'ആണവ വികസന പദ്ധതിയില്‍ ആദ്യം കരാറില്‍ എത്തുക; സമ്മതിച്ചില്ലെങ്കില്‍ ഇറാനില്‍ ബോംബിടും, കൂടാതെ ഇരട്ടനികുതിയും ചുമത്തും'; ഭീഷണി മുഴക്ക് ട്രംപ്; ആണവപദ്ധതി വിഷയത്തില്‍ യുഎസുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് തുടര്‍ന്ന് ഇറാനും; യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ട്
'ആണവ വികസന പദ്ധതിയില്‍ ആദ്യം കരാറില്‍ എത്തുക; സമ്മതിച്ചില്ലെങ്കില്‍ ഇറാനില്‍ ബോംബിടും,
വാഷിംഗ്ടണ്‍: ഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ആണവ വികസന പദ്ധതിയില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബിടുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇതിനുപുറമേ രണ്ടാംഘട്ട നികുതിയും ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് പ്രസിഡന്റ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ഇറാന്‍ അധികൃതരുമായി സംസാരിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
'അവര്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ബോംബാക്രമണം ഉണ്ടാകും. അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പ് ഞാന്‍ ചെയ്തതുപോലെ ഒരു രണ്ടാംഘട്ട നികുതിയ്ക്കും സാദ്ധ്യതയുണ്ട്.' ട്രംപ് പറയുന്നു. 2015ല്‍ ഇറാനും ലോകരാജ്യങ്ങളും തമ്മിലെ ആണവ വികസന പദ്ധതിയിലെ നിയന്ത്രണത്തിന്റെ കരാറില്‍ നിന്ന് 2017-21 കാലത്തെ ഭരണസമയത്ത് ട്രംപ് പിന്മാറിയിരുന്നു. പിന്നാലെ അമേരിക്ക കടുത്ത ഉപരോധവും ഏര്‍പ്പെടുത്തി.
എന്നാല്‍ ഇറാന്‍ അവരുടെ യുറേനിയം സമ്പുഷ്ടീകരണ ആണവ പദ്ധതിയില്‍ ഏറെ മുന്നോട്ട് പോകുകയുണ്ടായി.ട്രംപിന്റെ ഭീഷണികളെ എന്നാല്‍ നാളിതുവരെ ഇറാന്‍ സര്‍ക്കാര്‍ നിരാകരിക്കുകയാണ് ചെയ്തത്. പുതിയ ആണവ കരാറില്‍ ഏര്‍പ്പെടണം എന്ന ട്രംപിന്റെ ആവശ്യത്തോട് ഒമാന്‍ വഴി ഇറാന്‍ ഒരു കത്തിലൂടെ മറുപടി നല്‍കി. ആണവോര്‍ജം സമ്പുഷ്ടീകരണം വഴി ആണവായുധ നിര്‍മ്മാണമാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നാണ് പടിഞ്ഞാറന്‍ ശക്തികളായ രാജ്യങ്ങളുടെ വാദം. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം പൊതുജനങ്ങള്‍ക്ക് ഊര്‍ജ ആവശ്യങ്ങള്‍ക്കായാണ് ചെയ്യുന്നതെന്നാണ് ഇറാന്‍ ഇക്കാലമത്രയും പറയുന്നത്.
അതേസമയം ആണവപദ്ധതി വിഷയത്തില്‍ യുഎസുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കിയിരുന്നു. നേരിട്ടു ചര്‍ച്ച നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു. ഇതിനോടുള്ള ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
അതേസമയം നേരിട്ടല്ലാതെ, മൂന്നാം കക്ഷി വഴി ചര്‍ച്ചയാകാമെന്ന് പെസഷ്‌കിയാന്‍ സൂചിപ്പിച്ചു, ഉയര്‍ന്ന ഫിസൈല്‍ പ്യൂരിറ്റിയിലേക്ക് യുറേനിയം സമ്പുഷ്ടമാക്കി ആണവായുധ ശേഷി വികസിപ്പിക്കുക എന്ന രഹസ്യ അജണ്ട ഇറാന്‍ നടത്തുന്നുവെന്ന് പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നു. എന്നാല്‍ തങ്ങളുടെ ആണവ പദ്ധതി പൂര്‍ണ്ണമായും സിവിലിയന്‍ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്റെ വാദം. 2018ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് യുഎസ് ഏകപക്ഷീയമായി ഇറാനുമായുള്ള ആണവക്കരാറില്‍നിന്നു പിന്മാറിയത്.
2025 മാര്‍ച്ച് 12ന് തെഹ്റാന്‍ സന്ദര്‍ശിച്ചപ്പോള്‍ മുതിര്‍ന്ന യു.എ.ഇ നയതന്ത്രജ്ഞനായ അന്‍വര്‍ ഗര്‍ഗാഷ് ആണ് യു.എസ് പ്രസിഡന്റിന്റെ കത്ത് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഇറാന്റെ പ്രതികരണത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
യു.എസ് പ്രസിഡന്റായി വന്ന തന്റെ ആദ്യ ടേമില്‍, ഇറാനും ലോകശക്തികളും തമ്മിലുള്ള 2015ലെ കരാറില്‍ നിന്ന് ട്രംപ് അമേരിക്കയെ പിന്‍വലിച്ചിരുന്നു. ഉപരോധങ്ങള്‍ ഒഴിവാക്കുന്നതിനു പകരമായി ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ പരിധികള്‍ വെക്കുകയും ചെയ്തു. തങ്ങളുടെ ആണവ പദ്ധതി പൂര്‍ണ്ണമായും സിവിലിയന്‍ ഊര്‍ജ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.
എന്നാല്‍, ഒരു കരാര്‍ ഉണ്ടാക്കുകയോ സൈനിക പ്രത്യാഘാതങ്ങള്‍ നേരിടുകയോ ചെയ്യണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തെഹ്‌റാന്‍ ഇതുവരെ തള്ളിയിട്ടില്ല. പകരം, ഇറാന്റെ പരമോന്നത നേതാവ് ഖാംനഇയുടെ ഉപദേഷ്ടാവായ കമാല്‍ ഖരാസി, ചര്‍ച്ചകള്‍ക്കുള്ള എല്ലാ വാതിലുകളും അടച്ചിട്ടില്ല എന്ന് പറഞ്ഞു. മറുകക്ഷിയെ വിലയിരുത്തുന്നതിനും സ്വന്തം വ്യവസ്ഥകള്‍ പ്രസ്താവിക്കുന്നതിനും ഉചിതമായ തീരുമാനം എടുക്കുന്നതിനുമായി അമേരിക്കയുമായി പരോക്ഷ ചര്‍ച്ചകള്‍ക്ക് അവര്‍ തയ്യാറാണെന്ന് ഉപദേഷ്ടാവ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.