ഓപ്പറേഷൻ സിന്ദൂർ വൻ വിജയം; ആരെങ്കിലും നമ്മളെ ആക്രമിച്ചാൽ ‘ഷെൽ’ ഉപയോഗിച്ച് മറുപടി നൽകും; പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നൽകി അമിത് ഷാ
മുംബൈ: പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയിലെ നന്ദേഡ് ജില്ലയിൽ നടന്ന ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ ശൗര്യത്തെയും ധൈര്യത്തെയും അമിത് ഷാ പ്രശംസിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകൾ..
‘പാകിസ്ഥാൻ ഉറി ആക്രമിച്ചു, ഞങ്ങൾ സർജിക്കൽ സ്ട്രൈക്കിലൂടെ പ്രതികരിച്ചു. അവർ പുൽവാമ ആക്രമിച്ചു, നമ്മൾ വ്യോമാക്രമണത്തിലൂടെ മറുപടി നൽകി. പിന്നീട് അവർ പഹൽഗാമിൽ ആക്രമണം നടത്തി, ഞങ്ങൾ ഓപ്പറേഷൻ സിന്ദൂരിലൂടെ പ്രതികരിച്ചു, അവരുടെ തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചു.‘ അമിത് ഷാ വ്യക്തമാക്കി.
ഇതിനു പുറമെ ഇന്ത്യൻ സൈന്യത്തെയും അവിടുത്തെ ജനങ്ങളെയും അതിർത്തികളെയും ആരും ബുദ്ധിമുട്ടിക്കരുതെന്ന സന്ദേശം ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് മുഴുവൻ നൽകിയിട്ടുണ്ട്. അല്ലെങ്കിൽ അവർ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ആരെങ്കിലും നമ്മളെ ആക്രമിച്ചാൽ, ‘ബുള്ളറ്റിന്’ ‘ ഷെല്ല്’ കൊണ്ട് മറുപടി നൽകുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.