നിക്കോളസ് മഡൂറോയും ഭാര്യയും ജീവനോടെയുണ്ടെന്നുള്ള തെളിവ് നല്‍കണം; ആവശ്യവുമായി വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്; അമേരിക്കയ്ക്ക് കീഴടങ്ങില്ലെന്നും പ്രഖ്യാപനം; മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് രാജ്യത്തലവനെ ബന്ദിയാക്കി കടത്തിയ അമേരിക്കന്‍ നടപടിയില്‍ ലോകത്തിന് ഞെട്ടല്‍
നിക്കോളസ് മഡൂറോയും ഭാര്യയും ജീവനോടെയുണ്ടെന്നുള്ള തെളിവ് നല്‍കണം
കരാക്കാസ്: മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് വെനസ്വേലയില്‍ അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണം നടത്തി പ്രസിഡന്റ് മദുറോയെ തടവിലാക്കിയ നടപടി ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ലോക സമാധാനത്തിന് വേണ്ടി നിലകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. യു.എസ്. അമേരിക്കന്‍ സൈന്യത്തിന്റെ ഡെല്‍റ്റ ഫോഴ്‌സാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയേയും ഭാര്യയേയും തടവിലാക്കിയത്. യു.എസ് മിലിറ്ററിയുടെ തീവ്രവാദ വിരുദ്ധസേനയാണ് ഡെല്‍റ്റ ഫോഴ്‌സ്.
നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ളോറസും എവിടെയാണെന്നത് അറിയില്ലെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്. മഡൂറോയുടെയും ഭാര്യയുടേയും വസ്തുവകകള്‍ എവിടെയാണന്നത് സംബന്ധിച്ച് ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ ജീവനോടെയുണ്ടെന്ന് തെളിവുകള്‍ വേണമെന്നും ഡെല്‍സി റോഡ്രിഗസ് ആവശ്യപ്പെട്ടു. അമേരിക്കയ്ക്ക് വെനസ്വേല കീഴടങ്ങില്ലെന്നും ഡെല്‍സി പ്രഖ്യാപിച്ചു.
അതേ സമയം, അമേരിക്കന്‍ കടന്നാക്രമണത്തിന് പിന്നാലെ കൊളംബിയ തങ്ങളുടെ സേനകളെ വെനസ്വേലന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ഗുസ്താവോ പെട്രോ അറിയിച്ചു. മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് മദുറോയെ തടവിലാക്കിയത്. മദുറോയെ തടവിലാക്കിയ വിവരം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. വെനസ്വേലയില്‍ വന്‍ ആക്രമണം നടത്തി. നിക്കാളോസ് മദുറോയേയും ഭാര്യയേയും തടവിലാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആക്രമണങ്ങളെ തുടര്‍ന്ന് വെനസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് മുഴുവന്‍ സൈന്യത്തെ വിന്യസിച്ചതായി വെനസ്വേല പ്രതിരോധമന്ത്രി അറിയിച്ചു. അതേസമയം, വെനസ്വേലന്‍ പ്രസിഡന്റ് ജീവനയോടെയിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ രേഖകള്‍ കൈമാറണമെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴു സ്‌ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരക്കാസ്, മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന് വെനസ്വേല പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈനിക, സിവിലിയന്‍ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയതെന്ന് വെനസ്വേല അറിയിച്ചു.
പ്രാദേശിക സമയം ശനിയാഴ്ച 1.50 ഓടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. വെനസ്വേലയിലെ പ്രധാന സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് സംഭവം. സ്‌ഫോടനത്തിന്റെതെന്നു സംശയിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനം നടന്നതോടെ ആളുകള്‍ തെരുവുകളിലേക്ക് ഓടി.
ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിനെതിരെ നടപടികള്‍ കടുപ്പിച്ച ഘട്ടത്തിലാണ് ബോംബാക്രമണം നടന്നിരിക്കുന്നത്. വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് അന്ന് കൊല്ലപ്പെട്ടത്. നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാണ് ട്രംപിന്റെ ആവശ്യം.
