തെരഞ്ഞെടുപ്പ് ഫലം എതിരാകുമ്പോള്‍ രാഹുല്‍ ഗാന്ധി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റം പറയുന്നു, ഗൂഢാലോചന ആരോപിക്കുന്നു; വിജയങ്ങള്‍ വരുമ്പോള്‍ അതേ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു മടിയും കൂടാതെ സ്വീകരിക്കുന്നു; കേരളത്തിലെ യുഡിഎഫ് വിജയം വോട്ട് ചോരിക്കെതിരെ ആയുധമാക്കി ബിജെപി

തെരഞ്ഞെടുപ്പ് ഫലം എതിരാകുമ്പോള്‍ രാഹുല്‍ ഗാന്ധി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റം പറയുന്നു

Update: 2025-12-14 08:18 GMT

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയ വിജയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി. രാഹുല്‍ ഉയര്‍ത്തിയ വോട്ടു ചോരി ആരോപണത്തെ ചെറുക്കാന്‍ വേണ്ടിയാണ് വിഷയത്തില്‍ യുഡിഎഫ് വിജയം ബിജെപി ഉപയോഗപ്പെടുത്തുന്നത്. കേരളത്തില്‍ യുഡിഎഫ് നേടിയ വിജയത്തെ ആഘോഷമാക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഉള്‍പ്പെടെ ഉയര്‍ത്തിയാണ് ബിജെപി നീക്കം നടത്തുന്നത്. ബിജെപി ഐടി സെല്‍ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യയാണ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം എതിരാകുമ്പോള്‍ രാഹുല്‍ ഗാന്ധി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റം പറയുന്നു. ഗൂഢാലോചന ആരോപിക്കുന്നു. വോട്ട് ചോരി ആക്ഷേപം ഉന്നയിക്കുന്നു. എന്നാല്‍ വിജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു മടിയും കൂടാതെ സ്വീകരിക്കാന്‍ തയ്യാറാകുന്നു എന്നാണ് അമിത് മാളവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്താണ് അമിത് മാളവ്യയുടെ പ്രതികരണം.

ഒരു തെരഞ്ഞെടുപ്പ് ഫലം തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ നടക്കാതെ വരുമ്പോഴെല്ലാം, രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇവിഎമ്മുകളെ കുറ്റപ്പെടുത്തുക, 'വോട്ട് ചോരി' എന്ന് ആരോപിക്കുകയും സംവിധാനങ്ങളെ ചോദ്യം ചെയ്യാനും മുതിരുന്നു. എന്നാല്‍, വിജയങ്ങള്‍ വരുമ്പോള്‍ അതേ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു മടിയും കൂടാതെ സ്വീകരിക്കുന്നു.

പ്രത്യേക താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഒരു സംവിധാനത്തിന്കീഴില്‍ നിങ്ങള്‍ക്ക് വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍, നിങ്ങള്‍ തോല്‍ക്കുമ്പോള്‍ അതേ സംവിധാനത്തെ അപമാനിക്കാന്‍ മുതിരരുത്. ഇത്തരം സമീപനം ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും പൊതുജന വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും.


പ്രതിപക്ഷം ബദലാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം സ്ഥിരതയും ഉത്തരവാദിത്തവും കാണിക്കണം. തെളിവുകളില്ലാതെ തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ സമഗ്രതയെയും ജനാധിപത്യ ധാര്‍മ്മികതയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ഒരു നേതാവിനെക്കുറിച്ചോ ഒരു പാര്‍ട്ടിയെക്കുറിച്ചോ അല്ല പറയുന്നത്. നിലപാടുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഴത്തില്‍ വിശകലനം ചെയ്യണം. വിശ്വാസ്യത, ഉത്തരവാദിത്തം, സത്യസന്ധമായ രാഷ്ട്രീയ ആത്മപരിശോധന എന്നിവ ആവശ്യമാണ്. പരാജയപ്പെടുമ്പോഴും ജനാധിപത്യ സ്ഥാപനങ്ങളെ ബഹുമാനിക്കുന്ന നേതൃത്വമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടതെന്നും അമിത് മാളവ്യ പറയുന്നു.

Tags:    

Similar News