'ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രം, നിരന്തരം വേട്ടയാടുന്നു'; ന്യൂയോര്‍ക്ക് ടൈംസിനെതിരേ 124,500 കോടിയുടെ മാനനഷ്ടക്കേസുമായി ഡൊണാള്‍ഡ് ട്രംപ്; തന്റെ കുടുംബത്തെക്കുറിച്ചും ബിസിനസുകളെക്കുറിച്ചും നിരന്തരം കള്ളപ്രചാരങ്ങള്‍ നടത്തിയെന്ന് ആരോപണം

'ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രം, നിരന്തരം വേട്ടയാടുന്നു'

Update: 2025-09-16 08:17 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളറിന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മുഖപത്രമായി പത്രം പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നല്‍കിയത്.

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളര്‍ മാനനഷ്ടക്കേസും ലിബല്‍ ലോ സ്യൂട്ടും കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.

ഫ്‌ലോറിഡയില്‍ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ കമല ഹാരിസിനെ ന്യൂയോര്‍ക്ക് ടൈംസ് അംഗീകരിച്ചതായി റിപ്പബ്ലിക്കന്‍ നേതാവായ ട്രംപ് ചൂണ്ടിക്കാട്ടി. തന്നെക്കുറിച്ചും തന്റെ ബിസിനസുകളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് വ്യാജവാര്‍ത്ത നല്‍കുന്നെന്നാണ് ആരോപണം. റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങളെക്കുറിച്ചും അമേരിക്ക ഫസ്റ്റ് മൂവ്‌മെന്റ്, മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (മാഗ) തുടങ്ങിയവയെക്കുറിച്ചും പത്രം കള്ളം പറയുന്നു- ട്രംപ് കുറിച്ചു.

പ്രസിഡന്റ് ആയി തിരിച്ചെത്തിയതിന് ശേഷം മാധ്യമസ്ഥാപനങ്ങളെ ട്രംപ് നിരന്തരം ലക്ഷ്യം വെച്ചിരുന്നു. വാള്‍ട്ട് ഡിസ്നി കമ്പനിയുടെ എബിസിഐയുഎം ട്രംപ് ഇത്തരത്തില്‍ മനനഷ്ടക്കേസില്‍ കുരുക്കുകയുണ്ടായി. തനിക്കെതിരായ പണ്ടത്തെ കോടതി വ്യവഹാരങ്ങള്‍ ഉയര്‍ത്തിക്കാട്ടി അപമാനിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് എബിസിക്ക് ട്രംപിന് വഴങ്ങേണ്ടി വന്നത്.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നോബല്‍ മോഹം അടക്കം പൊളിച്ചടുക്കി കൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് പിണങ്ങിയത് നൊബേലിന്റെ പേരിലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് തന്നെ നാമനിര്‍ദേശം ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇതിന് മോദി സമ്മതിക്കാത്തത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

പാകിസ്താന്‍ ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദേശവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ട്രംപിന്റെ ആവശ്യം അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ ബന്ധം വഷളാവുകയായിരുന്നു. ഇതിന് പ്രതികാരമായാണ് തീരുവ വര്‍ധനവ് അടക്കമുള്ള തീരുമാനവുമായി ട്രംപ് ഭരണകൂടം മുന്നോട്ട് വരുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. ഇതടക്കം നിരവധി റിപ്പോര്‍ട്ടുകള്‍ ന്യൂയാര്‍ക്ക് ടൈംസ് ട്രംപിനെതിരെ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസുമായി ട്രംപ് രംഗത്തുവന്നതും.

Tags:    

Similar News