സിറിയന്‍ പ്രതിസന്ധിയില്‍ മുതലെടുക്കാന്‍ ചാടിയിറങ്ങി തുര്‍ക്കിയും ഇസ്രയേലും ഇറാനും അമേരിക്കയും; തക്കം പാര്‍ത്ത് നീങ്ങാന്‍ റഷ്യ; അസ്സാദ് മടങ്ങില്ലെന്നുറപ്പായാല്‍ ഉടന്‍ തലപൊക്കാന്‍ ഒരുങ്ങി ഒളിച്ചിരുന്ന് ഐസിസ്: സിറിയ ലോകത്തിന് തലവേദനയാകുമ്പോള്‍

സിറിയന്‍ പ്രതിസന്ധിയില്‍ മുതലെടുക്കാന്‍ ചാടിയിറങ്ങി തുര്‍ക്കിയും ഇസ്രയേലും ഇറാനും അമേരിക്കയും

Update: 2024-12-10 03:56 GMT

ദമാസ്‌കസ്: സിറിയയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ ഇക്കാര്യം ഫലപ്രദമായി മുതലെടുക്കാന്‍ തയ്യാറെടുക്കുകയാണ് തുര്‍ക്കിയും ഇസ്രയേലും ഇറാനും അമേരിക്കയും. സിറിയ പിടിച്ചെടുത്ത ജൊലാനിയുടെ നേതൃത്വത്തിലുള്ള വിമതസഖ്യത്തില്‍ അസ്വസ്ഥതകള്‍ തുടങ്ങിയിരിക്കുകയാണ്. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസഖ്യമായ സിറിയന്‍ നാഷണല്‍ ആര്‍മി വടക്കന്‍ സിറിയയില്‍ കുര്‍ദ്‌സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മന്‍ബിജ് മേഖല പിടിച്ചെടുത്തു.

അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ കൈയിലുണ്ടായിരുന്ന പ്രദേശമാണ് മന്‍ബിജ്. കിഴക്കന്‍ സിറിയയിലെ അല്‍മിസ്ത്രിയില്‍ തുര്‍ക്കി ഡ്രോണാക്രമണം നടത്തിയെന്നും ആറു കുട്ടികളുള്‍പ്പെടെ 12 പേര്‍ മരിച്ചെന്നും എസ്.ഡി.എഫ്. പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് അസദിനെതിരേ പോരാടിയ വിമതസംഘങ്ങള്‍ക്കിടയില്‍ അദ്ദേഹം പുറത്തായശേഷവും ഭിന്നത നിലനില്‍ക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായാണ് എസ്.എന്‍.എ. മന്‍ബിജ് പിടിച്ചതിനെ കാണുന്നത്.

അസദിനെ പുറത്താക്കിയ വിമതര്‍ക്കിടിയില്‍ തന്നെ ഇത്തരത്തില്‍ അധികാരത്തിന് വേണ്ടി അഭിപ്രായ ഭിന്നതകള്‍ ഉയരുന്നത് സിറിയന്‍ ജനതക്ക് തന്നെ വിനയായി മാറാനാണ് സാധ്യത എന്നാണ് വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്. വിമത നേതാക്കള്‍ പലരും നേരത്തേ അല്‍ഖൈ്വദ ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ആയിരുന്നു എന്നതും ഇക്കാര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്നു. നിലവിലെ

പ്രശ്നങ്ങള്‍ മുതലെടുത്ത് ഐസിസ് പോലെയുള്ള തീവ്രവാദികള്‍ വീണ്ടും തല പൊക്കാനും അഫ്ഗാനിസ്ഥാനിലെ പോലെ താലിബാന്‍ മോഡല്‍ നടപ്പിലാക്കാനും സാധ്യതയുണ്ടെന്നും പലരും ഭയപ്പെടുന്നു.


 



വിമത നേതാവായ ജുലാനിയും അനുയായികളും ഇപ്പോള്‍ പറയുന്നത് പുതിയ ഭരണത്തില്‍ ജനങ്ങള്‍ക്ക് മേല്‍ സ്ത്രീകളുടെ നേരേ കര്‍ശനമായ വിലക്കുകള്‍ ഒന്നും കൊണ്ടു വരില്ല എന്നാണ്. എന്നാല്‍ ഇത് തീര്‍ത്തും വിശ്വസിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടു എങ്കിലും പ്രധാനമന്ത്രി മുഹമ്മദ് ഗാസി ഗലാനി ഇപ്പോഴും പദവിയില്‍ തുടരുകയാണ്. സമാധാനപരമായ

