കൂടുതല്‍ അധിക സൈനികരെ നിയമിക്കും; സ്‌കൂള്‍ - കോളേജ് പഠനം നിര്‍ത്തുന്നവര്‍ക്ക് മിലിറ്ററി ഗ്യാപ് ഇയറുകള്‍; സൈനികരംഗത്ത് പരിഷ്‌കരണം വരുത്താന്‍ ഒരുങ്ങി ബ്രിട്ടന്‍; റഷ്യ - യുക്രൈന്‍ യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുമെന്ന് പേടിച്ച് യുകെയും സൈനിക സന്നാഹത്തിന്

കൂടുതല്‍ അധിക സൈനികരെ നിയമിക്കും

Update: 2025-11-04 04:50 GMT

ലണ്ടന്‍: റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തെ തുടര്‍ന്ന്, യൂറോപ്പില്‍ എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, യു കെയുടെ മൂന്ന് സൈനിക വിഭാഗങ്ങളിലും വേണ്ടത്ര സൈനികര്‍ ഇല്ല എന്നതാണ് വസ്തുത. സൈന്യത്തിലേക്ക് ആളെ എടുക്കുന്നത് ക്ലേശകരമാകുന്ന സാഹചര്യത്തില്‍, വരുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്‍പായി മിലിറ്ററി ഗ്യാപ് ഇയേഴ്സ് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സ്‌കൂള്‍ - കോളേജ് കാലഘട്ടത്തിന് ശേഷം ഓരോ വ്യക്തിയും, പഠനത്തില്‍ നിന്നും ഇടവേളയെടുത്ത്, ഹ്രസ്വകാലത്തേക്ക് (സാധാരണയായി 12 മാസം) സൈനിക പരിശീലനം നേടുന്ന പദ്ധതിയാണ് മിലിറ്ററി ഗ്യാപ് ഇയര്‍.

അധികാരമേറ്റ ഉടന്‍ തന്നെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ചുമതലപ്പെടുത്തിയ സ്ട്രാറ്റജിക് ഡിവന്‍സ് റീവ്യു (എസ് ഡി ആര്‍) കമ്മിറ്റി, ബ്രിട്ടീഷ് സൈനിക ബലം വര്‍ധിപ്പിക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വെച്ചിരുന്നു. ഇപ്പോള്‍ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ സമാനതകളില്ലാത്തതാണെന്ന് പറഞ്ഞ കമ്മിറ്റി, ഏത് നിമിഷവും ഒരു യുദ്ധമുണ്ടായേക്കാം എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ, രാജ്യത്തെ യുദ്ധ സജ്ജമാക്കി നിര്‍ത്തുന്നതിനുള്ള പദ്ധതികളായിരുന്നു കമ്മിറ്റി നിര്‍ദ്ദേശിച്ചത്. അതില്‍ ഒന്നാണ് മിലിറ്ററി ഗ്യാപ്പ് ഇയേഴ്സ്. അതിനു പുറമെ 8,590 സൈനികരെയെങ്കിലും അടിയന്തിരമായി നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ആസ്‌ട്രേലിയയില്‍ നടപ്പിലാക്കിയ വോളന്ററി മിലിറ്ററി ഗ്യാപ് മാതൃകയില്‍ കൂടുതല്‍ സൈനികരെ നിയമിക്കാനാണ് എസ് ഡി ആറും പ്രതിരോധ മന്ത്രാലയവും ഉദ്ദേശിക്കുന്നത്. കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു എന്നും അത് വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി നടപ്പിലാക്കുമെന്നുമാണ് പ്രതിരോധ സെക്രട്ടരി ഐ ടി വി ന്യൂസിനോട് പറഞ്ഞത്. യുവാക്കളെ സൈനിക ജോലികളില്‍ തത്പരരാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

റഷ്യ, യുക്രൈന് മേല്‍ ആക്രമണം നടത്തിയപ്പോള്‍ മുതല്‍ ബ്രിട്ടന്‍-യുകെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. റഷ്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ ബ്രിട്ടന്‍, റഷ്യന്‍ ഉടമസ്ഥതയിലുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ക്കു നയതന്ത്രപദവി പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീലെ ബ്രിട്ടീഷ് നിര്‍മ്മിത മിസൈലായ സ്‌റ്റോം ഷാഡോ യുക്രൈന് നല്‍കുകയുമുണ്ടായി.

ദീര്‍ഘദൂര മിസൈലുകളാണ് സ്റ്റോം ഷാഡോ, അവയ്ക്ക് എത്തിച്ചേരാന്‍ കഴിയുന്ന പരമാവധി ദൂരം ഏകദേശം 250 കിലോമീറ്റര്‍ (155 മൈല്‍) ആണ്. ഇത് ഒരു വിമാനത്തില്‍ നിന്നാണ് വിക്ഷേപിക്കപ്പെടുന്നത്, തുടര്‍ന്ന് ശബ്ദത്തിന്റെ വേഗത്തോട് അടുത്ത് പറക്കുന്നു, ലക്ഷ്യത്തിലെത്തിച്ചേരുകയും ഉയര്‍ന്ന സ്‌ഫോടകശേഷിയുള്ള വാര്‍ഹെഡ് പൊട്ടിത്തെറിക്കുകയും ചെയ്യും.

യുക്രെയ്നിനെതിരായ യുദ്ധത്തില്‍ റഷ്യ ഉപയോഗിച്ചതുപോലുള്ള കഠിനമായ ബങ്കറുകളിലേക്കും വെടിമരുന്ന് സ്റ്റോറുകളിലേക്കും തുളച്ചുകയറുന്നതിനുള്ള അനുയോജ്യമായ ആയുധമായി സ്റ്റോം ഷാഡോ കണക്കാക്കപ്പെടുന്നു. ഓരോ മിസൈലിനും ഏകദേശം 1 മില്യണ്‍ യുഎസ് ഡോളര്‍ (767,000 പൗണ്ട്) ചിലവാകും. യുക്രെയ്ന്‍ സ്റ്റോം ഷാഡോ മിസൈലുകള്‍ ഉപയോഗിച്ചു റഷ്യയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.

Tags:    

Similar News