കര്‍ണാടകയിലെ 5.98 കോടി ജനസംഖ്യയില്‍ ഒബിസിക്കാരുടെ ആകെ ജനസംഖ്യ 4.16 കോടിയിലധികം; പട്ടികജാതി വിഭാഗത്തിന്റെ ജനസംഖ്യ 1.09 കോടിയും; വിവാദമായ ജാതി സെന്‍സസ് റിപ്പോര്‍ട്ട് അംഗീകരിച്ചു കര്‍ണാടക മന്ത്രിസഭ; ഒബിസി സംവരണം 51 ശതമാനമായി ഉയര്‍ത്താന്‍ ശുപാര്‍ശ
കര്‍ണാടകയിലെ 5.98 കോടി ജനസംഖ്യയില്‍ ഒബിസിക്കാരുടെ ആകെ ജനസംഖ്യ 4.16 കോടിയിലധികം
ബംഗളൂരു: കര്‍ണാടകയില്‍ ജാതിസെന്‍സസിന് പിന്നാലെ ഒബിസി സംവരണം 51 ശതമാനമായി ഉയര്‍ത്താന്‍ ശുപാര്‍ശ. വിവാദമായ ജാതിസെന്‍സസ് അംഗീകരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. കര്‍ണാടകയിലെ ഒബിസി വിഭാഗത്തിലുള്ള സംവരണം 51 ശതമാനമായി ഉയര്‍ത്താന്‍ ജാതി സെന്‍സസ് കമീഷനാണ് ശുപാര്‍ശ ചെയ്തത്. ഇന്നലെ സമര്‍പ്പിച്ച ജാതി സെനസസ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
നിലവിലുള്ള 32 സതമാനത്തില്‍ നിന്നും 51 ശതമാനമാക്കാനാണ് നിര്‍ദേശം. ശുപാര്‍ശ നടപ്പിലാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ മൊത്തം സംവരണം 85 ശതമാനമായി ഉയരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനവും, പട്ടികജാതി, പട്ടികവര്‍ഗ (എസ്സി/എസ്ടി) വിഭാഗങ്ങള്‍ക്ക് 24 ശതമാനവും സംവരണമാണ് നിലവിലുള്ളത്.
സമീപകാല സര്‍വേയുടെ അടിസ്ഥാനത്തില്‍, സംസ്ഥാനത്തെ ജനസംഖ്യയുടെ 70 ശതമാനവും പിന്നാക്ക വിഭാഗക്കാരാണ്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 51ശതമാനം സംവരണം നടപ്പിലാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. തമിഴ്നാട്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ യഥാക്രമം ജനസംഖ്യയ്ക്ക് അനുപാതമായി 69 ശതമാനവും 77 ശതമാനവും നിലവിലുണ്ട്.
സര്‍വേ പ്രകാരം, കര്‍ണാടകയിലെ ആകെയുള്ള ജനസംഖ്യയായ 5.98 കോടിയില്‍ മറ്റ് പിന്നാക്ക ജാതിക്കാരുടെ (ഒബിസി) ആകെ ജനസംഖ്യ 4.16 കോടിയിലധികമാണ്. പട്ടികജാതി വിഭാഗത്തിന്റെ ജനസംഖ്യ 1.09 കോടിയും പട്ടികവര്‍ഗ ജനസംഖ്യ 42 ലക്ഷത്തിലധികമെന്നുമാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ചയാണ് വിവാദമായ ജാതി സെന്‍സസ് റിപ്പോര്‍ട്ട് കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചത്. ആറ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. 2015ല്‍ കര്‍ണാടക പിന്നാക്കവിഭാഗ കമീഷന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. എച്ച് കാന്തരാജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍വേ കെ ജയപ്രകാശാണ് പൂര്‍ത്തീകരിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിവിധ ജതി- മത വിഭാഗങ്ങളെപ്പറ്റിനടത്തിയ പഠനറിപ്പോര്‍ട്ടില്‍ 50 അധ്യായങ്ങളുണ്ട്.
2015ല്‍ കര്‍ണാടകയിലെ ജനസംഖ്യ 6.35 കോടി ആയിരുന്നുവെന്നും സര്‍വേയില്‍ 5.98 കോടി ജനങ്ങളെ പരിഗണിച്ചതെന്നുമാണ് മന്ത്രി അറിയിച്ചത്. 37 ലക്ഷം പേര്‍ മാത്രമാണ് സര്‍വേ വിവരങ്ങളില്‍ നിന്ന് പുറത്തായതെന്നും ഇത് ആകെ ജനസംഖ്യയുടെ 5.83 ശതമാനം മാത്രമേ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. 162 കോടി രൂപ ചിലവില്‍ 1,60,000 ഔദ്യോഗിക പ്രതിനിധികളാണ് സര്‍വേ നടത്തിയത്.