ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ നിന്ന് കാനഡ ഔട്ട്! അമേരിക്ക ഉള്ളതുകൊണ്ടാണ് കാനഡ ജീവിക്കുന്നത്' എന്ന് പരിഹാസം; 'അമേരിക്കയുടെ ഔദാര്യം വേണ്ട' എന്ന് കാര്‍ണി; കാനഡയെയും ഗ്രീന്‍ലാന്‍ഡിനെയും യുഎസ് പതാക പുതപ്പിച്ച് ട്രംപിന്റെ മാപ്പ്; കാനഡയുമായുള്ള ചരിത്രബന്ധം തകര്‍ച്ചയുടെ വക്കില്‍
ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ നിന്ന് കാനഡ ഔട്ട്!
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീഴുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ (WEF) കാര്‍ണി നടത്തിയ പരാമര്‍ശങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ക്രമത്തില്‍ വലിയൊരു മാറ്റം (Rupture) വന്നിരിക്കുകയാണെന്നും, കേവലം അനുസരണ പ്രകടിപ്പിക്കുന്നത് കൊണ്ട് മാത്രം വന്‍ശക്തികളുടെ കടന്നുകയറ്റത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും കാര്‍ണി തുറന്നടിച്ചിരുന്നു. ഇത് ട്രംപിന്റെ വിദേശനയങ്ങള്‍ക്കുള്ള വിമര്‍ശനമായാണ് വിലയിരുത്തപ്പെട്ടത്.
കാര്‍ണിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ കടുത്ത പരിഹാസവുമായി ട്രംപ് രംഗത്തെത്തി. 'അമേരിക്ക കാരണമാണ് കാനഡ ഇന്ന് നിലനില്‍ക്കുന്നത് എന്ന കാര്യം മാര്‍ക്ക് കാര്‍ണി മറക്കരുത്' എന്നായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം. ഇതിന് പിന്നാലെ, ആഗോള തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്' (Board of Peace) എന്ന സമിതിയിലേക്കുള്ള കാനഡയുടെ ക്ഷണം അദ്ദേഹം റദ്ദാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഈ നയതന്ത്രപരമായ നീക്കം നടത്തിയത്. സമിതിയില്‍ അംഗത്വത്തിനായി കാനഡ പണം നല്‍കാന്‍ തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഈ നടപടി.
ട്രംപിന്റെ കടന്നാക്രമണത്തിന് ക്യൂബെക്ക് സിറ്റിയില്‍ വെച്ച് മാര്‍ക്ക് കാര്‍ണി ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. കാനഡ നിലനില്‍ക്കുന്നത് അമേരിക്കയുടെ ഔദാര്യം കൊണ്ടല്ലെന്നും മറിച്ച് കനേഡിയന്‍ ജനതയുടെ കഠിനാധ്വാനം കൊണ്ടാണ് രാജ്യം തഴച്ചുവളരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകം ജനാധിപത്യ തകര്‍ച്ച നേരിടുന്ന ഈ കാലഘട്ടത്തില്‍ കാനഡ ഒരു വഴികാട്ടിയായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായുള്ള വ്യാപാരബന്ധത്തെ മാനിക്കുമ്പോള്‍ തന്നെ, സ്വന്തം പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കാന്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് കാനഡയുടെ പുതിയ തീരുമാനം.
എന്നാല്‍, ഈ തര്‍ക്കങ്ങള്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. കാനഡയുടെ കയറ്റുമതിയുടെ മുക്കാല്‍ ഭാഗവും അമേരിക്കയിലേക്കാണ് പോകുന്നത്. വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പരിഷ്‌കരിക്കാനുള്ള ചര്‍ച്ചകള്‍ വരാനിരിക്കെ, കാനഡയുടെ ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന ട്രംപിന്റെ നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കാനഡയെയും ഗ്രീന്‍ലാന്‍ഡിനെയും അമേരിക്കന്‍ പതാക കൊണ്ട് മൂടിയ ഭൂപടം ട്രംപ് അടുത്തിടെ പങ്കുവെച്ചത് ഈ നയതന്ത്ര യുദ്ധം കൂടുതല്‍ വഷളാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള വ്യവസ്ഥിതിയില്‍ നിന്ന് കാനഡ പതുക്കെ അകലുന്നതായാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ട്രംപിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ കാര്‍ണി തയ്യാറായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അമേരിക്കന്‍ ആധിപത്യത്തിന് പുറത്ത് ഒരു ബദല്‍ ശക്തിയായി കാനഡയ്ക്ക് വളരാനാകുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
