അവരെ വലിയ താല്‍പര്യമൊന്നുമില്ല; പക്ഷേ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബിസിനസ് വളരാന്‍ ഉപകരിക്കും; അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനം വെട്ടിക്കുറയ്ക്കുന്നത് അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് സാമ്പത്തികമായി ദോഷകരമായി ബാധിക്കും; വിദേശ വിദ്യാര്‍ഥികളെ പിന്തുണച്ച് ട്രംപ്

അവരെ വലിയ താല്‍പര്യമൊന്നുമില്ല; പക്ഷേ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബിസിനസ് വളരാന്‍ ഉപകരിക്കും

Update: 2025-11-12 06:37 GMT

വാഷിങ്ടണ്‍: അടുത്തകാലത്തായി അമേരിക്കയിലേക്ക് വിദേശ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ എത്തുന്നതിന് എതിരായ സമീപനമായിരുന്നു ഭരണകൂടം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ട്രംപ് വീണ്ടും ഉദാര മനസ്സു കാണിക്കുകയാണ്. ബിസിനസ് മനോഭാവത്തോടെയാണ് ഈ വിഷയത്തില്‍ ട്രംപിന്റെ ഇടപെടല്‍. വിദേശ വിദ്യാര്‍ഥികളെ തനിക്ക് താല്‍പര്യമില്ലെങ്കിലും അവര്‍ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാമ്പത്തികമായി ശക്തമായി നിലനിര്‍ത്തുന്നതിന് നല്ലതാണെന്ന് ട്രംപ് പറഞ്ഞു.

ഇത് വ്യാവസായിക വളര്‍ച്ചയ്ക്ക് സഹായകരമാണെന്നും ട്രംപ്. ഫോക്‌സ് ന്യൂസ് അവതാരക ലോറ ഇന്‍ഗ്രാമിനോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനം വെട്ടിക്കുറയ്ക്കുന്നത് അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് സാമ്പത്തികമായി ദോഷകരമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇത്തരം യൂണിവേഴ്‌സിറ്റികള്‍ പലതും നിലനില്‍ക്കുന്നത് തന്നെ വിദേശ ട്യൂഷനെ ആശ്രയിച്ചാണെന്നും ട്രംപ് ഓര്‍മിപ്പിച്ചു.

ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വരുത്തിയ ഗണ്യമായ കുറവ് അമേരിക്കയിലെ പകുതി കോളേജുകളുടെയും നടത്തിപ്പിന് വെല്ലുവിളിയാകുമെന്നും ട്രംപ് വാദിച്ചു. 'എനിക്കവരെ ഇവിടെ വേണ്ടതു കൊണ്ടല്ല, ഞാന്‍ ഇതൊരു ബിസിനസ് ആയിട്ടാണ് കാണുന്നത്'-ട്രംപ് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ആയിരക്കണക്കിന് വിസകളാണ് ഇിതനകം റദ്ദാക്കപ്പെട്ടിട്ടുള്ളത്. പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ചില വിദേശ വിദ്യാര്‍ഥികള്‍ക്ക് അറസ്റ്റോ നാടുകടത്തലോ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യമാണ് യുഎസ് എംബസികള്‍ക്ക് സ്റ്റുഡന്റ് വിസ അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നിര്‍ദേശം നല്‍കിയത്. പിന്നീട് കര്‍ശനമായ പരിശോധനകളോടെ അവ പുനരാരംഭിക്കുകയായിരുന്നു.

മൊത്തം ബിരുദ പ്രവേശനത്തിന്റെ 15 ശതമാനത്തില്‍ താഴെ മാത്രമായി അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പരിമിതപ്പെടുത്താനും, ഒരു രാജ്യത്ത് നിന്നുള്ള 5 ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ അനുവദിക്കാതിരിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിയാണ് ഭരണകൂടം നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്ഥാപനങ്ങള്‍ ഈ നടപടിയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

Tags:    

Similar News