തമിഴ്‌നാട്ടില്‍ വിളവങ്കോട് നിയമസഭാ സീറ്റില്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ്; സഭയില്‍ നിര്‍ണായക സ്വാധീനമുള്ള ടി ടി പ്രവീണിനെ സ്ഥാനാര്‍ഥിയാക്കിയതിലെ ലക്ഷ്യം തിരുവനന്തപുരത്തെ നിയമസഭാ സീറ്റുകള്‍; ആറ് മണ്ഡലങ്ങളില്‍ സി.എസ്.ഐ സഭാ വോട്ടുകള്‍ നിര്‍ണായകമാകും; സഭയെ പരിഗണിക്കുന്ന പാര്‍ട്ടിയെ കൈവിടില്ലെന്ന് പ്രവീണ്‍
സഭയെ പരിഗണിക്കുന്ന പാര്‍ട്ടിയെ കൈവിടില്ലെന്ന് പ്രവീണ്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനിര്‍ക്കവേ തലസ്ഥാന ജില്ലയിലെ വോട്ടിംഗ് പാറ്റേണിനെ സ്വാധീനിക്കുന്ന നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. തമിഴ്‌നാട് തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയില്‍ വിളവങ്കോട് ടി.ടി. പ്രവീണിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചു.
സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ആണ് പ്രവീണ്‍.
സിഎസ്‌ഐ സഭയില്‍ നിര്‍ണായക സ്വാധീനമുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ശക്തനായ പ്രതിനിധി ആണ് പ്രവീണ്‍. സഭയുടെ പ്രധാനപ്പെട്ട മുഖമായ ഒരാളെ കന്യാകുമാരി ജില്ലയില്‍ മത്സരിപ്പിക്കുന്നത് തിരുവനന്തപുരത്ത് കൂടി വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ്. 27 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാര്‍ഥികളെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിലാണ് മലയാളിയായ പ്രവീണും ഇടംപിടിച്ചത്. കന്യാകുമാരി ജില്ലയിലെ വിളവുകോടില്‍ സിഎസ്‌ഐ സഭയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട് താനും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സെല്‍വ പെരുന്തഗൈ ശ്രീപെരുമ്പത്തുരില്‍ മത്സരിക്കും.
സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി.പ്രവീണിന് തമിഴ്‌നാട്ടില്‍ സീറ്റ് നല്‍കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം തിരുവനന്തപുരം ജില്ലയിലെ നിര്‍ണായക വോട്ടുകള്‍. ജില്ലയിലെ ആറ് മണ്ഡലങ്ങളില്‍ പ്രബല വോട്ടുബാങ്കും മൂന്നു മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള സി.എസ്.ഐ സഭയെ ഒപ്പം ചേര്‍ത്തുനിര്‍ത്തുകയാണ് ലക്ഷ്യം. സഭയുടെ പിന്തുണ യുഡിഎഫിന് നല്‍കുമെന്ന് പ്രവീണ്‍ സൂചിപ്പിക്കുക കൂടി ചെയ്തു. കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു പിന്തുണ.
കന്യാകുമാരി ജില്ലയിലെ സിറ്റിങ് സീറ്റായ വിളവങ്കോട് ആണ് ടി.ടി.പ്രവീണിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞതവണയും പ്രവീണ്‍ ആഗ്രഹിച്ച സീറ്റ് നല്‍കുന്നതിലൂടെ കോണ്‍ഗ്രസിന്റെ ലക്ഷ്യം തിരുവനന്തപുരം ജില്ലയിലെ നിര്‍ണായക വോട്ടുബാങ്കായ സി.എസ്.ഐയുടെ പിന്തുണയാണ്. മൂന്നുതവണ തിരുവനന്തപുരം എം.പിയായിരുന്ന എ.ചാള്‍സിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു സി.എസ്.ഐ മഹായിടവക സെക്രട്ടറിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്. യുഡിഎഫിന് സി.എസ്.ഐ സഭയുടെ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതില്‍ ഉടന്‍ തീരുമാനമെന്ന് പ്രവീണ്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇതോടെ, നാടാര്‍ ക്രിസ്ത്യന്‍ വിഭാഗം നിര്‍ണായക ശക്തിയായ നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, അരുവിക്കര, കോവളം മണ്ഡലങ്ങളില്‍ കൂടുതല്‍ കരുത്താകുമെന്നാണ് കണക്കുക്കൂട്ടല്‍. നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയാണ് സഭയ്ക്കുള്ളത്. സഭയ്ക്കുള്ളില്‍ രണ്ട് വിഭാഗമുണ്ടെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ ആര്‍ജ്ജിച്ചെടുക്കുന്നത് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കണക്കുക്കൂട്ടുന്നു.
കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു സി.എസ്.ഐ സഭയുടെ പിന്തുണ. അരുവിക്കര, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ സഭയിലെ അംഗങ്ങളെ ഇടതുപക്ഷം സ്ഥാനാര്‍ഥിയുമാക്കി. ഇത്തവണ രണ്ടിടത്തും യുഡിഎഫും ഇറക്കിയിട്ടുള്ളത് സി.എസ്.ഐ സഭാ പ്രതിനിധികള്‍ തന്നെയാണെന്നതും പ്രത്യേകതയാണ്. ചുരുക്കത്തില്‍ പ്രവീണിന്റെ സീറ്റ് തമിഴ്‌നാട്ടിലാണെങ്കിലും അതിന്റെ പ്രതിഫലനം കേരളത്തിലായിരിക്കും.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് നിന്ന് ഏറെ അകലെയല്ലാത്ത വിളവങ്കോട്ടെ പോരാട്ടം കേരളത്തിലെ തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കും എന്നത് കണ്ടറിയണം. സി എസ് ഐ സഭയ്ക്ക് തിരുവനന്തപുരത്തെ 9 ഓളം സീറ്റുകളില്‍ വലിയ സ്വാധീനമുണ്ടെന്നാണ് ടി ടി പ്രവീണ്‍ തന്നെ പറയുന്നത്. ഈ സീറ്റുകളിലെയും മറ്റിടങ്ങളിലെയും സി എസ് ഐ വോട്ട് ബാങ്കില്‍ കൂടി കണ്ണുവെച്ചാണ് പ്രവീണിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയതെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം ജില്ലയില്‍ പ്രവീണ്‍ എഫക്ട് കോണ്‍ഗ്രസിന് നേട്ടമാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉള്ളത്. 28 വര്‍ഷമായി വിളവങ്കോട് താമസിക്കുന്നയാളാണെന്നും 50,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും പ്രവീണ്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന വിജയധാരണി എതിരാളി ആയതില്‍ സന്തോഷമുണ്ട്. വിളവങ്കോട് കോണ്‍ഗ്രസ് മണ്ഡലമാണെന്നും ടി ടി പ്രവീണ്‍ പറഞ്ഞു.
