സമ്പന്നര്‍ അമിത നികുതി ഭയന്ന് യുകെ വിടുമ്പോള്‍ ക്രമസമാധാന തകര്‍ച്ചയും കുടിയേറ്റവും മൂലം ചെറുപ്പക്കാരും രാജ്യങ്ങള്‍ വിടുന്നു; ഒരു വശത്ത് അഭയാര്‍ഥികളും ഏഷ്യന്‍ കുടിയേറ്റവും വര്‍ധിക്കുമ്പോള്‍ മറുവശത്ത് നാട് വിടുന്നവര്‍ പെരുകുന്നു: ബ്രിട്ടന്റെ ഭാവി ആശങ്കാജനകം

കുടിയേറ്റവും വര്‍ധിക്കുമ്പോള്‍ മറുവശത്ത് നാട് വിടുന്നവര്‍ പെരുകുന്നു: ബ്രിട്ടന്റെ ഭാവി ആശങ്കാജനകം

Update: 2025-12-07 03:34 GMT

ലണ്ടന്‍: അമിതമായി നികുതി നല്‍കേണ്ടുന്ന സാഹചര്യം ഭയന്ന് ബ്രിട്ടനിലെ അതിസമ്പന്നര്‍ നാട് വിടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, അക്കൂട്ടര്‍ മാത്രമല്ല ബ്രിട്ടന്‍ വിടാന്‍ താത്പര്യപ്പെടുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ തെളിയുന്നത് വര്‍ത്തമാനകാല ബ്രിട്ടന്റെ ദുരന്താവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ ബ്രിട്ടനിലെ യുവാക്കളാണ് കൂട്ടമായി നാട് വിടുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എന്‍ എസ്) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ജൂണിനും 2025 ജൂണിനും ഇടയില്‍, ദീര്‍ഘകാലത്തേക്ക് ബ്രിട്ടനില്‍ താമസത്തിനെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണവും, ബ്രിട്ടന്‍ വിടുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമായ നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞ് 4,45,000 ല്‍ എത്തിയിരുന്നു.

എന്നാല്‍, ഈ കാലയളവില്‍ 6,93,000 പേര്‍ ബ്രിട്ടീഷ് ദ്വീപ് സമൂഹം ഉപേക്ഷിച്ചു പോയി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 2,52,000 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സംഖ്യയാണിത്. മാത്രമല്ല, നാട് വിട്ടുപോകാന്‍ കാത്തു നില്‍ക്കുന്നവരില്‍ ഏറ്റവും മുന്നിലുള്ളത് ജെന്‍ സീ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 16 നും 24 നും ഇടയില്‍ പ്രായമുള്ള 87,000 പേര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള 12 മാസ കാലയളവില്‍ ബ്രിട്ടന്‍ വിട്ട് പോയപ്പോള്‍, 25 മുതല്‍ 34 വയസ്സുവരെ പ്രായമുള്ളവരില്‍ മറ്റൊരു 87,000 പേര്‍ കൂടി നാട് വിട്ടതായി കണക്കുകള്‍ പറയുന്നു. കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ മറ്റിടങ്ങളില്‍ അന്വേഷിക്കുന്ന ഒരു തലമുറ ബ്രിട്ടനില്‍ ഉയര്‍ന്നു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റവും അതിന്റെ ഉപോല്‍പ്പന്നമായ ക്രമസമാധാന തകര്‍ച്ചയുമാണ് ബ്രിട്ടീഷ് യുവതയെ നാട് വിടാന്‍ പ്രേരിപ്പിക്കുന്നതില്‍ പ്രധാന ഘടകം. ആയിരക്കണക്കിന് പൗണ്ട് നികുതിയിനത്തില്‍ നല്‍കിയിട്ടും, റോഡില്‍ നിങ്ങളുടെ കൈകളില്‍ നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ എന്തിനാണ് നികുതി നല്‍കുന്നതെന്നാണ് ഒരു യുവാവ് ചോദിച്ചത്. അതോടൊപ്പം തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്നതും അവരെ അസ്വസ്ഥരാക്കുന്നുണ്ട്.

ബ്രിട്ടന്‍ വിട്ട് പോകുന്നവരുടെ പ്രഥമ പരിഗണന ആസ്‌ട്രേലിയയാണ്. അതോടൊപ്പം കാനഡ, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളും അവരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. സ്പെയിന്‍, ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടന്‍ വിട്ടുപോകുന്ന യുവാക്കളുടെ ലക്ഷ്യസ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. നികുതി രഹിത വരുമാനവും ഒപ്പം ആഡംബര്‍ ജീവിത ശൈലിയുമായി ദുബായും ഏറെ ബ്രിട്ടീഷ് യുവാക്കളെ ആകര്‍ഷിക്കുന്നുണ്ട്. കൂട്ടത്തോടെ ബ്രിട്ടീഷ് യുവത നാടുവിടുന്നത് യു കെയുടെ വ്യാവസായിക മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ചും ആരോഗ്യം, സാങ്കേതിക വിദ്യ, സര്‍ഗാത്മക മേഖല തുടങ്ങിയവയെ ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ബാധിക്കും.

മാത്രമല്ല, യുവാക്കളുടെ എണ്ണം കുറയുന്നതോടെ പെന്‍ഷന്‍ ഫണ്ടിലേക്കും നികുതികളായിട്ടും പൊതുഖജനാവിലേക്കുള്ള പണത്തിന്റെ ഒഴുക്കും കുറയും. ഇത് തീര്‍ച്ചയായും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത്തരത്തില്‍ നാട് വിട്ടുപോയവരെ തിരികെ എത്തിക്കാന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജീവിത ശൈലിയില്‍ വ്യത്യാസങ്ങള്‍ വരുത്തുകയും വേണമെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പറയുന്നത്.

Tags:    

Similar News