റോഡിൽ വൈറ്റ് ടൊയോട്ട ഫോർച്ചുണറിന്റെ തേരോട്ടം; എല്ലാ വഴികളും ബ്ലോക്ക് ആക്കി സുഖ യാത്ര; പൊടുന്നനെ മുൻ സീറ്റിലിരുന്ന ആളെ ശ്രദ്ധിച്ച് ആ മൂന്നാം കണ്ണ്; നിമിഷ നേരം കൊണ്ട് 7 നോട്ടീസുകൾ കിട്ടി ശനിദശ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ഒടുവിൽ ഗതാഗത നിയമ ലംഘനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പണികിട്ടുമ്പോൾ

Update: 2025-09-06 05:21 GMT

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ട്രാഫിക് പോലീസിൽ നിന്ന് 7 നോട്ടീസുകൾക്ക് 2500 രൂപ പിഴ അടച്ചു. ഔദ്യോഗിക വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതും അമിതവേഗതയുമാണ് നിയമലംഘനങ്ങളിൽ പ്രധാനപ്പെട്ടവ. ഇത് സംബന്ധിച്ച ചിത്രങ്ങൾ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകളും വിമർശനങ്ങളും ഉയർന്നിരുന്നു.

അടുത്തിടെയാണ് കർണാടക സർക്കാർ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാൻ നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവിംഗ് സംബന്ധിച്ച നിയമലംഘനങ്ങൾ കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്തത്. ലഭിച്ച 7 നോട്ടീസുകളിലായി 2500 രൂപയാണ് പിഴയായി അടച്ചത്. ലഭിച്ച നോട്ടീസുകളിലെ പിഴത്തുകയുടെ 50 ശതമാനം ഇളവ് ചെയ്ത ശേഷമാണ് ഈ തുക അടച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഔദ്യോഗിക വാഹനമായ ഫോർച്യൂണറിന്റെ മുൻ സീറ്റിൽ മുഖ്യമന്ത്രി സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ സഹിതമാണ് ആറ് നോട്ടീസുകൾ അയച്ചിട്ടുള്ളത്. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമിതവേഗതയിൽ വാഹനം ഓടിച്ചതിനാണ് ഏഴാമത്തെ നോട്ടീസ് നൽകിയത്.

മുഖ്യമന്ത്രിക്ക് ഗതാഗത നിയമലംഘനത്തിന് നോട്ടീസ് ലഭിച്ച സംഭവം ചിത്രങ്ങളടക്കം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയർന്നിരുന്നു. "സർക്കാർ ഇളവ് മുതലെടുത്ത് പിഴ അടയ്ക്കുന്നു" എന്ന തരത്തിലുള്ള പ്രതികരണങ്ങൾ വ്യാപകമായിരുന്നു. എന്നാൽ, നോട്ടീസ് ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയമപരമായ നടപടികൾ പൂർത്തിയാക്കി പിഴയടയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നടപടിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളതെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതക്ക് ഇത് ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നു.

ബംഗളൂരു നഗരത്തിൽ വർധിച്ചുവരുന്ന ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് വ്യാപകമായ പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ട്രാഫിക് പോലീസ് കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നത്. ഇത്തരം നടപടികൾ പൊതുജനങ്ങളിൽ നിയമബോധം വളർത്തുമെന്നും സുരക്ഷിതമായ റോഡ് യാത്രകൾക്ക് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടി, നിയമലംഘനങ്ങൾക്ക് ഉന്നതരിൽ പോലും വിട്ടുവീഴ്ചയില്ലെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്.

Tags:    

Similar News