ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണത്തിനുമില്ല; ഭീകരവാദികളെയും സൈന്യത്തെ കല്ലെറിയുന്നവരെയും ജയില്‍ മോചിതരാക്കില്ലെന്ന് അമിത് ഷാ

ത്രിവര്‍ണ്ണപതാക മാത്രമേ ഇനി കശ്മീരിന്റെ മണ്ണില്‍ ഉയരുകയുള്ളു

Update: 2024-09-22 11:28 GMT

രജൗരി: ഭീകരവാദം തുടച്ചുനീക്കുന്നതുവരെ പാകിസ്ഥാനുമായി കേന്ദ്ര സര്‍ക്കാര്‍ യാതൊരുവിധ ചര്‍ച്ചയും നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഇത് തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ പറഞ്ഞു. ഞായറാഴ്ച ജമ്മുവിലെ നൗഷേരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയില്‍ മോചിതരാക്കില്ലെന്നും അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷം ഭീകരവാദികളേയും കല്ലെറിയുന്നവരേയുമൊക്കെ ജയില്‍ മോചിതരാക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടത്. ഫറൂഖ് അബ്ദുള്ള ജമ്മു മലനിരകളിലെ ഭീകരവാദത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇത് മോദി സര്‍ക്കാരാണ്. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഒരു ഭീകരവാദിയേയും മോചിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണവുമില്ലെന്നാണ് രാഹുല്‍ ഗാന്ധിയോടും ഫറൂഖ് അബ്ദുള്ളയോടും പറയാനുള്ളത്. യുവാക്കളെ സിംഹങ്ങളെന്ന് വിശേഷിപ്പിച്ച അമിത് ഷാ അവരോടാണ് തനിക്ക് സംസാരിക്കേണ്ടതെന്നും പാകിസ്താനോടല്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി നിര്‍മിച്ച ഭൂഗര്‍ഭ നിലവറയുടെ അവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.അതിര്‍ത്തിക്കപ്പുറത്തേക്ക് വെടിവെക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അങ്ങനെ വെടിവെച്ചാല്‍ ഷെല്ലുകളുപയോഗിച്ച് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമുള്‍പ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ആവശ്യം അമിത് ഷാ ശക്തമായി എതിര്‍ത്തു.

''ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്നാണ് ഫറൂഖ് അബ്ദുള്ള പറയുന്നത്. എന്നാല്‍ ആര്‍ക്കും തന്നെ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനാകില്ല. ഇന്ന് ബങ്കറുകള്‍ ആവശ്യമില്ല കാരണം ആരും തന്നെ വെടിവെക്കാന്‍ ധൈര്യപ്പെടുന്നില്ല. അഥവാ വെടിയുതിര്‍ത്താല്‍ തിരിച്ചും വെടിയുണ്ടകള്‍കൊണ്ട് മറുപടി നല്‍കും. ഷെയ്ഖ് അബ്ദുള്ളയുടെ കൊടി ഇവിടെ പാറിക്കണമെന്നാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ത്രിവര്‍ണ്ണപതാക മാത്രമേ ഇനി കശ്മീരിന്റെ മണ്ണില്‍ ഉയരുകയുള്ളു ' അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷവും ജമ്മു കശ്മീരില്‍ ഭീകരവാദം തുടര്‍ന്നുപോന്നു. 30 വര്‍ഷത്തില്‍ 3,000 ദിവസവും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 40,000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടു. കശ്മീര്‍ കത്തുമ്പോള്‍ ഫറൂഖ് അബ്ദുള്ള ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു .

മൂന്നുഘട്ടങ്ങളിലായുള്ള ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബര്‍ 18 നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. സെപ്റ്റംബര്‍ 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളിലാണ് ഇനിയുള്ള രണ്ട് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.

Tags:    

Similar News