ലേബര്‍ സര്‍ക്കാരിനെ കുറിച്ച് നല്ലത് പറയുന്നത് പത്ത് ശതമാനം മാത്രം; എന്നാല്‍ പ്രതിപക്ഷത്തേക്കാള്‍ ഭേദം; നല്ലത് തെരഞ്ഞെടുക്കാനില്ലാതെ വെള്ളം കുടിച്ച് ബ്രിട്ടീഷ് ജനത: ഏറ്റവും പുതിയ സര്‍വേയില്‍ ബ്രിട്ടനിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ജനപിന്തുണ ഇങ്ങനെ

ലേബര്‍ സര്‍ക്കാരിനെ കുറിച്ച് നല്ലത് പറയുന്നത് പത്ത് ശതമാനം മാത്രം

Update: 2025-01-27 02:08 GMT

ലണ്ടന്‍: ജനാധിപത്യത്തിന്റെ ഏറ്റവും ശോചനീയമായ അവസ്ഥ എന്ന് പറയുന്നത്, തെരഞ്ഞെടുക്കപ്പെടാന്‍ ഒരു പകരം പാര്‍ട്ടി ഇല്ലാതെ വരുന്നതാണ്. ശക്തവും, ജനവിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിവുമുള്ള ഒരു പ്രതിപക്ഷത്തിന്റെ അഭാവമാണ് അത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്. ബ്രിട്ടന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അതുപോലൊരു അവസ്ഥയാണ്. ഏറ്റവും പുതിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തിലൊരാള്‍ മാത്രമാണ് ലേബര്‍ സര്‍ക്കാര്‍ നല്ല പ്രവൃത്തികളാണ് ചെയ്യുന്നത് എന്ന് പറഞ്ഞത്.

ഞായറാഴ്ച മെയില്‍ ഓണ്‍ സണ്‍ഡേയില്‍ പ്രസിദ്ധീകരിച്ച സര്‍വ്വേഫലം പറയുന്നത് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ചാന്‍സലര്‍ റേയ്ച്ചല്‍ റീവ്‌സിനാണ് എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ കേവലം 2 ശതമാനം പേര്‍ മാത്രമാണ് ബ്രിട്ടീഷ് സമ്പദ്ഘടന മെച്ചപ്പെട്ട രീതിയിലാണ് എന്നുപറഞ്ഞത്. മുന്‍ കണ്‍സര്‍വേറ്റീവ് ഡെപ്യൂട്ടി ചെയര്‍മാന്‍ ലോര്‍ഡ് ആഷ്‌ക്രോഫ് നടത്തിയ പഠനം പറയുന്നത് 2024 ലെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തവരില്‍ പലരും ഇന്ന് പശ്ചാത്തപിക്കുകയാണ് എന്നാണ്. കഴിഞ്ഞ തവണ ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്ത 100 പേരില്‍ 59 പേര്‍ മാത്രമായിരിക്കും ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ ലേബര്‍പാര്‍ട്ടിക്ക് വോട്ടു ചെയ്യുകയുള്ളു എന്നും സര്‍വ്വേഫലം പറയുന്നു.

ജനപിന്തുണയില്‍ വന്‍ ഇടിവ് വരാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്നാണ് ലോര്‍ഡ് ആഷ്‌ക്രോഫ് പറയുന്നത്. വിന്റര്‍ ഫ്യുവല്‍ അലവന്‍സ് നിര്‍ത്തലാക്കിയത്, ചെറുയാനങ്ങളിലെത്തുന്ന അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചത്, നികുതി വര്‍ദ്ധനവ്, തകരുന്ന സമ്പദ്ഘടന, നിറവേറ്റപ്പെടാതിരുന്ന വാഗ്ദാനങ്ങള്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ലേബര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വ്യക്തി ജീവിതത്തില്‍ എങ്ങനെ ബാധിച്ചു എന്ന ചോദ്യത്തിന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വെറും 5 ശതമാനം പേര്‍ മാത്രമായിരുന്നു സര്‍ക്കാരിന് അനുകൂലമായി മറുപടി പറഞ്ഞത്. 43 ശതമാനം പേരുടെ മറുപടി വ്യക്തമായും സര്‍ക്കാരിനെതിരായിരുന്നു.

ഏറ്റവും ദുഃഖകരമായ വസ്തുത വോട്ടര്‍മാരില്‍ കേവലം 5 ശതമാനം പേര്‍ക്ക് മാത്രമാണ് ഭാവിയെ കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളത് എന്നാണ്. 82 ശതമാനം പേര്‍ സമ്പദ്ഘടന നല്ല നിലയിലല്ല എന്ന് വിശ്വസിക്കുമ്പോള്‍ 57 ശതമാനം പേര്‍ വിശ്വസിക്കുന്നത് സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ല എന്നാണ്. ലേബര്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് പുറമെ മുന്‍ സര്‍ക്കാരിന്റെ ചെയ്തികളും ഒപ്പം ചില ആഗോള സംഭവവികാസങ്ങളും ബ്രിട്ടന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. പ്രധാനമന്ത്രിക്ക് അനുകൂലമായ ഒരു ഘടകം ശക്തനായ ഒരു എതിരാളി ഇല്ല എന്നതു തന്നെയാണ്.

സജീവമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നത് ആരെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര്‍ (27 ശതമാനം) പറഞ്ഞത് ആരുമില്ല എന്നായിരുന്നു. റിഫോം യു കെ പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫരാജിന്റെ പേര് 21 ശതമാനം പേര്‍ പറഞ്ഞപ്പോള്‍, പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവ് കെമി ബേഡ്‌നോക്കിന് ലഭിച്ചത്. കേവലം 14 ശതമാനം ആളുകളുടെ പിന്തുണ മാത്രമായിരുന്നു. ഏറ്റവും നല്ല പ്രധാനമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിനും 31 ശതമാനം പേര്‍ സര്‍ കീര്‍ സ്റ്റാര്‍മറുടെ പേര് പറഞ്ഞപ്പോള്‍, 21 ശതമാനം പേര്‍ ഫരാജിന്റെ പേരും 11 ശതമാനം പേര്‍ ബേഡ്‌നോക്കിന്റെ പേരും പറഞ്ഞു.

സാധാരണ ഗതിയില്‍ ടോറികളെ എതിര്‍ക്കുന്ന 16 ഉം 17 ഉം വയസ്സുള്ളവര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള സ്റ്റാര്‍മറുടെ പദ്ധതിയും ഭാഗികമായിട്ടെങ്കിലും തടയപ്പെടും എന്നാണ് ഈ സര്‍വ്വേഫലം പറയുന്നത്. 54 ശതമാനം പേരാണ് ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നത്. 2030 ഓടെ ഇലക്ട്രിസിറ്റി ഗ്രിഡ് ഡീകാര്‍ബണൈസ് ചെയ്യാനുള്ള എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡിന്റെ നീക്കത്തിനെതിരായാണ് കൂടുതല്‍ പേര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഹരിത ലക്ഷ്യങ്ങള്‍ക്ക് പുറകെ പായുന്നത് ജീവിത ചെലവുകള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് കഴിഞ്ഞ തവണ ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തവരില്‍ പത്തില്‍ ആറുപേര്‍ പറയുന്നത്.

Tags:    

Similar News