുനേതൃത്വം സന്നദ്ധത അറിയിച്ചു. പരസ്പര ബഹുമാനത്തിലും പൊതുതാല്‍പര്യത്തിലും അധിഷ്ഠിതമായ നയതന്ത്ര ബന്ധം എല്ലാവരോടും തുടരാനാണ് താല്‍പര്യമെന്ന് രാഷ്ട്രീയകാര്യ വകുപ്പ് അറിയിച്ചു. വിനയത്തോടും കരുതലോടുംകൂടി പ്രവര്‍ത്തിക്കാന്‍ പോരാളികളോട് വിപ്ലവനേതാവ് അബൂ മുഹമ്മദ് അല്‍ജൗലാനി ആഹ്വാനം ചെയ്തു.


 



''പോരാളികള്‍ ജനങ്ങളോട് സൗമ്യമായി പെരുമാറുക, അവരോട് ദയയും ബഹുമാനവും കാണിക്കുക. പൊതു സ്ഥാപനങ്ങള്‍ സംരക്ഷിക്കുക, കാരണം അവ മഹത്തായ സിറിയന്‍ ജനതയുടേതാണ്. തടവുകാരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയ സിറിയയില്‍ ഓരോ സിറിയക്കാരനും ബഹുമാനിക്കപ്പെടും'' -അല്‍ജൗലാനി പറഞ്ഞു.

Tags:    

Similar News