പത്ത് മില്യണ്‍ ഡോളര്‍ അമേരിക്ക തലക്ക് വിലയിട്ട ഭീകരന്‍; ഇപ്പോള്‍ അമേരിക്കയുടെ ഒത്താശയോടെ സിറിയന്‍ പ്രസിഡണ്ട് ആയേക്കും; ഭീകര ലിസ്റ്റില്‍ നിന്ന് എടുത്ത് കളയാന്‍ ബ്രിട്ടനും; സിറിയന്‍ പ്രസിഡന്റിനെ നാട് കടത്തിയത്തിന്റെ പേരില്‍ സായിപ്പന്മാര്‍ നെഞ്ചിലേറ്റുന്ന അല്‍ഖായിദയുടെ നേതാവ് അബു മുഹമ്മദ് അല്‍- ജുലാനിയുടെ കഥ
സായിപ്പന്മാര്‍ നെഞ്ചിലേറ്റുന്ന അല്‍ഖായിദയുടെ നേതാവ് അബു മുഹമ്മദ് അല്‍- ജുലാനിയുടെ കഥ
ദമാസ്‌ക്കസ്: ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക പത്ത് മില്യന്‍ ഡോളര്‍ തലയ്ക്ക് വിലയിട്ട കൊടും ഭീകരനായിരുന്നു അബു മുഹമ്മദ് അല്‍ ജുലാനി എന്ന് നേതാവ്. ഇപ്പോള്‍ സിറിയയിലെ ഏകാധിപതി ബാഷര്‍ അല്‍ അസ്സദിന്റെ നാടുകടത്തിയ ഹയാത്ത് തഹ്രിര്‍ അല്‍ ഷാം എന്ന സംഘടനയുടെ തലവനുമാണ് അദ്ദേഹം. സൗദിയില്‍ ജനിച്ച് അല്‍ഖായിദയില്‍ ആകൃഷ്ടനായിരുന്ന കൊടുംഭീകരന്‍ ഇന്ന് സായിപ്പന്‍മാരുടെ ഹീറോയാകുന്ന കാഴ്ച്ചയാണ് കാണുന്നത്.
സിറിയയുടെ പുതിയ പ്രസിഡന്റായി അബു മുഹമ്മദ് അല്‍ ജുലാനി മാറിയേക്കുമെന്നാണ് സൂചനകള്‍. അമേരിക്കയും ഇക്കാര്യത്തില്‍ ജുലാനിയെ പിന്തുണക്കാനാണ് സാധ്യത. വിമതരുടെ നേതാവായ ജുലാനിയെ കൊടും ഭീകരരുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനാണ് ബ്രിട്ടനും ഒരുങ്ങുന്നത്. അല്‍ഖായിദ ബന്ധത്തിന്റെ പേരില്‍ 2017ലാണ് എച്ച്.ടി.എസിനെ ബ്രിട്ടന്‍ നിരോധിത സംഘടയുടെ പട്ടികയില്‍ പെടുത്തിയത്. പാശ്ചാത്യം ലോകം അസദിന്റെ പതനത്തെ സ്വാഗതം ചെയ്യുകയാണ്. വിമത മുന്നേറ്റം ലോക രാജ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
സ്ഥിതിഗതികളെക്കുറിച്ച് തുര്‍ക്കി പ്രതിരോധമന്ത്രി യാസര്‍ ഗുലറുമായി സംസാരിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. സിറിയയുടെ അയല്‍ രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്നില്‍ അസദ് ഭരണകൂടത്തെ കുറ്റവിചാരണ ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടു. റഷ്യയുടെ ആവശ്യപ്രകാരം യുഎന്‍ രക്ഷാസമിതി അടിയന്തരമായി ചേര്‍ന്നേക്കും.
ജുലാനിയെ പ്രതികരണവും പാശ്ചാത്യ മാധ്യമങ്ങള്‍ ആശാവഹമായാണ് കാണുന്നത്. വിനയത്തോടും കരുതലോടുംകൂടി പ്രവര്‍ത്തിക്കാന്‍ പോരാളികളോട് വിപ്ലവനേതാവ് അബൂ മുഹമ്മദ് അല്‍ജുലാനി ആഹ്വാനം ചെയ്തിരിക്കുന്നത്. ''പോരാളികള്‍ ജനങ്ങളോട് സൗമ്യമായി പെരുമാറുക, അവരോട് ദയയും ബഹുമാനവും കാണിക്കുക. പൊതു സ്ഥാപനങ്ങള്‍ സംരക്ഷിക്കുക, കാരണം അവ മഹത്തായ സിറിയന്‍ ജനതയുടേതാണ്. തടവുകാരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയ സിറിയയില്‍ ഓരോ സിറിയക്കാരനും ബഹുമാനിക്കപ്പെടും'' -അല്‍ജൗലാനി പറഞ്ഞു.
