ഇറാന്‍ പ്രത്യാക്രമണത്തില്‍ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണതോടെ പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്; പര്‍വ്വത മേഖലയില്‍ തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടാലുടന്‍ വെടിവച്ചിടാന്‍ ഇറാന്റെ നിര്‍ദ്ദേശം; വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും തിരച്ചലില്‍; അമേരിക്ക ഞെട്ടലില്‍; യുദ്ധം തുടരുമെന്ന് ട്രംപ്

Update: 2026-04-04 01:08 GMT

ടെഹ്‌റാന്‍: ഇറാന്‍ പ്രത്യാക്രമണത്തില്‍ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണതോടെ പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിലൊന്നിലെ പൈലറ്റിനെ യുഎസ് സൈന്യം സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, രണ്ടാമത്തെ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. ശത്രുരാജ്യത്തിന്റെ മണ്ണില്‍ കാണാതായ പൈലറ്റിനായി അമേരിക്കന്‍ സേനയും ഇറാന്‍ അധികൃതരും തമ്മില്‍ ഒരു 'പോരാട്ടം' തന്നെ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കയുടെ എ-10 വാര്‍ത്ഹോഗ്, എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ എന്നീ വിമാനങ്ങളാണ് ഇറാന്‍ വെടിവെച്ചിട്ടത്. പേര്‍ഷ്യന്‍ ഗള്‍ഫിന് സമീപം തകര്‍ന്നു വീണ എ-10 വിമാനത്തിലെ പൈലറ്റിനെ യുഎസ് രക്ഷാസേന കണ്ടെത്തി സ്ഥാനത്തേക്ക് മാറ്റി. എന്നാല്‍ പര്‍വ്വതപ്രദേശമായ തെക്കന്‍ ഇറാനിലെ കോഹ്കിലുയ-ബോയര്‍ അഹമ്മദ് പ്രവിശ്യയില്‍ വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. ഈ പൈലറ്റിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പൈലറ്റുമാരെ കണ്ടാലുടന്‍ വെടിവെച്ചിടാനോ പിടികൂടാനോ പ്രദേശവാസികള്‍ക്ക് ഇറാന്‍ റേഡിയോ വഴി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 35 ദിവസമായി തുടരുന്ന യുദ്ധത്തിനിടെ ഇതാദ്യമായാണ് അമേരിക്കന്‍ വിമാനങ്ങള്‍ വെടിവെച്ചിടുന്നത്. കഴിഞ്ഞ ദിവസം മാത്രം യുഎസ് സൈന്യത്തിലെ പരിക്കേറ്റവരുടെ എണ്ണം 365 ആയി ഉയര്‍ന്നു. ഇതില്‍ 247 കരസേനാംഗങ്ങളും, 63 നാവികരും, 19 മറൈനുകളും, 36 വ്യോമസേനാംഗങ്ങളും ഉള്‍പ്പെടുന്നു. ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തര യോഗം വിളിച്ചു. വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടത് ഇറാനുമായുള്ള ചര്‍ച്ചകളെ ബാധിക്കില്ലെന്നും, നമ്മള്‍ യുദ്ധത്തിലാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഇസ്രായേല്‍ സഹായത്തോടെ ഇറാനിലെ ഉരുക്ക് ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും തകര്‍ത്തതായും ഇറാന്റെ ആയുധനിര്‍മ്മാണ ശേഷിയെ ഇത് സാരമായി ബാധിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു.

നിലവില്‍ കുവൈറ്റിലെയും അബുദാബിയിലെയും എണ്ണക്കമ്പനികള്‍ക്ക് നേരെ ഇറാന്‍ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് മേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ഇതോടെ യുദ്ധം പുതിയ തലത്തിലെത്തുകയാണ്.

Tags:    

Similar News