കെജരിവാള്‍ നുണയനും അഴിമതിക്കാരനുമെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം 'ഫലിച്ചു'; കോണ്‍ഗ്രസിന്റെ ഈഗോ തുടര്‍ന്നാല്‍ ഡല്‍ഹി ഇനിയും ആവര്‍ത്തിക്കും; തമ്മില്‍ തല്ലി അവസാനിക്കണോ, മുന്നോട്ട് പോണോ? വിമര്‍ശനവുമായി നേതാക്കള്‍; ഡല്‍ഹി തോല്‍വിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറി
ഡല്‍ഹി തോല്‍വിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറി. തമ്മില്‍ തല്ലി അവസാനിക്കണോ അതേ മുന്‍പോട്ട് പോകണോയെന്ന് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തീരുമാനിക്കണമെന്ന് ശിവസേന നേതൃത്വം ആവശ്യപ്പെട്ടു. സഖ്യക്ഷികളുടെ ഈഗോ തുടര്‍ന്നാല്‍ ഡല്‍ഹി ഇനിയും ആവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യ സഖ്യത്തിന്റെ തുടര്‍ യോഗം വിളിക്കാത്ത കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ കടുത്ത അമര്‍ഷമാണ് സഖ്യകക്ഷികള്‍ക്കുള്ളത്.
പരസ്പരം പോരടിച്ചു, പരസ്പരം പാരയായി. സഖ്യത്തിലുള്ള ആംആദ്മി പാര്‍ട്ടിക്ക് അധികാരം കിട്ടിയതുമില്ല, ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് വട്ടപൂജ്യമാകുകയും ചെയ്തു. ഡല്‍ഹി തെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശമെന്തെന്ന ചോദ്യമാണ് ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഉന്നയിക്കുന്നത്. പരസ്പരം ഏറ്റുമുട്ടി സാധ്യതകള്‍ ഇല്ലാതാക്കിയത് ബിജെപിക്ക് വലിയ ഗുണമായെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ബിജെപിക്കെതിരെ വലിയ നീക്കവുമായി തുടക്കമിട്ട ഇന്ത്യ സഖ്യം തുടരണോയെന്നതില്‍ കോണ്‍ഗ്രസും ആപും ഉടന്‍ നിലപാട് പറയണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്.
തമ്മിലടി ഇനിയും തുടര്‍ന്നാല്‍ ബിജെപിയുടെ ഏകാധിപത്യത്തെ ചെറുക്കാനാവില്ലെന്ന് ശിവേസന വക്താവ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
നേതാക്കളുടെ ഈഗോ തിരിച്ചടിയായെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. തമ്മിലടി തുടര്‍ന്നാല്‍ ഡല്‍ഹി ആവര്‍ത്തിക്കുമെന്ന് തൃണൂല്‍ എംപി സൗഗത റായ് മുന്നറിയിപ്പ് നല്‍കി.
എന്‍ സി പി, നാഷണല്‍ കോണ്‍ഫറന്‍സ്, സമാജ് വാദി പാര്‍ട്ടി നേതാക്കളും ആശങ്ക പങ്കുവച്ചു. തമ്മില്‍ തല്ലുന്ന സാഹചര്യം ബി ജെ പി ക്ക് കൂടുതല്‍ സഹായമായെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ തുടര്‍ യോഗം വിളിക്കുന്നതിലും അവ്യക്തത തുടരുകയാണ്. തുടര്‍യോഗം വിളിക്കാത്ത കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ കടുത്ത അമര്‍ഷമാണ് സഖ്യകക്ഷികള്‍ക്കുള്ളത്.
കുറച്ചുകൂടി തമ്മിലടിക്കുക എന്ന് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ഇരുപാര്‍ട്ടികളെയും പരിഹസിച്ചത്. ബിജെപി കേജരിവാളിനെതിരേ പറയാത്തത് രാഹുല്‍ ഗാന്ധി പറഞ്ഞെന്നും ബിജെപിയും കോണ്‍ഗ്രസും ഒരേ ഭാഷ സംസാരിക്കുന്നത് തെറ്റായ സന്ദേശം നല്കുമെന്നുമാണ് സമാജ്വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞത്.
ഇന്ത്യ സഖ്യത്തിലെ മതേതര ജനാധിപത്യ പാര്‍ട്ടികള്‍ തമ്മിലുള്ള അനൈക്യമാണ് തോല്‍വിക്കു കാരണമെന്നായിരുന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ പ്രതികരണം. വരുന്ന ദിവസങ്ങളില്‍ സഖ്യത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്നു കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും ഡി. രാജ പറഞ്ഞു.
സഖ്യത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് മികച്ച പിന്തുണ നല്‍കുന്നില്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ തോല്‍വിയോട് പ്രതികരിച്ചത്. സഖ്യത്തിലെ എല്ലാവരും ഒരുമിച്ചു നിന്നായിരുന്നുവെങ്കില്‍ ഈയൊരു ഫലം ഉണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹരിയാനക്ക് പിന്നാലെ ഇരുപാര്‍ട്ടികളും വീണ്ടും പോരടിക്കാനുള്ള നീക്കത്തെ സഖ്യത്തിലെ പല കക്ഷികളും എതിര്‍ത്തിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ മത്സരം അഭിമാന പ്രശ്മായെടുത്ത കോണ്‍ഗ്രസും ആപും ഇവിടെയും സഖ്യത്തിന് തയ്യാറായില്ല.
പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, എന്‍സിപി തുടങ്ങിയ കക്ഷികള്‍ ആപിനെ പിന്തുണച്ചത് കോണ്‍ഗ്രസിനെ വല്ലാതെ ചൊടിപ്പിച്ചു. കെജരിവാള്‍ നുണയനും അഴിമതിക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി തന്നെ തുറന്നടിച്ചത് ആപിന് വലിയ ക്ഷീണമായി മാറുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഒന്നിച്ചവര്‍ പരസ്പരം പോരടിച്ചപ്പോള്‍ നേട്ടം കൊയ്തത് ബിജെപിയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പോടെ വഷളായ ആപ്- കോണ്‍ഗ്രസ് ബന്ധം പഴയപടിയായേക്കില്ല. ഒക്ടോബറില്‍ ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആര്‍ജെഡി കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇന്ത്യ സഖ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തം. തുടര്‍ യോഗങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍കൈയെടുക്കാത്തതും ഈ പശ്ചാത്തലത്തിലാണ്.