കുടിയേറ്റത്തെ ജര്‍മനി പോലുള്ള രാജ്യങ്ങള്‍ എതിര്‍ക്കുമ്പോഴും യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; പത്തു വര്‍ഷത്തിനിടെ 54 ശതമാനം വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്; ആ കണക്കുകള്‍ ഇങ്ങനെ

Update: 2026-04-02 03:28 GMT

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വം നേടുന്ന വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2014-ല്‍ 7.62 ലക്ഷമായിരുന്ന പാസ്പോര്‍ട്ട് വിതരണം 2024-ല്‍ 12 ലക്ഷമായി ഉയര്‍ന്നതായി യൂറോസ്റ്റാറ്റിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പത്തു വര്‍ഷത്തിനിടെ 54 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 2023-നെ അപേക്ഷിച്ച് മാത്രം 12 ശതമാനം വര്‍ദ്ധനവുണ്ടായി. പുതിയതായി പൗരത്വം ലഭിച്ചവരില്‍ 88 ശതമാനവും യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജര്‍മ്മനിയാണ് പൗരത്വം നല്‍കുന്നതില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത്. 2024-ല്‍ മാത്രം മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ജര്‍മ്മനി പാസ്പോര്‍ട്ട് നല്‍കിയത്. ഇത് യൂറോപ്യന്‍ യൂണിയന്‍ ആകെ നല്‍കിയ പൗരത്വത്തിന്റെ നാലിലൊന്നാണ്. പട്ടികയില്‍ രണ്ടാമതുള്ള സ്‌പെയിന്‍ 2.50 ലക്ഷം പേര്‍ക്കും ഇറ്റലി 2.17 ലക്ഷം പേര്‍ക്കും പൗരത്വം നല്‍കി. അതേസമയം, രാജ്യത്തെ വിദേശ താമസക്കാരുടെ എണ്ണത്തിന് ആനുപാതികമായി പൗരത്വം നല്‍കുന്ന നിരക്കില്‍ സ്വീഡനാണ് ഒന്നാമത്. ഓരോ 100 വിദേശ താമസക്കാര്‍ക്കും 7.5 എന്ന തോതിലാണ് സ്വീഡന്‍ പൗരത്വം അനുവദിക്കുന്നത്. ഇറ്റലി (4.1), നെതര്‍ലന്‍ഡ്സ് (3.9) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.

പുതിയതായി യൂറോപ്യന്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കിയവരില്‍ സിറിയക്കാരാണ് ഏറ്റവും വലിയ വിഭാഗം. 1.10 ലക്ഷം സിറിയക്കാര്‍ക്കാണ് കഴിഞ്ഞ വര്‍ഷം പൗരത്വം ലഭിച്ചത്. മൊറോക്കോ (97,000), അല്‍ബേനിയ (48,000), തുര്‍ക്കി (40,000) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടുപിന്നാലെയുള്ളത്. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും പൗരത്വം നേടുന്ന ആദ്യ പത്ത് വംശജരുടെ പട്ടികയില്‍ ഇന്ത്യക്കാരും ഇടംപിടിച്ചിട്ടുണ്ട്. ഉക്രെയ്ന്‍, വെനിസ്വേല, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും വലിയ തോതില്‍ യൂറോപ്യന്‍ പൗരത്വം നേടുന്നു.

പൗരത്വം നല്‍കുന്നതിനായുള്ള മാനദണ്ഡങ്ങളില്‍ ഓരോ രാജ്യത്തും വലിയ വ്യത്യാസങ്ങളുണ്ട്. സ്‌പെയിനില്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധാരണഗതിയില്‍ 10 വര്‍ഷത്തെ താമസം ആവശ്യമാണെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കും വെറും രണ്ട് വര്‍ഷം കൊണ്ട് പാസ്പോര്‍ട്ട് ലഭിക്കും. പോളണ്ട് മൂന്ന് വര്‍ഷത്തെ താമസവും സ്ഥിരവരുമാനവും ഉള്ളവര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍, മാള്‍ട്ടയില്‍ ആറ് ലക്ഷം യൂറോയുടെ നിക്ഷേപം നടത്തുന്നവര്‍ക്ക് 14 മാസം കൊണ്ട് പൗരത്വം ലഭിക്കാന്‍ വഴിയൊരുങ്ങും.

അതേസമയം, ജര്‍മ്മനി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ പൗരത്വ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഉന്നത പ്രൊഫഷണലുകള്‍ക്കായി ജര്‍മ്മനി നടപ്പിലാക്കിയിരുന്ന 'ടര്‍ബോ' പൗരത്വ പദ്ധതി നിര്‍ത്തലാക്കി. നിലവില്‍ അഞ്ച് വര്‍ഷത്തെ താമസത്തിനൊപ്പം ബി1 ലെവല്‍ ഭാഷാ പരിജ്ഞാനവും പൗരത്വ പരീക്ഷാ വിജയവും ജര്‍മ്മനിയില്‍ നിര്‍ബന്ധമാണ്. സമാനമായ രീതിയില്‍ ബ്രിട്ടനിലും അഞ്ച് വര്‍ഷത്തെ താമസം പൗരത്വത്തിന് ആവശ്യമാണ്. ഇത് പത്ത് വര്‍ഷമായി ഉയര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇറ്റലിയില്‍ പൗരത്വത്തിനായി അപേക്ഷിച്ചാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ കാലതാമസം നേരിടുന്നുണ്ട്.

Tags:    

Similar News