യുദ്ധം തീരാന്‍ ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണോ? സെലന്‍സ്‌കി അതിന് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ ട്രംപ്; മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനെത്തിയപ്പോള്‍ വത്തിക്കാനില്‍ വെച്ച് സെലന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയിലും ട്രംപ് ഉന്നയിച്ചത് യുദ്ധം തീര്‍ക്കാനുള്ള മാര്‍ഗ്ഗം
യുദ്ധം തീരാന്‍ ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണോ?
കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ പിടിച്ചെടുത്ത ക്രിമിയ വിട്ടു നല്‍കാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തേ ഇത്തരത്തില്‍ മുന്നോട്ട്്് വെച്ച നിര്‍ദ്ദേശങ്ങള്‍ യുക്രൈന്‍ തള്ളിക്കളഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ അവര്‍ അതിന് തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 ല്‍ ആണ് റഷ്യ നിയമവിരുദ്ധമായി ക്രിമിയ പിടിച്ചെടുത്തത്. യുദ്ധം അവസാനിപ്പിക്കാനും വെടിവയ്പ്പ് നിര്‍ത്താനുള്ള കരാറില്‍ ഒപ്പിടാനും ട്രംപ് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നേടിയെടുക്കാന്‍ കഴിയുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയ ട്രംപ് അവിടെ എത്തിയ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വളരെ ഹ്രസ്വമായിരുന്നു ഈ കൂടിക്കാഴ്ച എങ്കിലും വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇരു നേതാക്കളും തമ്മില്‍ചര്‍ച്ച ചെയ്തിരുന്നു എന്നാണ് കരുതപ്പെടുന്നത്. വത്തിക്കാനില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് ട്രംപ് ഈ പ്രസ്താവന നടത്തുന്നത്. സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നു എന്നാണ് എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറ്റ്ഹൗസില്‍ വെച്ച് സെലന്‍സ്‌കിയുമായി നടത്തിയ വാക്പോരിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ഇപ്പോള്‍ വളരെ ശാന്തനാണ് എന്നാണ് ട്രംപ് മറുപടി നല്‍കിയത്.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം മാത്രമേ ഭൂമി വിട്ടു കൊടുക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നാണ് സെലന്‍സ്‌കിയുടെ നിലപാട്.പ്രാദേശികമായി ഏതെങ്കിലും ഇളവുകള്‍ നല്‍കി പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കുകയില്ല എന്നാണ് യുക്രൈന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നത്. ട്രംപിന്റെ ഏറ്റവും പുതിയ അഭിപ്രായ പ്രകടനങ്ങളോട് സെലെന്‍സ്‌കിയോ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോ ഇനിയും പരസ്യമായി പ്രതികരിച്ചിട്ടില്ല.
വെടിനിര്‍ത്തലിന് പകരമായി പ്രാദേശിക ഇളവുകള്‍ നല്‍കുന്ന ഒരു കരാറിന് സമ്മതിക്കരുതെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഉക്രെയ്‌നിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കരുതെന്നും അത് യുക്രൈന്‍ കീഴടങ്ങുന്നതിന് തുല്യമാണെന്നും അദ്ദേഹം ഒരു ജര്‍മ്മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ക്രിമിയ ഉള്‍പ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമിയുടെ വലിയൊരു ഭാഗം യുക്രെയ്നോട് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതേ സമയം പ്രമുഖ അന്തരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ക്രിമിയ പിടിച്ചെടുത്ത റഷ്യയുടെ നിയമവിരുദ്ധമായ നടപടിയെ അമേരിക്ക അംഗീകരിക്കുന്നു എന്നാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു. നാറ്റോ സഖ്യത്തില്‍ യുക്രൈന് അംഗത്വം നല്‍കുന്ന കാര്യവും അമേരിക്ക അംഗീകരിക്കുന്നില്ല.
നിലവില്‍ റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന സപോരിജിയ ആണവ നിലയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് റഷ്യയ്ക്കും ഉക്രെയ്‌നും വൈദ്യുതി നല്‍കാനാണ് പദ്ധതി. സമാധാന ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ പിന്മാറുമെന്ന് യുഎസ് ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2002 ലാണ് റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചത്. ഇപ്പോള്‍ യുക്രൈനിന്റെ ഇരുപത് ശതമാനം ഭൂവിഭാഗവും റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്.