യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ മുതലെടുക്കുന്നു, അതില്‍ അയര്‍ലന്റും ഉള്‍പ്പെടും അതില്‍ സംശയമെന്താണ്? അയര്‍ലന്റ് പ്രധാനമന്ത്രി ഒപ്പമിരിക്കവേ ആ രാജ്യത്തെ അവഹേളിച്ചു ട്രംപ്; വാപൊളിച്ചു മൈക്കല്‍ മാര്‍ട്ടിന്‍

യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ മുതലെടുക്കുന്നു

Update: 2025-03-13 08:27 GMT

വാഷിംഗ്ടണ്‍: അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ആ രാജ്യത്തെ പരസ്യമായി അപമാനിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അമേരിക്കയെ മുതലെടുക്കുകയാണെന്നാണ് ട്രംപ് അധിക്ഷേപിച്ചത്. വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ അയര്‍ലന്‍ഡിലെ പ്രധാനമന്ത്രിയായ മൈക്കല്‍ മാര്‍ട്ടിന്റെ സാന്നിധ്യത്തിലാണ് ട്രംപ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയനിലെ അംഗമാണെന്ന കാര്യം ഓര്‍ക്കാതെയാണോ ട്രംപ് ഇത്രയും രൂക്ഷമായ വിമര്‍ശനം നടത്തിയതെന്നാണ് പലരും ചോദിക്കുന്നത്. ട്രംപിന്റെ വാക്കുകള്‍ കേട്ട് മൈക്കല്‍ മാര്‍ട്ടിന്‍ അന്തംവിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അമേരിക്കയെ മുതലെടുക്കുന്നതിനായിട്ടാണ് യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിക്കപ്പെട്ടത് എന്നായിരുന്നു ട്രംപിന്റെ പ്രധാന വിമര്‍ശനം.

അയര്‍ലന്‍ഡും അമേരിക്കയെ മുതലെടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ട്രംപിന്റെ മറുപടി തീര്‍ച്ചയായും അവര്‍ അങ്ങനെയാണ് എന്നായിരുന്നു. അവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് അയര്‍ലന്‍ഡിനോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അവര്‍ ചെയ്യേണ്ട

കാര്യങ്ങള്‍ തന്നെയാണ് ചെയ്തതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ മുതലെടുപ്പ് അനുവദിക്കരുതായിരുന്നു എന്നും തങ്ങള്‍ക്ക് ഉണ്ടായിരുന്നത് മണ്ടന്‍മാരായ നേതാക്കളായിരുന്നു എന്നും ട്രംപ് തുറന്നടിച്ചു.

അവര്‍ക്ക് ഇതിനെ കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നു എന്നും അമേരിക്കന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. അയര്‍ലന്‍ലന്‍ഡില്‍ നിരവധി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് ഉള്ളത്. 50 ലക്ഷം മാത്രം ജനസംഖ്യയുള്ള അയര്‍ലന്‍ഡില്‍ അമേരിക്കന്‍ കമ്പനികള്‍ ഇത്രയും വലിയ മുതല്‍മുടക്കാണ് നടത്തിയിരിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അയര്‍ലന്‍ഡിലും തനിക്ക് സ്വത്തുക്കള്‍ ഉള്ളകാര്യം എല്ലാവര്‍ക്കും അറിയാമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത്രയും വര്‍ഷമായി അമേരിക്ക അയര്‍ലന്‍ഡിന്റെ കാര്യത്തിലും കാട്ടിയത് വലിയ മണ്ടത്തരങ്ങളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അയര്‍ലന്‍ഡിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ കാര്യത്തിലും അമേരിക്ക കാട്ടിയത് മുഴവന്‍ അബദ്ധങ്ങളായിരുന്നു എന്നാണ് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. ഉദാഹരണമായി ട്രംപ് പറഞ്ഞത് ഏതെങ്കിലും മരുന്ന് കമ്പനി അയര്‍ലന്‍ഡില്‍ വ്യവസായം തുടങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞാല്‍ താന്‍ പൊയ്ക്കോളാന്‍ പറയുമെന്നും എന്നാല്‍ നിങ്ങളുടെ ഉത്പ്പന്നങ്ങള്‍ അമേരിക്കയില്‍ വില്‍ക്കാന്‍ എത്തിച്ചാല്‍ 20 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.

അങ്ങനെ താന്‍ പറഞ്ഞിരുന്നു എങ്കില്‍ ആ കമ്പനികളെല്ലാം തന്നെ അമേരിക്കയില്‍ തന്നെ തുടരുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ഐറിഷ് പ്രധാനമന്ത്രിക്ക് ട്രംപിന്റെ ആശങ്കയുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് ആശങ്ക ഉണ്ടായാലും അദ്ദേഹം അത് ഇവിടെ കാണിക്കുകയില്ല എന്നും ട്രംപ് കളിയാക്കി.

Tags:    

Similar News