തീവ്ര നിലപാടുകാരനില്‍ നിന്നും മിതവാദിയിലേക്ക്
ഇടക്കാലത്ത് മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും, അല്‍-ജുലാനിയുടെ അല്‍ഖ്വയ്ദ പശ്ചാത്തലമാണ് ലോകത്തെ ഭയപ്പെടുത്തുന്നത്. സിറിയ പിടിക്കാന്‍ ഐഎസ് തലവന്‍ അബു ബകര്‍ അല്‍ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനും കൂടിയാണ് അബു മുഹമ്മദ് അല്‍ -ജുലാനി. ആഭ്യന്തര യുദ്ധത്തിനിടെ ഛിന്നഭിന്നമായിക്കഴിഞ്ഞ രാജ്യത്തിന്റെ അധികാരം കൈവിട്ടുപോകാതിരിക്കാന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് 14 വര്‍ഷമായി നടത്തിവന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിച്ചെന്ന് പറയുമ്പോഴും രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വകയില്ല. അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ചത് അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരന്‍ 42കാരനായ അബു മുഹമ്മദ് അല്‍ - ജുലാനിയാണ് എന്നത് തന്നെ കാരണം.
ഇസ്രായേല്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ എന്ന് പ്രഖ്യാപിച്ച സൈന്യതലവന്‍, ഒടുവില്‍ അമേരിക്കന്‍ മാധ്യമങ്ങളെ തന്നെ ഉപയോഗിച്ച് നിര്‍മിച്ച മിതവാദി പ്രതിച്ഛായയിലൂടെ യുഎസ് ആക്രമണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ തന്ത്രശാലി. സൗദിയില്‍ ജനിച്ച് ഏഴാം വയസ്സില്‍ കുടുംബത്തിനൊപ്പം സിറിയയിലേക്ക് മാറിയ അഹമദ് ഹുസൈന്‍ അല്‍ ഷറാ, സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായത്. 2003 മുതല്‍ 5 വര്‍ഷം ഇറാഖി ജയിലിലാണ്. 2011ല്‍ അല്‍ ഖ്വയദായുടെ സിറിയന്‍ വിഭാഗം ജബത്ത് അല്‍ നുഷ്റ (ഷമയവമ േമഹ ിൗവെൃമ) രൂപീകരിച്ച് അസദിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു.
എന്നാല്‍ അല്‍ നുഷ്റ ഐഎസില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ടത്തോടെ ബാഗ്ദാദിയുമായി ഇടഞ്ഞു. പാശ്ചാത്യശക്തികള്‍ ഐഎസിനു പിന്നാലെ തിരിഞ്ഞപ്പോള്‍, സിറിയയിലെ ഇദ്ലിബില്‍ സ്വന്തം സാമ്രാജ്യം ഉയര്‍ത്തി കരുത്തനായി മാറുകയായിരുന്നു അല്‍ ജുലാനി. അല്‍ ഖ്വയദ് പശ്ചാത്തലം ഭാരം എന്ന തിരിച്ചറിവില്‍ ഭീകര സംഘടനയുടെ പേര് ഹയാത്ത് തഹ്രിര്‍ അല്‍ ഷാം (hayat -tahrir -al -sham) എന്ന് മാറ്റിയും നീളന്‍ കുപ്പായവും താടിയും ഉപേക്ഷിച്ച് പശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളില്‍ എത്തിയും മുഖംമിനുക്കാനുള്ള ശ്രമം പിന്നാലെ നടത്തിയിരുന്നു. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ ജുലാനി റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അസദിന്റെ കഠിനമായ അടിച്ചമര്‍ത്തല്‍ ഒരു പൂര്‍ണ്ണ തോതിലുള്ള ആഭ്യന്തരയുദ്ധമായി വളര്‍ന്നതോടെയാണ് 2015 ഓടെ പ്രതിപക്ഷ ഗ്രൂപ്പുകളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും സിറിയയുടെ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം കയ്യടക്കിയത്. സിറിയയിലെ ഏറ്റവും ശക്തമായ സായുധ പ്രതിപക്ഷ സേനയായി മാറിയ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) തലപ്പത്ത് നില്‍ക്കുന്നത് അബു മുഹമ്മദ് അല്‍-ജുലാനിയാണ്. ജുലാനിയെ അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്തെങ്കിലും 2008ല്‍ വിട്ടയച്ചു. ഇതിന് ശേഷം 2012ല്‍ ജബത്ത് അല്‍ നുസ്ര സ്ഥാപിച്ച് സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ നീങ്ങാന്‍ ആരംഭിച്ചിരുന്നു.
