ലക്ഷദ്വീപ് ബിജെപി യില്‍ അഴിച്ച് പണി തുടങ്ങി; എസ് എം ഷംസുദീന് മീഡിയാ കണ്‍വീനറുടെ ചുമതല; സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ അടിമുടി മാറ്റം ലക്ഷ്യം
കവരത്തി : ലക്ഷദ്വീപ് ബിജെപി യില്‍ സമ്പൂര്‍ണ്ണ അഴിച്ച് പണിയാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. പുതിയ മീഡിയാ കണ്‍വീനറെ നിയമിച്ചത് ഇതിന്റെ ഭാഗമാണ്. യുവമോര്‍ച്ച അദ്ധ്യക്ഷനായി അഡ്വ. പി എം മുഹമ്മദ് സാലിഹിനെ നിയമിച്ചതിന് പിന്നാലെയാണ് ഷംസുദീന് മീഡിയാ കണ്‍വീനറുടെ ചുമതല നല്‍കിയത്.
ദ്വീപിലെ അനധികൃത നിര്‍മ്മാണം , ജീവനക്കാരുടെ പിരിച്ച് വിടല്‍ അങ്ങനെ പല വാര്‍ത്തകളിലും പാര്‍ട്ടി പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് മീഡിയാ കണ്‍വീനറുടെ മാറ്റം. നേരത്തെ തന്നെ കൊച്ചിയില്‍ വീട്ട് വേലക്കാരിയായ ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ശിവപ്രസാദ് എങ്ങനെ ലക്ഷദ്വീപില്‍ നടന്ന ബി ജെ പി യുടെ പരിപാടിയില്‍ പങ്കെടുത്തു എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഇയ്യാള്‍ ദ്വീപിലെത്തി മദ്യപിച്ച് ബഹളം വച്ച് കയ്യാങ്കളിയോളമെത്തിയ സംഭവവും പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു.
എന്തായാലും സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ കര്‍ഷക മോര്‍ച്ച മുന്‍ ജനറല്‍ സെക്രട്ടറി ഷംസുദീന് മീഡിയാ കണ്‍വീനറുടെ ചുമതല നല്‍കി പാര്‍ട്ടി അഴിച്ച് പണിക്ക് തുടക്കമിട്ടു .സംഘടനാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടിക പുറത്ത് വിട്ടുകൊണ്ട് സംഘടനാ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന വ്യക്തമായ സന്ദേശവും അദ്ധ്യക്ഷന്‍ കെ. എന്‍ കാസ്മി കോയ നല്‍കി . എന്നാല്‍ ചില മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ നിന്ന് ബോധ പൂര്‍വ്വം ഒഴിവായി എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമടക്കം 26 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്.
മിനിക്കോയിയില്‍ നിന്ന് ജില്ലാ പ്രസിഡന്റ് മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. എന്നാല്‍ പരാതികളും ആക്ഷേപവും ഉണ്ടെങ്കില്‍ പരിഹരിക്കാമെന്ന നിലപാടിലാണ് അദ്ധ്യക്ഷന്‍ . കുലം കുത്തികള്‍ക്കും ഒറ്റുകാര്‍ക്കും സംഘടനയില്‍ സ്ഥാനമുണ്ടാകില്ലെന്ന നിലപാടിലാണ് നേതൃത്വം . ശിവപ്രസാദിന്റെ ദ്വീപ് സന്ദര്‍ശന വേളയിലെ കയ്യാങ്കളിയെ എതിര്‍ത്ത മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ പട്ടികയില്‍ ഇടം പിടിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കൊച്ചി കേന്ദ്രീകരിച്ച് പാര്‍ട്ടി വിരുദ്ധര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പലരുടേയും വഴിവിട്ട ബന്ധങ്ങള്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമാണെന്ന് നേതൃത്വം തിരിച്ചറിയണമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പണ്ടാര ഭൂമി വിഷയത്തിലും യാത്രാ പ്രതിസന്ധിയിലും പാര്‍ട്ടിക്കെതിരായ വാര്‍ത്തകള്‍ പോയത് പാര്‍ട്ടിക്കുള്ളില്‍ നിന്നാണെന്നും പാര്‍ട്ടിയിലെ ചിലര്‍ മാധ്യമ പ്രവര്‍ത്തകരെ കൂട്ട് പിടിച്ച് സ്വാധീനിച്ച് നടത്തിയ നീക്കങ്ങള്‍ തിരിച്ചറിയണമെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു .
കൊച്ചിയിലെ ചില ഹോട്ടലുകള്‍ മാധ്യമ പ്രവര്‍ത്തകനായി ബുക്ക് ചെയ്ത് ചിലര്‍ നടത്തിയ ആഘോഷങ്ങള്‍ തിരിച്ചറിയണമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മീഡിയാ കണ്‍വീനറുടെ ചുമതലയില്‍ ഷംസുദീന്‍ എത്തുന്നതോടെ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തോടെ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം . ചതിയും വഞ്ചനയും ശീലമാക്കിയ കരിങ്കാലികളില്‍ നിന്നുള്ള മോചനമാണ് പാര്‍ട്ടിക്ക് വേണ്ടതെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ദ്വീപിലെ പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ സംഘടനാ തെരഞ്ഞെടുപ്പോടെ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ .