ഡല്‍ഹിയുടെ ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവ്; മനീഷ് ഗുപ്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് കടുത്ത ആരോപണവുമായി അതിഷി മര്‍ലേന; രേഖാ ഗുപ്തയുടെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കുന്ന പ്രസ്താവന എന്ന് ബിജെപി
ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവെന്ന ആരോപണവുമായി അതിഷി മര്‍ലേന.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരില്‍ ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവെന്ന കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന. ഇതോടെ തലസ്ഥാനത്ത് വീണ്ടും രാഷ്ട്രീയവിവാദം പൊട്ടിപ്പുറപ്പെട്ടു. ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവിന്റെ സാന്നിധ്യം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഔദ്യോഗിക യോഗത്തില്‍ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അതിഷി ആഞ്ഞടിച്ചത്. രേഖാ ഗുപ്തയുടെ ഭര്‍ത്താവ് മനീഷ് ഗുപ്ത എംസിഡി, ഡിജെബി, പിഡബ്ല്യൂഡി, ഡിയുഎസ്ഐബി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രമാണ് അതിഷി പങ്കുവച്ചത്.
മുഖ്യമന്ത്രിയുടെ ഭര്‍ത്താവ് അനൗദ്യോഗികമായി ഭരണം നടത്തുന്നുവെന്നാണ് അതിഷിയുടെ പോസ്റ്റിലുളളത്. 'ഈ ചിത്രം നോക്കൂ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടത്തുന്നത് രേഖാ ഗുപ്തയുടെ ഭര്‍ത്താവ് മനീഷ് ഗുപ്തയാണ്'- അതിഷി പോസ്റ്റില്‍ കുറിച്ചു. സര്‍പഞ്ച് വ്യവസ്ഥയോടാണ് (ഗ്രാമീണ ഭരണത്തില്‍ തിരഞ്ഞെടുക്കുന്ന വനിതാ നേതാവിന്റെ ഭര്‍ത്താവ് ഭരണം നടത്തുന്നതിനോടാണ്) അതിഷി ഇത് താരതമ്യം ചെയ്തിരിക്കുന്നത്.
'ഒരു ഗ്രാമത്തില്‍ വനിതയെ പ്രധാന നേതാവായി തിരഞ്ഞെടുത്താല്‍ അവരുടെ ഭര്‍ത്താവായിരിക്കും എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്ന് നമ്മള്‍ മുന്‍പ് കേട്ടിരുന്നു. സ്ത്രീകള്‍ക്ക് എങ്ങനെ ഭരണം നടത്തണമെന്ന് അറിയില്ലാത്ത അവസ്ഥയിലാണ് ഇത്തരത്തില്‍ ചെയ്യുന്നത്. എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായിരിക്കണം, ഒരു വനിതാ മുഖ്യമന്ത്രിയുടെ ഭര്‍ത്താവ് ഭരണം നടത്തുന്നതും ആദ്യത്തെ സംഭവമാണ്'- അവര്‍ പോസ്റ്റില്‍ കുറിച്ചു.
ഡല്‍ഹിയില്‍ ഏറി വരുന്ന വൈദ്യുതി മുടക്കവും സ്വകാര്യ സ്‌കൂള്‍ ഫീസ് വര്‍ദ്ധനവും അതിഷി ഉന്നയിച്ചു. 'ഈ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയുമായി ബന്ധപ്പെട്ടതാണോ? രേഖാ ഗുപ്തയ്ക്ക് ഭരണം എങ്ങനെ നടത്തണമെന്ന് അറിയില്ലേ? എല്ലാ ദിവസവും വൈദ്യുതി മുടക്കമുണ്ടാകുന്നതിന്റെ കാരണം എന്താണ്. ഇതൊക്കെ അങ്ങേയറ്റം അപകടകരമാണ്'- അതിഷി പറഞ്ഞു.
രേഖാ ഗുപ്തയുടെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് അതിഷി നടത്തിയതെന്ന് ബിജെപി ആരോപിച്ചു. അതിഷിയും ഒരു സ്ത്രീയാണ്. എന്നിട്ടും മറ്റൊരു വനിതാ നേതാവിനെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത് അമ്പരപ്പിക്കുന്നതാണ്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി പദവിയടക്കം വഹിച്ചിട്ടുള്ള ആളാണ് രേഖാ ഗുപ്ത. അവരുടെ ഭര്‍ത്താവ് അവരെ സഹായിക്കുന്നതില്‍ തെറ്റോ അധാര്‍മികതയോ ഇല്ലെന്നും ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. ആംആദ്മി പാര്‍ട്ടിയില്‍ മുന്‍പ് സംഭവിച്ച കാര്യങ്ങള്‍ അറിയില്ലേ? ഡല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ജയിലിലായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സുനിത കേജ്രിവാള്‍ ഓഫീസില്‍ വച്ച് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അത് ജനാധിപത്യത്തിന് അപമാനമായില്ലേ?'- അദ്ദേഹം ചോദിച്ചു.