2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം; അടിക്കടി തിരഞ്ഞെടുപ്പ് രാജ്യപുരോഗതിക്ക് വിഘാതമെന്ന നിലപാടില്‍ ഉറച്ച് പ്രധാനമന്ത്രി; ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ പച്ചക്കൊടി
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ പച്ചക്കൊടി
ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നിര്‍ദ്ദേശത്തിന് കന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നയിച്ച സമിതിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്.
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലയളവില്‍ യാഥാര്‍ഥ്യമാക്കുമെന്ന് നേരത്തെ തന്നെ നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ചു നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.ഘടകകക്ഷികളുടെ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. ഈ ആശയത്തെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍-യു ദേശീയ വര്‍ക്കിങ് പ്രസിഡന്റും രാജ്യസഭാ എം.പി.യുമായ സഞ്ജയ് ഝാ വ്യക്തമാക്കിയിരുന്നു.
സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദിസര്‍ക്കാര്‍ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനും തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ച് കോവിന്ദ് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നും പൊള്ളയായ പ്രഖ്യാപനങ്ങളിലൂടെ സര്‍ക്കാരിന് എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.