പാക്കിസ്ഥാന്‍ അബദ്ധം വല്ലതും കാട്ടിയാല്‍ അതിര്‍ത്തി കടന്ന് കരയുദ്ധത്തിന് ഇന്ത്യ പൂര്‍ണസജ്ജമായിരുന്നു; മോദി സര്‍ക്കാരിന്റെ കൃത്യമായ നിര്‍ദ്ദേശത്തില്‍ മൂന്നുസേനകളുടെയും സംയുക്ത നീക്കമാണ് വിജയം കണ്ടത്; 'ഓപ്പറേഷന്‍ സിന്ദൂര്‍' ഇപ്പോഴും അവസാനിച്ചിട്ടില്ല; 88 മണിക്കൂര്‍ നീണ്ട മിന്നല്‍ നീക്കത്തിന്റെ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി കരസേനാ മേധാവി
'ഓപ്പറേഷന്‍ സിന്ദൂര്‍' ഇപ്പോഴും അവസാനിച്ചിട്ടില്ല
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ അതിര്‍ത്തി കടന്ന് കരയുദ്ധത്തിന് ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമായിരുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം മെയ് 7-ന് പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ സൈനിക നീക്കം. മെയ് 7 മുതല്‍ മെയ് 10 വരെ നീണ്ടുനിന്ന 88 മണിക്കൂര്‍. 22 മിനിറ്റിനുള്ളില്‍ പ്രത്യാക്രമണം ആരംഭിച്ചു. 100-ലധികം ഭീകരരെയും നൂറോളം പാക് സൈനികരെയും ഇന്ത്യന്‍ സേന വധിച്ചു.
കരസേനാ മേധാവിയുടെ പ്രധാന വെളിപ്പെടുത്തലുകള്‍
ഓപ്പറേഷന്‍ നടന്ന 88 മണിക്കൂറില്‍ ഇന്ത്യന്‍ സൈന്യത്തെ അതിശക്തമായ രീതിയിലാണ് വിന്യസിച്ചത്. പാകിസ്ഥാന്‍ എന്തെങ്കിലും അബദ്ധം കാണിച്ചിരുന്നെങ്കില്‍ അതിര്‍ത്തി കടന്നുള്ള കരയുദ്ധത്തിന് ഇന്ത്യ തയ്യാറെടുത്തിരുന്നു. സാധാരണ ഗതിയില്‍, ചെറിയ പോരാട്ടങ്ങള്‍ പോലും ആണവായുധ ഭീഷണിയിലേക്ക് നീങ്ങുമെന്നായിരുന്നു മുന്‍പത്തെ വിലയിരുത്തല്‍. എന്നാല്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' ഈ ധാരണ തിരുത്തി കുറിച്ചു. പരമ്പരാഗത സൈനിക നടപടിക്കുള്ള സാഹചര്യം ഇന്ത്യ വര്‍ദ്ധിപ്പിച്ചു.
. 'ആ 88 മണിക്കൂറിനുള്ളില്‍, പാകിസ്ഥാന്‍ ഏതെങ്കിലും തെറ്റ് ചെയ്തിരുന്നെങ്കില്‍, കരയാക്രമണം ആരംഭിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തയ്യാറായിരുന്നു എന്ന് സൈന്യത്തിന്റെ വിന്യാസം കാണിച്ചുതന്നു,' അദ്ദേഹം പറഞ്ഞു. ഇത്തവണ ഞങ്ങള്‍ സ്വീകരിച്ച നടപടി - പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ നടന്ന വെടിവയ്പ്പും ഞങ്ങള്‍ അത് കൈകാര്യം ചെയ്ത രീതിയും - പരമ്പരാഗത സൈനിക നടപടികള്‍ക്കുള്ള സാധ്യത ഞങ്ങള്‍ വികസിപ്പിച്ചു എന്ന് കാണിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനയൊടിഞ്ഞ ആണവ ഭീഷണി
പാകിസ്ഥാന്റെ കാലാകാലങ്ങളായുള്ള ആണവായുധ ഭീഷണിയെ ഇന്ത്യയുടെ കൃത്യതയാര്‍ന്ന സൈനിക നീക്കം നിഷ്പ്രഭമാക്കി. കര, നാവിക, വ്യോമ സേനകളുടെ കൃത്യമായ ഏകോപനവും രാഷ്ട്രീയ നേതൃത്വത്തിന്റെ വ്യക്തമായ നിര്‍ദ്ദേശവുമാണ് വിജയത്തിന് പിന്നിലെന്ന് ജനറല്‍ ദ്വിവേദി ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിലെ സുരക്ഷാ നില മെച്ചപ്പെട്ടതായും ഭീകരവാദം തകര്‍ച്ചയുടെ വക്കിലാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.
സുരക്ഷാ സൂചികകള്‍ നിലവിലെ അവസ്ഥ (2025-26)
കൊല്ലപ്പെട്ട ഭീകരര്‍ - 31 പേര്‍ (ഇതില്‍ 65% പാക് വംശജര്‍)
പ്രാദേശിക ഭീകരര്‍ - ഒറ്റസംഖ്യയിലേക്ക് ചുരുങ്ങി
പുതിയ റിക്രൂട്ട്മെന്റ്-ഏകദേശം പൂജ്യം
സജീവ ഭീകര ക്യാമ്പുകള്‍- അതിര്‍ത്തിക്കപ്പുറം 8 ക്യാമ്പുകള്‍ നിരീക്ഷണത്തില്‍
പാക്കിസ്ഥാന് മുന്നറിയിപ്പ്
പാകിസ്ഥാന്‍ ഇനിയും ഭീകരവാദത്തിന് കൂട്ടുനിന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ജനറല്‍ ദ്വിവേദി മുന്നറിയിപ്പ് നല്‍കി. നിലവില്‍ രണ്ട് ക്യാമ്പുകള്‍ രാജ്യാന്തര അതിര്‍ത്തിക്ക് അപ്പുറവും ആറെണ്ണം നിയന്ത്രണരേഖയ്ക്ക് (LoC) അപ്പുറവും സജീവമാണ്. ഇന്ത്യ ഇവയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.'ജയ്' (JAI - Jointness, Atmanirbharta, Innovation): സംയുക്ത നീക്കം, സ്വയംപര്യാപ്തത, നൂതനാശയങ്ങള്‍ എന്നീ മൂന്ന് ലക്ഷ്യങ്ങളിലൂന്നിയാണ് ഇന്ത്യന്‍ സൈന്യം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈനിക, സിവിലിയന്‍ സ്ഥാപനങ്ങളെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും, ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ മെയ് 10-ന് വെടിനിര്‍ത്തല്‍ ധാരണക്കായി ഇസ്ലാമാബാദിന് ന്യൂഡല്‍ഹിയെ സമീപിക്കേണ്ടി വന്നു.. 'ഓപ്പറേഷന്‍ സിന്ദൂര്‍' ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നത് തുടരുകയാണെങ്കില്‍ ഇന്ത്യ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
