പോണ്‍ താരം സ്റ്റോര്‍മി ഡാനിയേല്‍സിന് പണം നല്‍കി ഒതുക്കിയ സംഭവം; ഹഷ് മണി കേസില്‍ ട്രംപനെതിരെ ശിക്ഷാവിധി അടുത്തയാഴ്ച; പ്രസിഡന്റായി തിരഞ്ഞെടുത്തതിനാല്‍ എന്നാല്‍ ജയില്‍ ശിക്ഷയോ പിഴയോ ശിക്ഷയായി നല്‍കില്ല; ട്രംപ് അധികാരമേല്‍ക്കുന്നത് ഈമാസം 20ന്

ഹഷ് മണി കേസില്‍ ട്രംപനെതിരെ ശിക്ഷാവിധി അടുത്തയാഴ്ച

Update: 2025-01-04 05:17 GMT

ന്യൂയോര്‍ക്ക്: ഹഷ് മണി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡോണള്‍ഡ് ട്രംപിനുള്ള ശിക്ഷ ജനുവരി 10ന് വിധിക്കും. ന്യൂയോര്‍ക്ക് കോടതി ജഡ്ജി ജുവാന്‍ മെര്‍ച്ചനാണ് വിധി പ്രഖ്യാപന ദിവസം ഔദ്യോഗികമായി അറിയിച്ചത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് അന്നേ ദിവസം നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി. ഈ മാസം 20 നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുക.

ഹഷ് മണി നല്‍കല്‍, ഇത് മറച്ചുവെക്കാന്‍ വ്യാജ ബിസിനസ് രേഖകള്‍ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് ട്രംപിന് ശിക്ഷ വിധിക്കുക. ജനുവരി 20നാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരമേല്‍ക്കുന്നത്. ഇതിന് പത്ത് ദിവസം മുമ്പാണ് ട്രംപിനെതിരായ ശിക്ഷാവിധി വരുന്നതെന്ന് പ്രത്യേകതയുമുണ്ട്. അതേസമയം എന്നാല്‍ ജയില്‍ ശിക്ഷയോ പിഴയോ ശിക്ഷയായി നല്‍കില്ലെന്നാണ് സൂചന. ട്രംപിനെ കേസില്‍ ഉപാധികള്‍ കൂടാതെ വിട്ടയക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തനിക്കെതിരെയുള്ള കേസുകള്‍ ഇല്ലാതാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു.

കേസ് നിയമവിരുദ്ധമാണെന്നും, ശിക്ഷ വിധിക്കാനുള്ള നീക്കം ഉടന്‍ തള്ളിക്കളയണമെന്നും ട്രംപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലും ജോര്‍ജിയയിലും ഉള്‍പ്പടെ നാല് ക്രിമിനല്‍ കേസുകളാണ് ട്രംപ് നേരിടുന്നത്. ഇതില്‍ രണ്ടെണ്ണം ഫെഡറല്‍ സ്വഭാവമുള്ളതാണ്. 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ക്യാമ്പയിനിടെ പോണ്‍സാരം സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയ സംഭവമാണ് ഹഷ് മണി കേസ്. 130,000 അമേരിക്കന്‍ ഡോളര്‍ തുക ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മുഖേന കൈമാറിയെന്നാണ് കണ്ടെത്തല്‍.

എന്നാല്‍ ഇക്കാര്യം വിവാദമാകുമെന്ന സാഹചര്യം കൈവന്നതോടെ പണം നല്‍കിയത് അഭിഭാഷകനാണെന്ന് കാണിക്കാന്‍ ട്രംപ് വ്യാജരേഖകള്‍ ചമച്ചുവെന്നും കേസില്‍ പറയുന്നു. ഹഷ് മണി മറച്ചുവെക്കാന്‍ 34 ബിസിനസ് റെക്കോര്‍ഡുകള്‍ വ്യാജമായി സൃഷ്ടിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതാണ് ഹഷ് മണി കേസ് എന്ന് അറിയപ്പെടുന്നത്. സംഭവത്തില്‍ 2023 മെയ്മാസത്തില്‍ ട്രംപിനെതിരായ വിധി ന്യൂയോര്‍ക്ക് കോടതി ശരിവച്ചിരുന്നു.

നടി സ്റ്റോമി ഡാനിയല്‍സിന് ട്രംപുമായി 'ബന്ധ'മുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഡാനിയല്‍സിന് പറയാനുള്ള 'കഥ' തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരാതിരിക്കാന്‍ നടിക്ക് ട്രംപ് പണം നല്‍കിയെന്നാണ് ആരോപണം. ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ മുഖേനയാണ് പണം കൈമാറിയതെങ്കിലും പിന്നീട് ഇയാള്‍ ട്രംപിനെതിരെ തിരിഞ്ഞു. ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്ന് മൈക്കല്‍ കോഹന്‍ മൊഴി നല്‍കി. തുടര്‍ന്നാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റായ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് മാറിയത് രാജ്യത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാല്‍ തന്റെ നിയമപോരാട്ടം തുടരുമെന്നാണ് ട്രംപിന്റെ പ്രതിജ്ഞ. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News