കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാം; യുഎസിലേക്കു ചേര്‍ന്നാല്‍ ഒരു നികുതിയുമുണ്ടാകില്ല; റഷ്യ, ചൈന കപ്പലുകള്‍ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെടാം; ഒരുമിച്ചു നിന്നാല്‍ എത്ര മികച്ച രാജ്യമായി മാറാം; ട്രൂഡോയുടെ രാജിക്ക് പിന്നാലെ ട്രംപിന്റെ ഓഫര്‍ ഇങ്ങനെ
കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാം;
വാഷിങ്ടന്‍: കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ കാനഡക്ക് മുന്നില്‍ ഓഫര്‍ വെച്ചു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാം എന്ന വാഗ്ദാനമാണ് ട്രംപ് മുന്നോട്ടു വെച്ചത്. നേരത്തെ മുന്നോട്ടു വെച്ച ആശയം തന്നെയാണ് അ്‌ദേഹം വീണ്ടും ആവര്‍ത്തിക്കുന്നത്.
ജനപ്രിയത കുറയുകയും ലിബറല്‍ പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്ന സമ്മര്‍ദ്ദവും മൂലമാണ് ട്രൂഡോ രാജിവച്ചത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തു തുടരും. ഈ വര്‍ഷം അവസാനത്തേക്കാണു കാനഡയില്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ട്രൂഡോയുമായി ഒട്ടും മികച്ച ബന്ധമല്ല ട്രംപിനുള്ളത്.
2017-2021ലെ ട്രംപിന്റെ ആദ്യ ഭരണകാലത്തുപോലും ഇരുവരും തമ്മില്‍ അത്ര സുഖകരമായ ബന്ധം ഉണ്ടായിട്ടില്ല. നവംബറിലെ തിരഞ്ഞെടുപ്പിനു പിറ്റേന്ന് വിജയിച്ചതിന്റെ ആഡംബര ക്ലബായ മാര്‍-എ- ലാഗോയില്‍വച്ച് നവംബര്‍ അഞ്ചിനായിരുന്നു ഇത്. പലവട്ടം സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു.
''യുഎസിന്റെ 51ാം സംസ്ഥാനമാകാന്‍ കാനഡയില്‍ നിരവധിപ്പേര്‍ ഇഷ്ടപ്പെടുന്നു. കാനഡയ്ക്ക് മുന്നോട്ടുപോകാന്‍ നല്‍കുന്ന സബ്‌സിഡികളും അവരുമായി നടത്തുന്ന ഇടപാടുകളിലെ വ്യാപാരക്കമ്മിയും യുഎസിന് താങ്ങാനാകുന്നില്ല. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇത് അറിയാം. അതുകൊണ്ട് അദ്ദേഹം രാജിവച്ചു. കാനഡ യുഎസിലേക്കു ചേര്‍ന്നാല്‍ ഒരു നികുതിയുമുണ്ടാകില്ല. നികുതികള്‍ താഴേക്കുപോകും. റഷ്യ, ചൈന കപ്പലുകള്‍ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയില്‍നിന്ന് പൂര്‍ണമായും രക്ഷപ്പെടാം. ഒരുമിച്ചുനിന്നാല്‍ എത്ര മികച്ച രാജ്യമായി മാറാം'' ട്രൂഡോ രാജിവച്ചതിനുപിന്നാലെ ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ 'നിര്‍ദേശ'ത്തോട് കാനഡ പ്രതികരിച്ചില്ല. തെക്കന്‍ അതിര്‍ത്തിവഴി അനധികൃതമായി ആളുകളെ കടത്തിവിടുന്നതും ലഹരിമരുന്നു കടത്തും അവസാനിപ്പിക്കാന്‍ കാനഡ തയാറായില്ലെങ്കില്‍ 25 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണിയും ട്രംപ് നടത്തിയിട്ടുണ്ട്. കാനഡയുടെ ഗവര്‍ണറെന്നു വിളിച്ച് ട്രംപ് ട്രൂഡോയെ നിരന്തരം പരിഹസിച്ചിരുന്നു.
പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 വര്‍ഷമായി പാര്‍ട്ടിയുടെ നേതാവാണ് ട്രൂഡോ. ഇതില്‍ ഒമ്പതുവര്‍ഷവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹമായിരുന്നു..
പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എം.പിമാരില്‍ 131-ഓളം പേര്‍ പാര്‍ട്ടിക്ക് എതിരാണെന്നായിരുന്നു റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ 20 മുതല്‍ 23 എം.പിമാരുടെ പിന്തുണ മാത്രമാണ് ട്രൂഡോയ്ക്ക് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നും സൂചനയുണ്ടായിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി.