സാല്‍വാ ജുദൂമിനെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് കൊണ്ട് ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും സുദര്‍ശന്‍ റെഡ്ഡി പിന്തുണച്ചു; അദ്ദേഹത്തെ കോണ്‍ഗ്രസ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കിയത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്താല്‍; രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സുദര്‍ശന്‍ റെഡ്ഡിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയും സുപ്രീംകോടതി മുന്‍ ജസ്റ്റിസുമായ ബി. സുദര്‍ശന്‍ റെഡ്ഡിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുദര്‍ശന്‍ റെഡ്ഡി നക്‌സലിസത്തെ പിന്തുണച്ചെന്നും, ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്താലാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതെന്നും അമിത് ഷാ കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആരോപിച്ചു.
ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും പിന്തുണച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധി നക്്‌സലിസത്തെ തുടച്ചുനീക്കുന്നതില്‍ വിഘാതമായി എന്ന് അദ്ദേഹം പറഞ്ഞു. അത്തരം വിധികള്‍ പുറപ്പെടുവിച്ചില്ലായിരുന്നെങ്കില്‍ 2020-ഓടെ തീവ്രവാദം തുടച്ചുനീക്കപ്പെടുമായിരുന്നു. കേരളവും നക്‌സലിസത്തിന്റെയും തീവ്രവാദത്തിന്റെയും കെടുതികള്‍ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി പോലുള്ള ഒരു വേദി ഉപയോഗിച്ച് ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും പിന്തുണയ്ക്കുന്ന ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും അമിത് ഷാ പറഞ്ഞു.
2011-ല്‍ ജസ്റ്റിസുമാരായ സുദര്‍ശന്‍ റെഡ്ഡിയും എസ്.എസ്. നിജ്ജാറും ഉള്‍പ്പെട്ട സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് മാവോവാദി ഭീഷണിയെ നേരിടാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ രൂപം നല്‍കിയ സല്‍വാ ജുദൂം എന്ന സായുധ സംഘടനയെ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കണ്ട് പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാര്‍ഥിയായ സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം. നിലവിലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് പിന്നിലെ രാഷ്ട്രീയ സാഹചര്യം ഈ ആരോപണങ്ങളോടെ കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്