ജുലാനി തന്നെയാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എച്ച്ടിഎസിന്റെ സ്ഥാപകനെന്ന നിലയില്‍ അല്‍-ജുലാനി ഒരു ദശാബ്ദത്തോളമായി മറ്റ് സായുധ സേനകളില്‍ നിന്ന് വിട്ടുമാറി രാജ്യാന്തര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സിറിയയില്‍ ഒരു 'ഇസ്ലാമിക് റിപ്പബ്ലിക്' സൃഷ്ടിക്കുന്നതില്‍ ആണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിറിയന്‍ സാല്‍വേഷന്‍ ഗവണ്‍മെന്റ് വഴി എച്ച്ടിഎസ് ഇഡ്ലിബിന്റെ ഗവര്‍ണറേറ്റ് നടത്തി. സിവില്‍ സര്‍വീസുകള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജുഡീഷ്യറി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ നല്‍കുന്നതിനും സാമ്പത്തികവും സഹായ വിതരണവും കൈകാര്യം ചെയ്യുന്നതിനെന്ന പേരിലാണ് എച്ച് ടി എസ് 2017 ല്‍ സ്ഥാപിച്ചത്.
1982 ല്‍ സൗദി അറേബ്യയിലെ റിയാദില്‍ ആണ് ജുലാനി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അവിടെ പെട്രോളിയം എഞ്ചിനീയറായിയരുന്നു. 1989-ല്‍ സിറിയയിലേക്ക് മടങ്ങിയ കുടുംബം ഡമാസ്‌കസിന് സമീപം സ്ഥിരതാമസമാക്കി. 2003-ല്‍ ഇറാഖിലേക്ക് മാറി. അമേരിക്കന്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി അദ്ദേഹം ഇറാഖില്‍ അല്‍-ഖ്വയ്ദയില്‍ ചേര്‍ന്നു.
2006-ല്‍ യുഎസ് സേന അറസ്റ്റ് ചെയ്യുകയും അഞ്ച് വര്‍ഷത്തോളം തടവിലാവുകയും ചെയ്ത അല്‍-ജുലാനിയെ പിന്നീട് സിറിയയില്‍ അല്‍-ഖ്വയ്ദയുടെ ശാഖ സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തി. അല്‍-ഖ്വയ്ദയുടെ 'ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖിന്റെ' തലവനായ അബൂബക്കര്‍ അല്‍-ബാഗ്ദാദിയുമായി ആ ആദ്യ വര്‍ഷങ്ങളില്‍ അല്‍-ജുലാനി പ്രവര്‍ത്തിച്ചു. 2014 ലെ തന്റെ ആദ്യ ടെലിവിഷന്‍ അഭിമുഖത്തില്‍ ഇസ്ലാമിക നിയമം എന്ന തന്റെ ഗ്രൂപ്പിന്റെ വ്യാഖ്യാനത്തിന് കീഴിലാണ് സിറിയ ഭരിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തുര്‍ക്കി, ചെച്ചെ്ന്ന്യ, ഇറാഖ്, മധ്യേഷ്യ തുടങ്ങി വിവിധ സ്ഥലങ്ങളിലെ യുവാക്കളെ റിക്രൂട്ട് ചെയ്ത് സംഘടന കരുത്താര്‍ജിച്ചു. സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധം അല്ലെന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്നും പറയുമ്പോഴും ഇഡലിബിലെ ഭരണസമിതിയില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യം ഇല്ലാത്തത് അല്‍ ജുലാനിയുടെ തനിനിറം തെളിയിക്കുന്നതാണ്. വിമര്‍ശകരുടെ തലവെട്ടുകയും ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക ആത്യന്തിക ലക്ഷ്യം എന്ന് പ്രഖ്യാപിക്കുകയും ചെയ്ത് അല്‍ ജുലാനി ആഗോള ഭീകരതയുടെ അടുത്ത പോസ്റ്റര്‍ ബോയ് ആകുമോ എന്നാല്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട് സിറിയയിലെ കാഴ്ചകള്‍.
2014 ല്‍ തന്റെ ആദ്യ ടെലിവിഷന്‍ അഭിമുഖത്തില്‍, 'ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സിറയ ഭരിക്കപ്പെടേണ്ടത്' എന്ന് ജുലാനി നയം വ്യക്തമാക്കിയിരന്നു. ലോകത്തെ എല്ലാ മുസ്‌ലിം രാജ്യങ്ങളിലും ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയും അതുവഴി ഇസ്‌ലാമിക ഖിലാഫത്ത് പുനസ്ഥാപിക്കുകയും ചെയ്യണമെന്ന അല്‍ ഖാഇദയുടെ പദ്ധതിയില്‍ നിന്ന് ജുലാനി പിന്‍വാങ്ങുകയുണ്ടായി. ലോകമല്ല തന്റെ ലക്ഷ്യം സിറിയയാണെന്ന് കൂടി അദ്ദേഹം പ്രഖ്യാപിച്ചു. അതിനനുസരിച്ച് സേനയും രൂപീകരിച്ചു.