രീതിയില്‍ അധികാര കൈമാറ്റം നടത്താനായി പരമാവധി ശ്രമം നടത്തുമെന്നാണ് ഗലാനി പറയുന്നത്. വിമതര്‍ ജനങ്ങളോട് ഇപ്പോള്‍ മാന്യമായിട്ടാണ് പെരുമാറുന്നതെന്നാണ് സര്‍ക്കാരും ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ വിമത മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ എച്ച്.ടി.എസിനെ അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും എല്ലാം ഭീകരപ്രസ്ഥാനമായിട്ട് തന്നെയാണ് കണക്കാക്കുന്നത്. തുര്‍ക്കി വിമതര്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം തന്നെ അസദിനെ അനുകൂലിക്കുന്ന റഷ്യയേയും ഇറാനേയും പിന്തുണക്കുന്നു എന്നതാണ് വിചിത്രമായ കാര്യം. സിറിയയില്‍ വിമതര്‍ മുന്നേറിയതും അസദിന് രാജ്യം വിട്ട് പോകേണ്ടി വന്നതും റഷ്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. തങ്ങള്‍ ആഗോള ശക്തിയാണെന്നും അത് കൊണ്ട് തന്നെ വിമത നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഒപ്പമുണ്ടെന്നും അസദിനോട് വീമ്പ് പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് പുട്ടിനും ഇത് വലിയൊരു തിരിച്ചടിയാണ്.

2015 ല്‍ വിമത നീക്കം ആഭ്യന്തര കലാപം ഉണ്ടായപ്പോള്‍ ആയിരക്കണക്കിന് റഷ്യന്‍ ഭടന്‍മാരാണ് അസദിന്റെ സഹായത്തിനായി എത്തിയത്. സിറിയില്‍ റഷ്യക്ക് ഇപ്പോഴും നിരവധി വ്യോമത്താവളങ്ങളുണ്ട്. അതേസമയം, അസദ് സര്‍ക്കാരിന്റെ രാസായുധങ്ങളും ദീര്‍ഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇവ തീവ്രവാദികളുടെ കൈയിലെത്താതിരിക്കാനാണ് ഇതു ചെയ്തതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിദയോന്‍ സാര്‍ പറഞ്ഞു.


 



രാസായുധശേഖരം ഉപേക്ഷിക്കാമെന്ന് സിറിയ 2013-ല്‍ സമ്മതിച്ചിരുന്നു. അസദിനേറ്റ തിരിച്ചടി ഇറാനും വലിയ തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് കടന്ന് കയറി നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഹിസ്ബുളളയേയും ഹമാസിനേയും എല്ലാം സഹായിക്കാനിറങ്ങിയ ഇറാന് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. ഇറാന്‍ വളര്‍ത്തിയ ഹിസ്ബുള്ളയും ഹമാസും തോറ്റ് തുന്നം പാടിയതും ഇറാന് ഭീഷണിയായി മാറി. അസദ് ഭരണകൂടത്തിന്റെ പരാജയത്തെ അമേരിക്ക സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഇപ്പോഴും തൊള്ളായിരത്തോളം അമേരിക്കന്‍ സൈനികര്‍ സിറിയയിലുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ് വ്യോമസേന ഐസിസ് കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണവും നടത്തിയിരുന്നു. എന്നാല്‍ അടുത്ത മാസം ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തുന്നതോടെ അമേരിക്കയുടെ നിലപാടില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നതാണ് ഒരു പ്രശ്നം. അതേസമയം, റഷ്യയിലെ സിറിയന്‍ സ്ഥാനപതികാര്യാലയത്തില്‍ വിമതരുടെ പതാകയുയര്‍ത്തി. സിറിയയിലെ റഷ്യയുടെ സേനാതാവളത്തിന്റെ കാര്യം വിമതരുമായി ചര്‍ച്ചചെയ്യുമെന്ന് സര്‍ക്കാര്‍കേന്ദ്രങ്ങള്‍ അറിയിച്ചു.

2011 മുതല്‍ 2016വരെയുള്ള ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും അസദിന്റെ പ്രധാനസംരക്ഷകരായിരുന്നു റഷ്യ. അതിനിടെ, അസദിന്റെ സഹോദരനും സൈന്യത്തിന്റെ നാലാം ആര്‍മേഡ് ഡിവിഷന്റെ തലവനുമായ മഹെറിന്റെ സഹായി മേജര്‍ ജനറല്‍ അലി മഹ്‌മൂദിന്റെ മൃതദേഹം ഡമാസ്‌കസിലെ ഓഫീസില്‍ കണ്ടെത്തി. മഹ്‌മൂദ് കൊല്ലപ്പെട്ടതാണോ ആത്മഹത്യചെയ്തതാണോ എന്നു വ്യക്തമല്ലെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

Tags:    

Similar News