മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയിലെത്തി; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആഭ്യന്തര കലഹം; പതിമൂന്ന് കൗണ്‍സിലര്‍മാര്‍ രാജിവച്ചു; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; ഡല്‍ഹിയില്‍ എഎപിക്ക് കനത്ത തിരിച്ചടി

ഡല്‍ഹിയില്‍ എഎപിക്ക് കനത്ത തിരിച്ചടി

Update: 2025-05-17 11:25 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന ആഭ്യന്തര കലഹത്തിനിടെ 13 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വിമതനേതാക്കള്‍ ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായും രാജിവച്ച കൗണ്‍സിലര്‍മാര്‍ പ്രഖ്യാപിച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍.

ഡല്‍ഹി കോര്‍പറേഷനിലെ എഎപിയുടെ സഭാനേതാവായ മുകേഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ച് 'ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍, ആദര്‍ശ് നഗറില്‍നിന്ന് മുകേഷ് ഗോയല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്‍പാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ട നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 25 വര്‍ഷം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന മുകേഷ് 2021ല്‍ എഎപിയിലെത്തുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടെയാണ് 13 കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് രാജി സമര്‍പ്പിച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്.

അതൃപ്തി പരിഹരിക്കുന്നതിനായി, മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടി സംഘടനാതലത്തില്‍ അഴിച്ചുപണി നടത്തിയിരുന്നു. മുന്‍ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡല്‍ഹി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെ ചുമതലയിലേക്ക് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നിയമിച്ചിട്ടുണ്ട്. ഇതിനിടെയാണ് പാര്‍ട്ടിയുടെ 'ഹോം ലാന്റായ' ഡല്‍ഹിയില്‍ പൊട്ടിത്തെറി സംഭവിച്ചിരിക്കുന്നത്.

Tags:    

Similar News