2016 ജൂലൈയില്‍ അലപ്പോ, സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലായപ്പോള്‍ ജുലാനിയുടെ സായുധ സംഘങ്ങള്‍ ഇദ്ലിബിലേക്ക് നീങ്ങി. വിമതരുടെ നിയന്ത്രണത്തിലായിരുന്നു ഇദ്‌ലിബ്. 2017ന്റെ തുടക്കത്തില്‍ വിവിധ വിമത ഗ്രൂപ്പുകളിലെ ആയിരക്കണക്കിന് പോരാളികള്‍ അലപ്പോയില്‍ നിന്ന് പലായനം ചെയ്ത് ഇദ്‌ലിബിലെത്തി. ആ ഗ്രൂപ്പുകളെ ചേര്‍ത്താണ് അല്‍ ജുലാനി ഹയാത്ത് തഹ്രീര്‍ അല്‍ ഷാം അഥവാ എച്.ടി.എസ് രൂപീകരിച്ചത്. ഇന്ന് ആ സേനയുടെ കീഴിലായിരിക്കുന്നു അലപ്പോയും ദമസ്‌കസും എല്ലാം. 'അസദിന്റെ സ്വേച്ഛാധിപത്യം അവസാനിപ്പിച്ച് സിറിയയെ മോചിപ്പിക്കുക, ഇറാന്‍ സേനയെ രാജ്യത്ത് നിന്ന് പുറത്താക്കുക, ഇസ്‌ലാമിക നിയമമനുസരിച്ച് രാജ്യം സ്ഥാപിക്കുക' എന്നിവയാണ് എച്.ടി.എസിന്റെ ലക്ഷ്യമായി പറയുന്നത്.
അലപ്പോ കീഴടക്കി തെക്കോട്ട് നീങ്ങിയ ജുലാനിയുടെ സേന സിറിയയിലെ ന്യൂനപക്ഷങ്ങളോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് അലപ്പോ പിടിച്ചടക്കിയതുമുതല്‍ ജുലാനി ഉറപ്പ് നല്‍കി. സിറിയയിലെ വിശ്വസനീയമായ ഭരണകൂടമായും ആഗോള തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സാധ്യമാകുന്നത്ര പങ്കാളിയായും എച്.ടി.എസിനെ ബ്രാന്‍ഡ് ചെയ്യാനാണ് അല്‍ ജുലാനി ആഗ്രഹിക്കുന്നതെന്ന് സിറിയന്‍കാര്യങ്ങളില്‍ വിദഗ്ധനായ ഹസന്‍ ഹസനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇദ്ലിബില്‍, ഹറകത് നൂര്‍ അല്‍ ദിന്‍ അല്‍സിങ്കി, ലിവ അല്‍ ഹഖ്, ജയ്ഷ് അല്‍ സുന്ന തുടങ്ങിയ മറ്റ് സായുധ പ്രതിപക്ഷ ഗ്രൂപ്പുകളുമായി പങ്കാളിയാകാനും സിറിയയിലെ അല്‍ ഖാഇദ ഘടകമായ 'ഹുറാസ് അല്‍ ദിന്‍' പോലുള്ള മുന്‍ സഖ്യകക്ഷികളെ ഒഴിവാക്കാനും ജുലാനി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഐക്യരാഷ്ട്രസഭ, തുര്‍ക്കി, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവര്‍ എച്.ടി.എസിനെ ഭീകര സംഘടനയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തന്റെ പൂര്‍വകാല ബന്ധങ്ങള്‍ ഉപേക്ഷിച്ച് സിറിയന്‍ ദേശീയതക്കായി നിലകൊള്ളുന്ന തങ്ങളെ ആഭ്യന്തര ജനതയുടെ അഭിലാഷങ്ങള്‍ പരിഗണിക്കാതെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് അനുചിതമാണെന്ന് അല്‍ ജുലാനി പറയുന്നു. ബശ്ശാര്‍ അല്‍ അസദ് നാടുവിടുകയും വിമത സേന പിടിച്ചടക്കുകയും ചെയ്ത സിറിയയുടെ ഭാവി എന്തായാലും ഇനി അബു മുഹമ്മദ് അല്‍ ജുലാനിയുടെയും എച്.ടി.എസിന്റെയും കൈകളിലാണ്.