ഒടുവിലായി തിരഞ്ഞെടുപ്പ് തുടങ്ങിയത് ഹവായിയില്‍; യുഎസിലെ 50 സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു; ഫ്ളോറിഡയിലെ പാം ബീച്ചില്‍ വോട്ട് രേഖപ്പെടുത്തി ട്രംപ്; ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയെന്ന് പ്രതികരണം; ഫുള്‍ടൗണ്‍ കൗണ്ടിയില്‍ വ്യാജ ബോംബ് ഭീഷണിയും
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, പുരോഗമിക്കുന്നു
വാഷിങ്ടണ്‍: ഒടുവിലായി ഹവായിയിലും തിരഞ്ഞെടുപ്പ് തുടങ്ങിയതോടെ യുഎസിലെ 50 സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചു. പതിവിന് വിപരീതമായി അത്യന്തം വാശിയോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. സര്‍വ്വെഫലങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്ന ഫലമായിരിക്കും അന്തിമമായുണ്ടാകുകയെന്ന് പ്രമുഖ നേതാക്കള്‍ പ്രതികരിച്ചു. ഘട്ടംഘട്ടമായാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
ഹവായിയിലും തെരഞ്ഞെടുപ്പ് തുടങ്ങിയതോടെയാണ് മുഴുവന്‍ സംസ്ഥാനങ്ങളിലും നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുള്‍ പിന്നിടുമ്പോള്‍ വോട്ടിങ്ങ് സ്ഥലത്ത് ബോംബ് ഭീഷണിയുണ്ടായതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഭീഷണി വ്യാജമാണെന്നും മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ജോര്‍ജിയയിലെ ഫുള്‍ടന്‍ കൗണ്ടിയില്‍ തിരഞ്ഞെടുപ്പിനിടെ വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. 5 ഇടങ്ങളില്‍ ഭീഷണി സന്ദേശമെത്തിയതിനെത്തുടര്‍ന്ന് രണ്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
വ്യാജ ബോംബ് ഭീഷണികളെത്തിയത് റഷ്യയില്‍ നിന്നാണെന്ന് ജോര്‍ജിയ ആഭ്യന്തര സെക്രട്ടറി ബ്രാഡ് റഫെന്‍സ്പെര്‍ജര്‍ പ്രതികരിച്ചു. ജോര്‍ജിയയിലെ ഫുള്‍ടന്‍ കൗണ്ടിയിലെ രണ്ട് പോളിങ് സ്റ്റേഷനുകളിലാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ആദ്യമണിക്കൂറില്‍ തന്നെ വോട്ടുചെയ്തു. ഭാര്യ മെലാനിയയ്ക്കൊപ്പം ഫ്ളോറിഡയിലെ പാം ബീച്ചിലാണ് ട്രംപ് വോട്ടുചെയ്തത്. വോട്ടിങ് ബൂത്തിലെ നീണ്ട നിര വലിയ അഭിമാനമുണ്ടാക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ.ഡി.വാന്‍സും വോട്ട് രേഖപ്പെടുത്തി.സിന്‍സിനാറ്റിയിലാണ് വാന്‍സ് സമ്മതിദാനവകാശം വിനിയോഗിച്ചത്.രാഷ്ട്രീയ നിരീക്ഷകരും സാധാരണക്കാരുമെല്ലാം ഒരുപോലെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നത്.നേരത്തെ വെര്‍മോണ്ട് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചതോടെയാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്.പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വെര്‍മോണ്ടിലെ പോളിങ് ബൂത്തുകള്‍ ഉണര്‍ന്നത്.
വൈകാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി പോളിങ് ആരംഭിച്ചു.സ്വിങ് സ്റ്റേറ്റുകളായ നോര്‍ത്ത് കാരോലൈന, ജോര്‍ജിയ, മിഷിഗന്‍, പെനിസില്‍വേനിയ എന്നിവയ്ക്കു പുറമെ, ഫ്ലോറിഡ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാന്‍ഡ്, മസാച്യുസിറ്റ്സ്, മിസോറി, റോഡ് ഐലന്‍ഡ്, സൗത്ത് കാരോലൈന, വാഷിങ്ടന്‍ ഡിസി എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്.റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും തമ്മിലാണ് മത്സരം.
മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്.പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പെന്‍സില്‍വേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാര്‍ഥികളുടെയും പ്രചാരണം നടന്നത്.തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകള്‍ക്കെതിരെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളും ജാഗ്രതയിലാണ്.തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യന്‍, ഇറാന്‍ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദേശമുണ്ട്.
ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 5.30-നും 7.30-നുമിടയില്‍ വോട്ടെടുപ്പ് അവസാനിക്കും.വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ എക്സിറ്റ് പോള്‍ ഫലം പുറത്തെത്തും. അപ്പോള്‍ വിജയിയെ അറിയാനാകും. എന്നാല്‍, ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനേ ഉണ്ടാകൂ. 17 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 7.5 കോടി പേര്‍ ബാലറ്റിലൂടെയും ഇ-മെയില്‍ മുഖേനയും മുന്‍കൂര്‍ വോട്ട് ചെയ്തിട്ടുണ്ട്.
ട്രംപ് ജയിച്ചാല്‍ 127 വര്‍ഷത്തിനുശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യു.എസ്. പ്രസിഡന്റാകുന്ന വ്യക്തിയെന്ന ഖ്യാതി അദ്ദേഹത്തിന് സ്വന്തമാകും. കമലയ്ക്കാകട്ടെ യു.എസ്. പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജ എന്നീ നേട്ടങ്ങളും.അതേസമയം അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരാകുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് അലന്‍ ലിക്ട്മന്‍.
ട്രംപിന് നേരിയ മുന്‍തൂക്കം നല്‍കുന്ന അഭിപ്രായ വോട്ടെടുപ്പുകളെ തള്ളിപറഞ്ഞുകൊണ്ടാണ് അലന്‍ ലിക്ടാമാന്റെ പ്രവചനം. ചരിത്രം കുറിച്ചുകൊണ്ട് കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് എന്‍.ഡി.ടി.വിയോട് അദ്ദേഹം പ്രതികരിച്ചു.
അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായും, ആദ്യ ആഫ്രിക്കന്‍- ഏഷ്യന്‍ വംശജയായ പ്രസിഡന്റായും കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടും-അഭിമുഖത്തില്‍ ലിക്ട്മാന്‍ അഭിപ്രായപ്പെട്ടു.കമല ഹാരിസിന് അനുകൂലമായിരുക്കും തിരഞ്ഞെടുപ്പ് ഫലമെന്ന ലിക്ടമാന്റെ ആദ്യ പ്രവചനം പുറത്തുവന്നതോടെ ട്രംപ് അനുകൂലികളുടെ ഇടയില്‍നിന്ന് വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ലിക്ടമാന്‍ പ്രവചനത്തില്‍ ഉറച്ചുനിന്നുകൊണ്ട് പ്രതികരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സ്ട്രാറ്റജികള്‍ക്കും പ്രചാരണങ്ങള്‍ക്കും ഉപരിയായി സര്‍ക്കാരിന്റെ ഭരണനിര്‍വ്വഹണത്തില്‍ ഊന്നിയാണ് അമേരിക്കന്‍ ജനത വോട്ട് ചെയ്യുന്നതെന്നാണ് ലിക്ടമാന്റെ വീക്ഷണം. 1984 മുതല്‍ ലിക്ടമാന്‍ നടത്തിയിട്ടുള്ള യു.എസ് തിരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ പത്തില്‍ ഒമ്പതും ശരിയായിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രവചിച്ച ലിക്ടമാനെ മറ്റ് മുഖ്യധാര പ്രവചന കേന്ദ്രങ്ങള്‍ തള്ളിയെങ്കിലും ഫലം ലിക്ടമാന് അനുകൂലമായിരുന്നു.
എന്നാല്‍ താനും മനുഷ്യനാണെന്നും ഏത് മനുഷ്യനും തെറ്റ് പറ്റാമെന്നും അലന്‍ ലിക്ടമാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത 'കീസ് ടു വൈറ്റ് ഹൗസ്' ഫോര്‍മുലയുടെ സഹായത്തോടെയാണ് ലിക്ടമാന്റെ പ്രവചനം.13 ചോദ്യങ്ങളടങ്ങുന്ന ഫോര്‍മുലയില്‍ ശരി തെറ്റ് എന്നീ ഉത്തരങ്ങളാണുള്ളത്. ഇതില്‍ ആറോ അതില്‍ അധികമോ പ്രതികൂലമായാല്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.